രാജ്യത്തെ ഇന്ധനവില വർധനയെ ന്യായീകരിച്ച് പെട്രോളിയം മന്ത്രാലയം. ഇന്ത്യയിൽ അയൽ രാജ്യങ്ങളെ അപേക്ഷിച്ച് വില കുറവാണെന്നും ആഗോള വിലക്കയറ്റത്തിന്റെ ആഘാതത്തിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിച്ചിട്ടുണ്ടെന്നും മന്ത്രാലയം അവകാശപ്പെടുന്നു. രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്നും സബ്സിഡി പരിരക്ഷ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
മറ്റ് പല വികസ്വര-വികസിത രാജ്യങ്ങളെക്കാളും കുറഞ്ഞ നിരക്കിലാണ് ഇന്ത്യയിൽ പാചകവാതകവും ഇന്ധനവും ലഭ്യമാകുന്നതെന്നും പെട്രോളിയം മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഇന്ത്യയിൽ ഒരു സിലിണ്ടറിന് ഈടാക്കുന്ന തുകയേക്കാൾ ഉയർന്ന നിരക്കാണ് പാകിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ തുടങ്ങിയ സമീപ രാജ്യങ്ങളിൽ നിലവിലുള്ളതെന്നും മന്ത്രാലയം ചൂണ്ടിക്കാണിച്ചു.
രാജ്യത്തെ ക്രൂഡ് ഓയിൽ, പ്രകൃതിവാതകം, പെട്രോൾ, ഡീസൽ എന്നിവയുടെ സംഭരണവും വിതരണ ശൃംഖലയും തൃപ്തികരമാണ്. ആഗോളതലത്തിൽ വിതരണ തടസ്സങ്ങൾ നേരിടുന്നുണ്ടെങ്കിലും ഇന്ത്യയിലെ ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ ഇന്ധനശേഖരം ലഭ്യമാണ്. അതിനാൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.