കോക്രോച് ജനത പാർട്ടിയുടെ സ്ഥാപകൻ അഭിജീത് ദിപ്കെ അമേരിക്കയിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങുന്നു. ജന്തർ മന്തറിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെതിരെ സമരമിരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മടക്കം.
ജൂൺ ആറിന് താൻ ഡൽഹി വിമാനത്താവളത്തിലെത്തുമെന്നും അവിടെ നിന്നും പൊലീസ് സ്റ്റേഷനിലേക്ക് പോയി ജന്തർ മന്തറിൽ സമരം ചെയ്യാൻ അനുമതി തേടുമെന്നും പറഞ്ഞ അഭിജീത് ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ സമരത്തിൽ അണിചേരാൻ രാജ്യത്തെ യുവാക്കളോട് ആവശ്യപ്പെടുകയും ചെയ്തു.
നീറ്റ് യുജി പരീക്ഷാ പേപ്പർ ചോർച്ചയടക്കം വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ടാണ് സമരം. സമാധാനപരമായുള്ള സമരത്തിനായി രംഗത്തിറങ്ങാനാണ് അഭിജീത് ആഹ്വാനം ചെയ്തിരിക്കുന്നത്. ദില്ലി വിമാനത്താവളത്തിൽ നിന്ന് ദില്ലിയിലെ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്ക് കാൽനടയായി പോകാനാണ് തീരുമാനം. ഒന്നിച്ച് ശബ്ദമുയർത്തിയാൽ അധികാരികൾക്ക് അത് കേൾക്കേണ്ടി വരുമെന്ന് അദ്ദേഹം വീഡിയോയിൽ പറഞ്ഞു.