കർണാടകയിലെ കുടക് ജില്ലയിൽ ദുബാരെ ആന ക്യാമ്പിൽ ഏറ്റുമുട്ടലിനിടെ ഗുരുതരമായി പരിക്കേറ്റ ‘മാർത്താണ്ഡ’ എന്ന ആന ചരിഞ്ഞു. ഇന്നലെയാണ് ആന ക്യാമ്പിൽ ആനകളെ കുളിപ്പിക്കുന്നതിനിടെ രണ്ട് ആനകൾ തമ്മിൽ കൊമ്പുകോർത്തത്. സംഭവത്തിന് പിന്നാലെ ഗുരുതരമായി പരിക്കേറ്റ മാർത്താണ്ഡയ്ക്ക് അടിയന്തര ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കർണാടക വനം വകുപ്പ് വെറ്ററിനറി സംഘത്തിന്റെ നേതൃത്വത്തിൽ ആനയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിച്ചു.
ആനകളുടെ ഏറ്റുമുട്ടലിനിടെ ചെന്നൈ സ്വദേശിനിയായ ഒരു വിനോദസഞ്ചാരി ആനകൾക്കിടയിൽപ്പെട്ട് മരണപ്പെട്ടിരുന്നു. ജിന്നു എന്ന യുവതിക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ആനകൾ കുളിക്കുന്നത് കാണാൻ കുടുംബത്തോടൊപ്പം ആന ക്യാമ്പിലെത്തിയതായിരുന്നു യുവതി.
സംഭവത്തെ തുടർന്ന് ദുബാരെ ആന ക്യാമ്പിൽ സന്ദർശകർക്ക് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി. കർണാടക വനവകുപ്പും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കർണാടകയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് ദുബാരെ ആന ക്യാമ്പ്. വിനോദസഞ്ചാരികൾക്ക് വനംവകുപ്പിന്റെ അനുമതിയോടെ തന്നെ ആനകളോട് ഇടപഴകാനും അവയെ കുളിപ്പിക്കാനും അവയ്ക്ക് ഭക്ഷണം കൊടുക്കാനും അവസരം നൽകുന്ന കേന്ദ്രമാണിത്.