വ്യവസായിയും കോൺഗ്രസ് എംപി പ്രിയങ്കാ ഗാന്ധിയുടെ പങ്കാളിയുമായ റോബർട്ട് വാദ്രയ്ക്ക് വീണ്ടും സമൻസ് അയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കളളപ്പണം വെളുപ്പിക്കൽ കേസിൽ ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് സമൻസ്. വാദ്ര ഇന്ന് ഇഡിക്കു മുന്നിൽ ഹാജരാകുമെന്നാണ് സൂചന. ഒളിവിൽ കഴിയുന്ന ആയുധ വ്യാപാരിയായ സഞ്ജയ് ഭണ്ഡാരിയുമായി ബന്ധപ്പെട്ടതാണ് കേസ്.
നേരത്തെ ജൂൺ പത്തിന് ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടിരുന്നെങ്കിലും തീയതി മാറ്റി നൽകാൻ റോബർട്ട് വാദ്ര ആവശ്യപ്പെടുകയായിരുന്നു. യുപിഎ ഭരണകാലത്ത് വാദ്രയ്ക്ക് സഞ്ജയ് ഭണ്ഡാരിയുമായി സാമ്പത്തിക ബന്ധമുണ്ടായിരുന്നെന്നും ഷെൽ കമ്പനികളെ ഉപയോഗിച്ച് ലണ്ടനിൽ സ്വത്തുക്കൾ വാങ്ങിയെന്നുമാണ് ഇഡിയുടെ ആരോപണം. ഇഡിയുടെ വാദം റോബർട്ട് വാദ്ര നിഷേധിച്ചിരുന്നു.
ഒളിവിൽ കഴിയുന്ന ആയുധ വ്യാപാരിയായ സഞ്ജയ് ഭണ്ഡാരി കളളപ്പണം വെളുപ്പിക്കൽ, വിദേശനാണ്യ നിയമലംഘനം തുടങ്ങിയ കുറ്റങ്ങൾക്ക് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ), ആദായനികുതി വകുപ്പ്, ഡൽഹി പൊലീസ് തുടങ്ങിയ ഏജൻസികളുടെ അന്വേഷണം നേരിടുന്നയാളാണ്. 2016ൽ ഇന്ത്യ വിട്ട ഭണ്ഡാരി ഇപ്പോൾ ലണ്ടനിലാണ് ഉളളത്. സഞ്ജയ് ഭണ്ഡാരിയെ ഇന്ത്യയിലെത്തിക്കാനുളള നീക്കം നേരത്തെ തന്നെ ഇന്ത്യ നടത്തിയിരുന്നു.
2022 നവംബറിൽ ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതി ഭണ്ഡാരിയെ കൈമാറാൻ അനുമതി നൽകിയിരുന്നു. 2023ൽ യുകെ ആഭ്യന്തര സെക്രട്ടറി ഈ ഉത്തരവ് അംഗീകരിക്കുകയും ചെയ്തു. എന്നാൽ ഭണ്ഡാരി യുകെ ഹൈക്കോടതിയിൽ ഈ തീരുമാനത്തെ ചോദ്യം ചെയ്ത് ഹർജി നൽകിയിരിക്കുകയാണ്. ഇന്ത്യയിലെത്തിയാൽ താൻ ജയിലിൽ കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്ന് ആരോപിച്ചാണ് ഇയാൾ കോടതിയെ സമീപിച്ചത്.