കരൂർ ദുരന്തത്തിൽ ആദ്യമായി വീഡിയോ സന്ദേശത്തിലൂടെ പ്രതികരിച്ച് ടിവികെ നേതാവും നടനുമായ വിജയ്. ജീവിതത്തില്‍ ഇത്രയും വേദനാജനകമായ ഒരു അനുഭവം ഉണ്ടായിട്ടേയില്ലെന്ന് വിജയ് പറഞ്ഞു. മനസ് മുഴുവൻ വേദനയാണെന്നും ജനങ്ങള്‍ തന്നെ കാണാന്‍ വരുന്നത് സ്‌നേഹം കൊണ്ടാണെന്നും വിജയ് പറഞ്ഞു. അതേസമയം പുറത്ത് വന്ന വീഡിയോയിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിനോടും വിജയ് ചോദ്യങ്ങൾ ഉന്നയിച്ചു.
സിഎം സാര്‍ തന്നോട് എന്തും ആയിക്കോളുവെന്നും ഇങ്ങനെ വേണമായിരുന്നോ പക വീട്ടൽ എന്നും വിജയ് തുറന്നടിച്ചു. സിഎം സാര്‍ കുറ്റം എനിക്ക് മേല്‍ വച്ചോളൂ, പാര്‍ട്ടിപ്രവര്‍ത്തരെ വേട്ടയാടരുത് എന്നും വിജയ് പറയുന്നുണ്ട്. തന്നോടുള്ള സ്നേഹം കൊണ്ടാണ് ആളുകള്‍ കാണാനെത്തിയത്. ആ സ്നേഹത്തിന് നന്ദിയുണ്ട്. എന്നാൽ, സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്നും വിജയ് കൂട്ടിച്ചേർത്തു.
ആളുകളുടെ ആ സ്‌നേഹത്തോട് കടപ്പെട്ടിരിക്കുന്നു. എല്ലാത്തിനും മുകളില്‍ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. നടക്കാന്‍ പാടില്ലാത്തത് നടന്നു. ആശുപത്രിയില്‍ പോയാല്‍ കൂടുതല്‍ പ്രശ്‌നം ഉണ്ടാകുമായിരുന്നു. അതിനാലാണ് പോകാതിരുന്നത്. ഉറ്റവരെ നഷ്ടപ്പെടുന്നവരുടെ വേദനയ്ക്ക് ഒന്നു പകരമാകില്ലെന്ന് അറിയാം. വേദനയ്ക്ക് ഒപ്പം നിന്നവര്‍ക്ക് നന്ദി. എല്ലാ സത്യവും പുറത്ത് വരുമെന്നും വിജയ് പറഞ്ഞു.