രാജ്യത്തെ ഞെട്ടിച്ച് ഡല്‍ഹി ചെങ്കോട്ട മെട്രോ സ്‌റ്റേഷന് സമീപമുണ്ടായ സ്‌ഫോടനം. 9 പേരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. നിരവധിപേര്‍ പരുക്കേറ്റ് ഗുരുതരാവസ്ഥയിലാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 8 കാറുകള്‍ക്കാണ് സ്‌ഫോടനത്തില്‍ തീപിടിച്ചത്.
സംഭവം നടന്നയിടത്ത് മൃതദേഹങ്ങള്‍ ചിന്നിച്ചിതറിക്കിടക്കുന്നത് പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ കാണാം. ചെങ്കോട്ടയ്ക്ക് പുറത്തെ റോഡില്‍ കിടന്ന കാറില്‍ നിന്നാണ് സ്‌ഫോടനം ഉണ്ടായത് എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഉത്തര്‍പ്രദേശിലെയും ഡെറാഡൂണിലെയും എല്ലാ ജില്ലകളിലും പോലീസ് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിപ്പിച്ചു. സെന്‍സിറ്റീവ് മേഖലകളില്‍ പട്രോളിംഗും പരിശോധനയും വര്‍ധിപ്പിക്കാനും ഉത്തരവിട്ടു. സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഡിജിപിയാണ് നിര്‍ദേശം നല്‍കിയത്. പൊലീസ് പട്രോളിംഗ് ശക്തിപ്പെടുത്താനും തിരക്കുള്ള സ്ഥലങ്ങളില്‍ ശക്തമായ പട്രോളിംഗ് വേണമെന്നും ക്രമസമാധാനച്ചുമതലയുള്ള എഡിജിപിക്ക് ഡിജിപി നിര്‍ദേശം നല്‍കി. ഇതിനിടെ ഫരീദാബാദില്‍ സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും പിടികൂടിയിരുന്നു. ജമ്മു കശ്മീര്‍ പൊലീസ് ആണ് 350 കിലോഗ്രാം അമോണിയം നൈട്രേറ്റും രണ്ട് തോക്കുകളും പിടികൂടിയത്.
ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പര്‍ 1 ന് സമീപം നിര്‍ത്തിയിട്ട രണ്ടു കാറുകള്‍ പൊട്ടിത്തെറിയ്ക്കുകയായിരുന്നു. തീ പൂര്‍ണമായും അണച്ചുവെന്ന് ഫയര്‍ഫോഴ്സ് അറിയിച്ചു. സ്ഫോടന ശബ്ദം കേട്ട ഉടന്‍ ആളുകള്‍ പരിഭ്രാന്തരാവുകയും ഓടുകയുമായിരുന്നു. കാറിനു സമീപമുണ്ടായിരുന്ന പലര്‍ക്കും പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ എല്‍എന്‍ജിപി ആശുപത്രിയിലേക്കാണ് മാറ്റിയത്.