ഗുജറാത്ത് കലാപത്തിൽ മോദിക്കെതിരെ മൊഴി നൽകി, കാവി ഭരണകൂടം കള്ളക്കേസിൽ കാരാഗൃഹത്തിലടച്ച ഐപിഎസുകാരൻ; ഏഴ് വർഷമായി പുറംലോകം കാണാതെ സഞ്ജീവ് ഭട്ട്

‘അചഞ്ചലമായ ധീരതയും അജയ്യമായ ആത്മവീര്യവും പ്രതിധ്വനിക്കുന്നതാണ് സഞ്ജീവ് ഭട്ട് എന്ന പേര്’- കള്ളക്കേസ് ചുമത്തി കാവി ഭരണകൂടം കാരാഗൃഹത്തിലടച്ച മുൻ ഗുജറാത്ത് ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിനെ അദ്ദേഹത്തിന്റെ ഭാര്യ വിശേഷിപ്പിച്ചതിങ്ങനെയാണ്. അതെ, വർഷങ്ങളായി തുടർന്നുകൊണ്ടിരിക്കുന്ന അന്യായമായ ഭരണകൂട പീഡനങ്ങൾക്കു മുന്നിലെ പ്രതിരോധത്തിന്റെയും നീതിയുടെയും പ്രതീകമാണ് സഞ്ജീവ് ഭട്ട്.

2002 ലെ ഗുജറാത്ത് കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന് സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചതിന് പിന്നാലെയാണ് സഞ്ജീവ് ഭട്ട് ബിജെപിയുടെ കണ്ണിലെ കരടായി മാറിയത്. 2015 ൽ സർവീസിൽ നിന്ന് പുറത്താക്കപ്പെട്ട അദ്ദേഹം 2018 സെപ്റ്റംബറിലാണ് അറസ്റ്റ് ചെയ്യപ്പെടുന്നത്. മൂന്ന് കേസുകളാണ് സഞ്ജീവ് ഭട്ടിനെതിരെ ചുമത്തിയത്. അതിൽ ഒരു കേസിൽ കഴിഞ്ഞ ഡിസംബറിൽ അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. മറ്റ് രണ്ട് കേസുകളിൽ ജീവപര്യന്തവും 20 വർഷത്തെ തടവും ലഭിച്ച സഞ്ജീവ് ഭട്ട് കഴിഞ്ഞ ഏഴ് വർഷങ്ങളായി ഗുജറാത്തിലെ രാജ്കോട്ട് സെൻട്രൽ ജയിലിലാണ്.

ഗുജറാത്തുകാരനായ ഭട്ട് മുംബൈ ഐഐടിയിൽ നിന്ന്‌ എംടെക്‌ എടുത്ത ശേഷം 1988ലാണ്‌ ഐപിഎസ്‌ നേടിയത്‌. 1999 മുതൽ 2002 വരെ ഗുജറാത്ത്‌ ഇന്റലിജൻസ്‌ ബ്യൂറോ ഡെപ്യൂട്ടി കമ്മീഷണറായിരുന്നു. അതായത് ഗുജറാത്തിലെ ഗോധ്ര ട്രെയിൻ സംഭവവും ഗുജറാത്ത് വംശഹത്യയുമൊക്കെ നടക്കുമ്പോൾ സഞ്ജീവ് ഭട്ടായിരുന്നു ഇന്റലിജൻസ്‌ ബ്യൂറോ ഡെപ്യൂട്ടി കമ്മീഷണർ. മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ ചുമതലയുമുണ്ടായിരുന്നു ഭട്ടിന്.

2002 സെപ്റ്റംബറിൽ മുസ്ലിം വിഭാഗങ്ങൾക്കിടയിലെ ജനന നിരക്കിനെ കളിയാക്കി നരേന്ദ്ര മോദി നടത്തിയ ഒരു പരാമർശം വിവാദമായിരുന്നു. ദേശീയ ന്യൂനപക്ഷ കമ്മീഷൻ വിഷയത്തിൽ ഗുജറാത്ത് സർക്കാരിനോട് വിശദീകരണം തേടി. പ്രസംഗത്തിന്റെ പ്രിന്റഡ് കോപ്പി കൈവശമില്ലെന്ന് പറഞ്ഞ് മോദിയുടെ ഓഫീസ് തടിതപ്പി. എന്നാൽ ഈ പ്രസംഗത്തിന്റെ ട്രാൻസ്‌ക്രിപ്റ്റ് സഞ്ജീവ് ഭട്ട് തലവനായിരുന്ന ഇന്റലിജൻസ് ബ്യുറോ ന്യൂനപക്ഷ കമ്മീഷന് കൈമാറി. ഇതായിരുന്നു സഞ്ജീവ് ഭട്ട് എന്ന മിടുക്കനായ പൊലീസ് ഉദ്യോഗസ്ഥൻ ബിജെപിയുടെ നോട്ടപ്പുള്ളിയായി മാറിയ ആദ്യ സംഭവം. ഇതിന് പിന്നാലെ സഞ്ജീവ് ഭട്ടിനും മലയാളിയും ഗുജറാത്ത് ഡിജിപിയുമായിരുന്നു ആർബി ശ്രീകുമാറിനും പണിഷ്മെന്റ് ട്രാൻസ്ഫർ ലഭിച്ചു. സ്റ്റേറ്റ് റിസർവ് പോലീസ് ട്രെയിനിംഗ് കോളേജിന്റെ പ്രിൻസിപ്പൽ ആയിട്ടായിരുന്നു ഭട്ടിന്റെ ആദ്യ ട്രാൻസ്ഫർ. പിന്നീട് സബർമതി സെൻട്രൽ ജയിൽ സൂപ്രണ്ടായി ഭട്ട് നിയമിതനായി.

സബർമതി സെൻട്രൽ ജയിലിൽ വളരെ പെട്ടെന്ന് തന്നെ അദ്ദേഹം തടവുകാർക്കിടയിൽ ജനപ്രിയനായി മാറി. ജയിൽ മെനുവിൽ ഗജർ കാ ഹൽവ പോലുള്ള മധുരപലഹാരങ്ങൾ അദ്ദേഹം അവതരിപ്പിച്ചു. എന്നാൽ നിയമനത്തിന് രണ്ട് മാസത്തിന് ശേഷം, തടവുകാരോട് വളരെ സൗഹൃദപരമായി പെരുമാറിയെന്നും അവർക്ക് ആനുകൂല്യങ്ങൾ നൽകിയെന്നുമുള്ള കാരണത്താൽ ഭട്ടിനെ സ്ഥലം മാറ്റി. 2003 നവംബർ 18ന് 4000 തടവുകാരുള്ള ജയിലിൽ പകുതിയോളം പേരും ഭട്ടിന്റെ സ്ഥലമാറ്റത്തിൽ പ്രതിഷേധിച്ച് നിരാഹാര സമരം നടത്തി. ആറ് തടവുകാർ അവരുടെ കൈത്തണ്ട മുറിച്ചാണ് പ്രതിഷേധം അറിയിച്ചത്.

2002 ലെ ഗുജറാത്ത്‌ വംശഹത്യക്ക്‌ വഴിയൊരുക്കിയ ഗൂഢാലോചനയെക്കുറിച്ച്‌ സുപ്രീംകോടതിക്ക്‌ മൊഴി നൽകിയതോടെയാണ് താൻ ബിജെപിയുടെ ഹിറ്റ്‌ ലിസ്റ്റിലായതെന്ന് സഞ്‌ജീവ്‌ ഭട്ട്‌ പറഞ്ഞിട്ടുണ്ട്. ഭട്ടിനൊപ്പം സേനയിലെത്തിയവർക്ക്‌ 2007ൽ ഐജി റാങ്കിലേക്ക്‌ സ്ഥാനക്കയറ്റം ലഭിച്ചപ്പോഴും സർക്കാരിന്റെ അപ്രീതിയെത്തുടർന്ന്‌ ഭട്ടിന്‌ എസ്‌പി റാങ്കിൽ തുടരേണ്ടി വന്നു. ഗുജറാത്ത്‌ വംശഹത്യയിൽ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷക സംഘം സത്യം മറയ്‌ക്കുന്നെന്ന്‌ ആരോപിച്ച്‌ 2011ൽ സുപ്രീംകോടതിയിൽ സഞ്ജീവ് ഭട്ട് സത്യാവാങ്‌മൂലം നൽകി.

ഗുജറാത്ത് കലാപത്തിൽ ഗുജറാത്ത് ഭരണകൂടത്തിന് പങ്കുണ്ടെന്നും ബോധപൂർവ്വമായ നിഷ്‌ക്രിയത്വമാണ് ഗുജറാത്ത് സർക്കാർ പുലർത്തിയതെന്നുമാണ് സത്യവാങ്മൂലത്തിൽ സഞ്ജീവ് പറഞ്ഞത്. 2002 ൽ ഗോധ്രയിൽ 59 ഹിന്ദു തീർത്ഥാടകർ കൊല്ലപ്പെട്ടതിനെത്തുടർന്നുണ്ടായ തിരിച്ചടിയിൽ പോലിസ് ഇടപെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി മോദി പറഞ്ഞതായും സഞ്ജീവ് ആരോപിച്ചിരുന്നു. എന്നാൽ പിന്നീട് പ്രത്യേക അന്വേഷണ സംഘം മോദിക്ക് കലാപത്തിൽ പങ്കില്ലെന്ന് കണ്ടെത്തി. റിപ്പോർട്ടിന്റെ കണ്ടെത്തലുകളെ ചോദ്യം ചെയ്ത് സഞ്ജീവ് സുപ്രീംകോടതിയിൽ ഒരു ഹർജി സമർപ്പിച്ചെങ്കിലും, 2022ൽ സുപ്രീംകോടതി അത് തള്ളിക്കളഞ്ഞു. അന്നത്തെ ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹരെൻ പാണ്ഡ്യയും മോദിക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഗുജറാത്ത് കലാപത്തെ കുറിച്ച് മറ്റ് പല വെളിപ്പെടുത്തലുകളും നടത്തിയ ഹരെൻ പാണ്ഡ്യ പിന്നീട് 2003 ൽ അജ്ഞാതരാൽ കൊല്ലപ്പെട്ടു.

സുപ്രീംകോടതിയിൽ നൽകിയ സത്യാവാങ്‌മൂലത്തിന് പിന്നാലെ 2011 ഓഗസ്റ്റ് 8ന് ഗുജറാത്ത് സർക്കാർ ഭട്ടിനെ സസ്‌പെൻഡ് ചെയ്തു. സസ്‌പെൻഷന് കാരണമായ കുറ്റങ്ങളാവട്ടെ, അനധികൃതമായി ജോലിയിൽ നിന്ന് വിട്ടുനിന്നു, അന്വേഷണ കമ്മിറ്റിക്ക് മുന്നിൽ ഹാജരാകാതിരുന്നു, ഡ്യൂട്ടിയിലില്ലാത്തപ്പോൾ ഔദ്യോഗിക കാർ ഉപയോഗിച്ചു എന്നിവയായിരുന്നു.

ഇനി ഭട്ടിനെതിരെ എടുത്തിട്ടുള്ള മൂന്ന് കേസുകൾ എന്തൊക്കെയാണെന്ന് നോക്കാം

1990ലെ ഒരു കസ്റ്റഡി മരണത്തിന്റെ പേരിൽ 2012ൽ ഭട്ട്‌ അടക്കം ഏഴു പൊലീസുകാർക്കെതിരെ കേസെടുത്തു. 1990 ൽ എൽകെ അദ്വാനിയുടെ രഥയാത്രയുമായി ബന്ധപ്പെട്ട് ജാംനഗറിലുണ്ടായ കലാപത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട പ്രഭുദാസ് വൈഷ്ണാനി എന്ന വിഎച്ച്പി പ്രവർത്തകന്റെ മരണവുമായി ബന്ധപ്പെട്ടതാണ് കേസ്. ഐപിഎസ് കിട്ടി പരിശിലനം കഴിഞ്ഞ് സഞ്ജീവ് ആദ്യമായി കിട്ടിയ നിയമനമായിരുന്നു ജാംനഗറിലെ എഎസ്പി പദവി. ജോലിയിൽ പ്രവേശിച്ച് 15 ദിവസമേ കഴിഞ്ഞിട്ടുണ്ടായിരുന്നുള്ളു. കലാപത്തിലേർപ്പെട്ടവരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.

പ്രഭുദാസിനെ അറസ്റ്റ് ചെയ്തത് ലോക്കൽ പോലിസാണ്. ആ സംഘത്തിൽ സഞ്ജീവുണ്ടായിരുന്നില്ല. പ്രഭുദാസിനെ ചോദ്യം ചെയ്ത ടീമിലും സഞ്ജീവുണ്ടായിരുന്നില്ല. അറസ്റ്റ് ചെയ്തശേഷം പ്രഭുദാസിനെ പോലിസ് വിട്ടയച്ചിരുന്നു. പിന്നീട് 18 ദിവസങ്ങൾ കഴിഞ്ഞാണ് പ്രഭുദാസ് മരിച്ചത്. വൃക്കരോഗമാണ് കാരണമെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ. പക്ഷേ, കസ്റ്റഡിയിൽ പോലിസ് പീഡിപ്പിച്ചതാണ് പ്രഭുദാസിന്റെ മരണത്തിന് കാരണമായതെന്നും ഇതിന് സഞ്ജീവ് നേതൃത്വം നൽകിയെന്നുമാണ് കേസ്. കേസിൽ 2019ൽ ഭട്ടിനെ ജീവപര്യന്തം തടവിന്‌ ശിക്ഷിച്ചു.

രണ്ടാമത്തേത് 1996 ൽ രാജസ്ഥാനിൽ ഒരു അഭിഭാഷകനെ കുടുക്കാൻ മയക്കുമരുന്ന് കൈവശം വച്ചതുമായി ബന്ധപ്പെട്ട കേസാണ്. ഇതിൽ പാലൻപൂർ കോടതി ഭട്ടിന് 20 വർഷം തടവ് ശിക്ഷ വിധിച്ചു.

സഞ്ജീവ് ഭട്ടിനെതിരെയുള്ള മൂന്നാമത്തെ കേസായിരുന്നു 1997ലെ കസ്റ്റഡി പീഡനക്കേസ്. സഞ്ജീവ് ഭട്ട് പോർബന്തർ എസ്പി ആയിരിക്കെ കസ്റ്റഡിയിൽ പീഡിപ്പിച്ചതായി നരൻ ജാദവ് എന്നയാളാണ് പരാതിപ്പെട്ടത്. 1994ലെ ആയുധക്കടത്തുമായി ബന്ധപ്പെട്ട കേസിലെ 22 പ്രതികളിൽ ഒരാളായ ജാദവ് ശിക്ഷിക്കപ്പെട്ട് സബർമതി സെൻട്രൽ ജയിലിലായിരുന്നു.

ജാദവിനെ 1997 ജൂലൈ 5ന് സഞ്ജീവ് ഭട്ടിന്റെ വീട്ടിലെത്തിച്ചു പീഡിപ്പിച്ചെന്നാണ് കേസ്. ജാദവിനെയും മകനെയും ശരീരത്തിൽ വൈദ്യുതാഘാതം ഏൽപ്പിച്ചെന്നു പരാതിയിലുണ്ട്. മജിസ്ട്രേട്ടിനു മുന്നിൽ നൽകിയ മൊഴിയെ തുടർന്ന് 1998 ഡിസംബർ 31ന് ആണ് പൊലീസ് കേസെടുത്തത്. കേസിൽ ഭട്ടിന്റെ പങ്ക് സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും വേണ്ടത്ര തെളിവുകളില്ലെന്നും ചൂണ്ടിക്കാട്ടി 2024 ഡിസംബറിൽ പോർബന്തർ അഡിഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് ഭട്ടിനെ കുറ്റവിമുക്തനാക്കി.

ഇതുകൂടതെ, 2002 ലെ ഗുജറാത്ത് കലാപ കേസുകളുമായി ബന്ധപ്പെട്ട് വ്യാജ തെളിവുകൾ സൃഷ്ടിച്ചുവെന്നാരോപിച്ച് ആക്ടിവിസ്റ്റ് ടീസ്റ്റ സെതൽവാദ്, മുൻ ഗുജറാത്ത് ഡയറക്ടർ ജനറൽ ഓഫ് പോലീസ് ആർബി ശ്രീകുമാർ എന്നിവർക്കൊപ്പം ഭട്ടിനെതിരെയും എഫ്‌ഐആർ ചുമത്തിയിട്ടുണ്ട്.

ഇതിൽ ആദ്യത്തെ കേസിൽ ജീവപര്യന്തവും രണ്ടാമത്തെ കേസിൽ 20 വർഷത്തെ തടവും രാജ്കോട്ട് സെൻട്രൽ ജയിലിൽ ഇപ്പോൾ ഭട്ട് അനുഭവിക്കുകയാണ്. 2011-ൽ ഗുജറാത്ത് സർക്കാർ ഭട്ടിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും 2015-ൽ “അനധികൃത ഹാജരാകാത്തതിന്റെ” പേരിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അദ്ദേഹത്തെ പോലീസ് സർവീസിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു. ഇതിനിടയിൽ 2011ൽ ഭട്ടിന് മൗലാന മുഹമ്മദ് അലി ജൗഹർ അക്കാദമി അവാർഡ് ഭട്ടിനെ തേടിയെത്തി. എന്നാൽ അദ്ദേഹം അത് സ്വീകരിച്ചില്ല. സഹ- അവാർഡ് ജേതാക്കളിൽ ഒരാളായ ജഗദീഷ് ടൈറ്റ്‌ലർ 1984ലെ സിഖ് വിരുദ്ധ കലാപത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ആരോപിക്കപ്പെടുന്നു എന്ന കാരണത്താലായിരുന്നു ഇത്.

1990ലെയും 1996ലെയും കേസുകൾ കുത്തിപ്പൊക്കി ജീവപര്യന്തവും20 വർഷം തടവും ശിക്ഷിച്ചതോടെ ഇനി ഒരിക്കലും സഞ്ജീവ് ഭട്ട് പുറംലോകം കാണരുതെന്ന ഭരണകൂടത്തിന്റെ തീരുമാനമാണ് നടപ്പായത്. ഇന്ന് 2580 ദിനങ്ങളാകുന്നു സഞ്ജീവ് ഭട്ട് തടവറയിലായിട്ട്. ഈ ഏഴ് വർഷങ്ങൾക്കിടയിൽ കൊലപാതകികളും ആൾക്കൂട്ട ആക്രമണം നടത്തിയവരും ബലാത്സംഗം ചെയ്തവരും വലിയ കലാപങ്ങൾ ആസൂത്രണം ചെയ്തവരും അങ്ങനെ ആയിരക്കണക്കിന് പ്രതികൾ ജയിലിനു പുറത്ത് സ്വൈര്യ വിഹാരം നടത്തുന്നു. എന്നാൽ ഭരണകൂടത്തിനെതിരെ നിർഭയമായി വിരൽ ചൂണ്ടിയെന്ന ഒറ്റ കാരണത്താൽ ഒരു ഐപിഎസ് ഉദ്യോഗസ്ഥൻ തന്റെ കുടുംബത്തെ പോലും ഒരു നോക്ക് കാണാനാവാതെ തടവറയിൽ കഴിയുന്നത്.

27 വർഷത്തെ സേവനത്തിനൊടുവിൽ പിരിച്ചുവിട്ടപ്പെട്ടപ്പോൾ സഞ്ജീവ് പ്രതികരിച്ചത് ഫ്രഞ്ച് ചിന്തകൻ വോൾട്ടയറെ ഉദ്ധരിച്ചുകൊണ്ടാണ് ”ഭരണകൂടം തെറ്റുചെയ്യുമ്പോൾ ശരിയുടെ ഭാഗത്തു നിൽക്കുക എന്നത് അപകടകരമാണ്”.

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍