വിശ്രമജീവിതം നയിക്കേണ്ട കാലത്ത് ചരിത്രം സൃഷ്ടിക്കുന്നയാളാണ് വെള്ളാപ്പള്ളി നടേശനെന്ന് മന്ത്രി വിഎന്‍ വാസവന്‍. എസ്എന്‍ഡിപി യോഗത്തെ ഒരു ശക്തിയായി വളര്‍ത്തിക്കൊണ്ടുവരുന്നതിന് നേതൃത്വപരമായ പങ്കുവഹിച്ചത് വെള്ളാപ്പള്ളി നടേശന്‍ തന്നെയാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും വാസവന്‍ പറഞ്ഞു.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ 30 വര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ എറണാകുളം പള്ളുരുത്തിയില്‍ നടത്തിയ സ്വീകരണ സമ്മേളനത്തിലാണ് വിഎന്‍ വാസവന്റെ പ്രശംസ. സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങളില്‍ നിര്‍ഭയ നിലപാടുകള്‍ പറയുന്ന ആളാണ് വെള്ളാപ്പള്ളിയെന്നും വിഎന്‍ വാസവന്‍ കൂട്ടിച്ചേര്‍ത്തു.
കുത്തഴിഞ്ഞ പുസ്തകമായിരുന്ന എസ്എന്‍ഡിപി യോഗത്തെ വെള്ളാപ്പള്ളി കുത്തിക്കെട്ടി നല്ല പുസ്തകമാക്കി. യഥാര്‍ഥത്തില്‍ വിശ്രമജീവിതം അനുഭവിക്കേണ്ട കാലഘട്ടത്തില്‍ ഊര്‍ജസ്വലനായി ഒരു നാട്ടില്‍ ചരിത്രം സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങളാണ് വെള്ളാപ്പള്ളി നടത്തുന്നത്. കുത്തഴിഞ്ഞ ഒരു പുസ്തകംപോലെ കിടന്ന എസ്എന്‍ഡിപി യോഗത്തെ നന്നായി കുത്തിക്കെട്ടി ഒരു പുസ്തകമാക്കി രൂപാന്തരപ്പെടുത്തി, അടുക്കുംചിട്ടയുമുള്ള ഒരു സംഘടനയാക്കി മാറ്റിയെന്നും വാസവന്‍ വ്യക്തമാക്കി.