ഇന്ധനവില വർദ്ധനവിനെത്തുടർന്ന് കർണാടകയിൽ കെഎസ്ആർടിസി ബസ് നിരക്കുകൾ വർദ്ധിപ്പിക്കുന്നത് സർക്കാരിൻറെ പരിഗണനയിലെന്ന് കർണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാർ. എന്നാൽ, പൊതുജനങ്ങളുടെ താത്പര്യങ്ങൾ മുൻനിർത്തി മാത്രമായിരിക്കും ഇതിൽ അന്തിമ തീരുമാനമെടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ശനിയാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വകാര്യ ഡിപ്പോകളും കോർപ്പറേഷൻ ഡിപ്പോകളും തമ്മിൽ ഏകദേശം 40 രൂപയോളമാണ് ഡീസൽ വിലയിലെ വ്യത്യാസം. ഇത് ഞെട്ടിക്കുന്ന കണക്കാണ്. ഡീസൽ വില വർദ്ധിച്ചാൽ ടിക്കറ്റ് നിരക്കും വർദ്ധിപ്പിക്കണമെന്ന് മുൻപ് തന്നെ തീരുമാനിച്ചിട്ടുള്ളതാണ്. നിലവിലെ സാഹചര്യത്തിൽ ഇത് വീണ്ടും പുനഃപരിശോധിക്കേണ്ടതുണ്ടെന്നും ഡി. കെ. ശിവകുമാർ പറഞ്ഞു.
കഴിഞ്ഞ വർഷം ജനുവരിയിലും, സൗജന്യ യാത്രാ പദ്ധതിയെത്തുടർന്നുണ്ടായ പ്രവർത്തനച്ചെലവ് മറികടക്കാൻ സർക്കാർ ബസ് നിരക്കിൽ 15 ശതമാനം വർദ്ധനവ് വരുത്തിയിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി ടിക്കറ്റ് നിരക്ക് പുതുക്കാതിരുന്നതും, പ്രതിദിന ഡീസൽ ചെലവ് 9.16 കോടി രൂപയിൽ നിന്ന് 13.21 കോടി രൂപയായി ഉയർന്നതും, ജീവനക്കാരുടെ ശമ്പള പരിഷ്കരണവും അന്ന് നിരക്ക് വർദ്ധനയ്ക്കുള്ള കാരണങ്ങളായി സർക്കാർ ചൂണ്ടിക്കാണിച്ചിരുന്നു.