തമിഴ്‌നാടിനെ കണ്ണീരിലാഴ്ത്തിയ കരൂർ ദുരന്തത്തിൽ ഒരു ടിവികെ പ്രാദേശിക നേതാവിനെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. കരൂർ സ്വദേശി പൗൻ രാജ് ആണ് കസ്‌റ്റഡിയിൽ ഉളളത്. ഇയാളെ കൂടാതെ ഒരു ഓൺലൈൻ മാധ്യമപ്രവർത്തകനെ കൂടി പൊലീസ് കസ്റ്റഡിയിൽ എടുത്തു.
പരിപാടിക്ക് അനുമതി തേടി നൽകിയ അപേക്ഷയിൽ ഒപ്പിട്ട ഒരാൾ ആണ് പൗൻരാജ്. കൂടാതെ ഓൺലൈൻ മാധ്യമപ്രവർത്തകൻ ഫെലിക്സ് ജെറാൾഡ് എന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്തു. യൂട്യൂബ് വീഡിയോയുടെ പേരിലാണ് രാവിലെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്‌തത്. സെന്തിൽ ബാലാജിയുടെ ഇടപെടൽ സംബന്ധിച്ച വീഡിയോയ്ക്ക് പിന്നാലെ അറസ്റ്റ്. റെഡ്പിക്സ് യൂട്യൂബ് എന്ന ചാനൽ എഡിറ്റർ ആണ് ഫെലിക്സ് ജെറാൾഡ്. സ്റ്റാലിൻ സർക്കാരിന്റെ കടുത്ത വിമർശകൻ കൂടിയാണ് ഇയാൾ.
അതേസമയം കരൂരിലെ ദുരന്തത്തിൽ മനംനൊന്ത് ടിവികെ പ്രാദേശിക നേതാവ് ജീവനൊടുക്കിയിരുന്നു. വില്ലുപുരം സ്വദേശി വി അയ്യപ്പനാണ് ആത്മഹത്യ ചെയ്തത്. തൂങ്ങിമരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. 41 പേരുടെ മരണത്തിനിടയാക്കിയ കരൂർ ദുരന്തത്തിന് ഉത്തരവാദി ഡിഎംകെ (ദ്രാവിഡ മുന്നേറ്റ കഴകം) നേതാവ് സെന്തിൽ ബാലാജിയാണെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും ആത്മഹത്യാ കുറിപ്പിൽ ആവശ്യപ്പെടുന്നുണ്ട്.