ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധി പറയും. ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ക്കില്ലെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ വ്യക്തമാക്കിയത്. എന്നാല്‍ ഇന്നും കേസില്‍ പ്രോസിക്യൂഷന്‍ ജാമ്യപേക്ഷയെ എതിര്‍ത്തു.
മനുഷ്യക്കടത്തും മതപരിവര്‍ത്തനവും നടന്നുവെന്ന വാദമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഉയര്‍ത്തിയത്. കേസ് പരിഗണിച്ചതിന് പിന്നാലെ കേസ് ഡയറി സമര്‍പ്പിക്കാന്‍ എന്‍ഐഎ കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കേസ് ഡയറി പരിശോധിച്ചതിന് പിന്നാലെയാണ് വിധി പറയാന്‍ നാളത്തേക്ക് മാറ്റിയത്.
കന്യാസ്ത്രീകള്‍ ഉടന്‍ പുറത്തുവരുമെന്നായിരുന്നു ബിജെപി നേതാക്കള്‍ അടക്കം ഉയര്‍ത്തിയ വാദം. എന്നാല്‍ എന്‍ഐഎ കോടതിയിലും സമാനമായി പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ എതിര്‍ക്കുകയായിരുന്നു. പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ എതിര്‍ത്തതില്‍ നിന്ന് മനസിലാക്കേണ്ടത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാക്കിന് വില ഇല്ലെന്നാണോയെന്നും ജോണ്‍ ബ്രിട്ടാസ് എംപി ചോദിച്ചു.