പയ്യന്നൂര്‍ മണ്ഡലത്തില്‍ നിന്ന് മല്‍സരിക്കുമെന്ന് വി കുഞ്ഞികൃഷ്ണന്‍; 'ആരോപണ വിധേയനായ മധുസൂദനനെ സിപിഎം വീണ്ടും മല്‍സരിപ്പിക്കുമ്പോള്‍ മല്‍സരിക്കാതെ മറ്റുമാര്‍ഗമില്ല'

നിയമസഭാ തിരഞ്ഞെടുപ്പില്‍ പയ്യന്നൂരില്‍ നിന്ന് സിപിഎം പുറത്താക്കിയ മുന്‍ ജില്ലാ കമ്മിറ്റിയംഗം വി കുഞ്ഞികൃഷ്ണന്‍ മത്സരിക്കും. നിയമസഭാ തിരഞ്ഞെടുപ്പില്‍ പയ്യന്നൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്നും കോണ്‍ഗ്രസ് പിന്തുണക്കുമെന്നാണ് പ്രതീക്ഷയെന്നും മുന്‍ സിപിഎം നേതാവ് വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. പയ്യന്നൂര്‍ മണ്ഡലത്തില്‍ എംഎല്‍എ ടി ഐ മധുസൂദനനെ സി പി എം വീണ്ടും മത്സരിപ്പിക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് കുഞ്ഞികൃഷ്ണന്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. വാര്‍ത്താസമ്മേളനത്തിലാണ് കുഞ്ഞികൃഷ്ണന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം.

ഞായറാഴ്ച തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം സിപിഎം തങ്ങളുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. ഇത്രയും ആരോപണങ്ങള്‍ക്ക് വിധേയനായ ഒരു വ്യക്തിയെ വീണ്ടും സ്ഥാനാര്‍ഥിയായി പയ്യന്നൂരില്‍ മത്സരിപ്പിക്കാന്‍ ഇടതുപക്ഷം സന്നദ്ധമാകില്ല എന്ന വിശ്വാസത്തിലാണ് നേരത്തേ നിലപാട് പറയാതിരുന്നതെന്ന് വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. പക്ഷേ ഇടതുപക്ഷം അദ്ദേഹത്തെ തന്നെ പയ്യന്നൂരില്‍ നിന്ന് മത്സരിപ്പിക്കുന്നതിന് വേണ്ടിയുള്ള തീരുമാനമാണ് കൈക്കൊണ്ടിട്ടുള്ളത്. അങ്ങനെ വരുമ്പോള്‍ എന്റെ പോരാട്ടം മുന്നോട്ടുകൊണ്ടുപോകാന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയല്ലാതെ മറ്റുമാര്‍ഗമില്ല. അതിനാല്‍ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കുന്നതിന് വേണ്ടിയുള്ള തീരുമാനത്തില്‍ എത്തിച്ചേര്‍ന്നെന്നും കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി. എല്ലാവരുടെയും പിന്തുണ അഭ്യര്‍ത്ഥിക്കുകയാണ്. ഒരു മുന്നണിയുടെയും ഭാഗമായി മത്സരിക്കില്ലെന്നും പയ്യന്നൂരിലെ പാര്‍ട്ടിയെ മാഫിയ സംഘത്തിന് എറിഞ്ഞു കൊടുക്കരുതെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് സ്ഥാനാര്‍ഥിത്വം തീരുമാനിച്ചത്. തുടങ്ങിവച്ച പോരാട്ടത്തിന് വേണ്ടിയാണു മത്സരിക്കുന്നത്. മധുസൂദനനെ സ്ഥാനാര്‍ഥി ആക്കില്ലെന്നാണ് കരുതിയത്. ഇത്ര ആരോപണം ഉണ്ടായിട്ടും മാറ്റിയില്ല. എന്റെ പോരാട്ടം മുന്നോട്ട് കൊണ്ടുപോകാന്‍ മത്സരിച്ചേ മതിയാവൂ. അഴിമതിക്കെതിരെയുള്ള പോരാട്ടമാണ് ഇത്. ഇടതുപക്ഷത്തിന് എതിരല്ല. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ ഇടതുപക്ഷക്കാരനായി കാണുന്നില്ല. ബൂര്‍ഷ്വാ രാഷ്ട്രീയ നേതാവിന്റെ സമീപനമാണ് മധുസൂദനന്. രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് നടത്തുന്ന ഒരാളെ എങ്ങനെ ഇടതു പക്ഷമായി കാണുക.

അഴിമതിക്കെതിരായിട്ടുള്ള പോരാട്ടമെന്നുള്ള നിലയിലാണ് ഇതിനെ കാണുന്നതെന്നും ഇടതുപക്ഷത്തിനെതിരായിട്ടുള്ള ഒരു പോരാട്ടമായി സ്ഥാനാര്‍ഥിത്വത്തെ കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇടതുപക്ഷം നിലനില്‍ക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണ്. എന്നാല്‍ പയ്യന്നൂരിലെ ഇടതുസ്ഥാനാര്‍ഥിയെ ഒരു ഇടതുപക്ഷക്കാരനായി കാണുന്നില്ലെന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

പയ്യന്നൂരിലെ ഫണ്ട് വിവാദത്തില്‍ ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് ജില്ലാ കമ്മിറ്റിയംഗമായിരുന്ന വി. കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കിയത്. ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മാണത്തിലും രക്തസാക്ഷി ധനരാജിന്റെ ഫണ്ടിലും ക്രമക്കേട് നടന്നതായി കുഞ്ഞികൃഷ്ണന്‍ ആരോപിച്ചിരുന്നു. പിന്നാലെ അദ്ദേഹം പുസ്തകവും പുറത്തിറക്കി. പയ്യന്നൂരിലെ സിപിഎമ്മിലെ ഫണ്ട് വിവാദത്തെക്കുറിച്ചാണ് പുസ്തകത്തിലൂടെ വി. കുഞ്ഞികൃഷ്ണന്‍ വിശദീകരിക്കുന്നത്. ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മാണത്തിലും രക്തസാക്ഷി ധനരാജിന്റെ ഫണ്ടിലും മാത്രമായി പാര്‍ട്ടിക്ക് നഷ്ടമായത് 91 ലക്ഷത്തോളം രൂപയാണെന്നാണ് കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തല്‍. പാര്‍ട്ടിയെ സംരക്ഷിക്കണോ നേതാവിനെ സംരക്ഷിക്കണോ എന്നതായിരുന്നു തന്നെ അലട്ടിയ വിഷയം. നേതാവിനെയല്ല, പാര്‍ട്ടിയെയാണ് സംരക്ഷിക്കേണ്ടതെന്നായിരുന്നു താന്‍ എത്തിച്ചേര്‍ന്ന ഉറച്ച തീരുമാനം. എന്നാല്‍, പാര്‍ട്ടി എന്തായാലും വേണ്ടില്ല നേതാവിനെ സംരക്ഷിക്കുക എന്ന നിലപാടാണ് നേതൃത്വത്തിന്റെത്. അതിനാലാണ് തനിക്ക് ഈ നിലയില്‍ തുറന്നെഴുതേണ്ടി വന്നതെന്നും പുസ്തകത്തില്‍ വി. കുഞ്ഞികൃഷ്ണന്‍ പറയുന്നു. സിറ്റിങ് എം.എല്‍.എ. കൂടിയായ ടി.ഐ. മധുസൂദനന്‍ സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗമാണ്.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്