2026-ലെ പത്മ പുരസ്‌കാര പ്രഖ്യാപനത്തിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പ്രഖ്യാപിച്ച മൂന്ന് പത്മ പുരസ്കാരങ്ങൾ സ്വാഗതാർഹമാണ് എന്ന് പറഞ്ഞ കെ മുരളീധരൻ എന്നാൽ മറ്റ് പുരസ്കാരങ്ങളെ കുറിച്ച് അഭിപ്രായം പറയുന്നില്ലെന്നും കൂട്ടിച്ചേർത്തു.
വി എസ് അച്യുതാനന്ദന് നൽകിയ മരണാനന്തര ബഹുമതിയായി നൽകിയ പത്മവിഭൂഷൺ ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ സമൂഹത്തിന് ചെയ്ത അംഗീകാരമാണ്. നടൻ മമ്മൂട്ടിയ്ക്ക് ലഭിച്ച പത്ഭൂഷൺ ബഹുമതി കലാ രംഗത്ത് അദ്ദേഹം ചെയ്ത സേവനത്തിനുള്ള അംഗീകാരമാണ്. അതുപോലെയാണ് ശ്രീമതി വിമലാ മേനോന് നൽകിയ പത്മശ്രീയും. ഈ മൂന്ന് അംഗീകാരങ്ങളും അഭിമാനമുള്ളതാണ് എന്നും കെ മുരളീധരൻ പറഞ്ഞു.
അതേസമയം പത്മ പുരസ്കാരങ്ങൾ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കരുതെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു. അത് ശരിയായ നടപടി അല്ല. ഇതിലൊക്കെ ചില ദുരുദ്ദേശങ്ങൾ ജനങ്ങൾ കാണുന്നുണ്ട്. അത് തെറ്റാണെന്ന് പറയാൻ കഴിയില്ലെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു. അതിനിടെ
മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്ത് സിപിഐഎം രംഗത്തെത്തി. പുരസ്കാര പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.