സംസ്ഥാനത്ത് രണ്ട് ജില്ലകളിലായി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ മൂന്ന് യുവതികളെ പൊലീസ് കാപ്പ ചുമത്തി. തൃശൂരില്‍ രണ്ട് യുവതികളെയും എറണാകുളത്ത് ഒരാളെയുമാണ് കാപ്പ ചുമത്തിയത്. തൃപ്രയാര്‍ കരയാമുട്ടം ചിക്കവയലില്‍ വീട്ടില്‍ സ്വാതി (28), വലപ്പാട് ഇയ്യാനി ഹിമ (25) എന്നിവര്‍ക്കെതിരെയാണ് തൃശൂരില്‍ കാപ്പ ചുമത്തിയത്.
വലപ്പാട് പൊലീസ് ആണ് ഇരുവര്‍ക്കും കാപ്പ ചുമത്തിയിരിക്കുന്നത്. ഇവര്‍ ആറ് മാസം കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി ഓഫീസില്‍ വന്ന് ഒപ്പുവയ്ക്കണം. കവര്‍ച്ചാക്കേസിലും വീടുകയറി ആക്രമണം നടത്തിയ കേസിലും പ്രതികളാണ് ഇവര്‍. നാട്ടിക ബീച്ച് സ്വദേശിയായ യുവാവിനെ ലോഡ്ജ് മുറിയില്‍ പൂട്ടിയിട്ട് ആക്രമിച്ച് പണവും വസ്തുക്കളും തട്ടിയെടുത്ത സംഭവത്തില്‍ കഴിഞ്ഞ വര്‍ഷം അവസാനം ഇവര്‍ പിടിയിലായിരുന്നു.
എറണാകുളത്ത് ഹില്‍പ്പാലസ് പൊലീസ് ആണ് നിരവധി കേസുകളില്‍ പ്രതിയായ കരിങ്ങാച്ചിറ പാലത്തിങ്കല്‍ സൂര്യപ്രഭ (21)യെ കാപ്പചുമത്തി നാടുകടത്തിയത്. ഹില്‍പ്പാലസ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതിയായ സൂര്യപ്രഭയെ സിറ്റി പൊലീസ് കമ്മിഷണറുടെ ഉത്തരവ് പ്രകാരമാണ് നാടുകടത്തിയത്.