കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ ഉറപ്പായും നപടിയുണ്ടാകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അടിയന്തരാവസ്ഥയാണ് നാട്ടില്‍ നടക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. തന്റെ പരിധിയില്‍പ്പെടുന്ന പ്രദേശത്തുനിന്ന് എന്താണ് ചെയ്യാന്‍ പറ്റുകയെന്ന് നോക്കട്ടെ എന്നും സുരേഷ് ഗോപി പറഞ്ഞു. ദൃശ്യങ്ങള്‍ കണ്ടുവെന്നും വളരെ മോശപ്പെട്ട പ്രവൃത്തിയാണ് ഉണ്ടായതെന്നും സുരേഷ് ഗോപി ചൂണ്ടിക്കാണിച്ചു.
കുന്നംകുളത്തെ പോലീസ് മര്‍ദനത്തില്‍ രണ്ടരവര്‍ഷത്തിനുശേഷം ആഭ്യന്തരവകുപ്പ് കഴിഞ്ഞ ദിവസം നടപടിയെടുത്തിരുന്നു. യൂത്ത്‌കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെ മര്‍ദിച്ച എസ്ഐ ഉള്‍പ്പെടെയുള്ള നാലു പോലീസുകാരെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തു. സമൂഹമനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരതയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് പ്രതിഷേധം കടുത്തപ്പോഴാണ് ആഭ്യന്തരവകുപ്പ് സംഭവത്തില്‍ നടപടിയെടുത്തത്. നേരത്തേ സ്ഥലംമാറ്റത്തിലും ഇന്‍ക്രിമെന്റ് തടയലിലും മാത്രമൊതുങ്ങിയ കേസ് പുനപരിശോധിക്കാനും ഉത്തരമേഖലാ ഐജി രാജ്പാല്‍ മീണ ഉത്തരവിട്ടു.
വകുപ്പുതലനടപടിമാത്രം നേരിട്ട പൊലീസുകാരുടെ പേരില്‍ മജിസ്ട്രേറ്റ് കോടതി ഇടപെട്ടതോടെയാണ് കേസെടുത്തത്. സുജിത്തിനെ മര്‍ദിച്ച എസ്ഐ നൂഹ്‌മാന്‍(നിലവില്‍ വിയ്യൂര്‍ സ്റ്റേഷന്‍), സീനിയര്‍ സിപിഒ. ശശിധരന്‍(നിലവില്‍ തൃശ്ശൂര്‍ ടൗണ്‍ ഈസ്റ്റ്), സിപിഒമാരായ സജീവന്‍ (നിലവില്‍ തൃശ്ശൂര്‍ ടൗണ്‍ ഈസ്റ്റ്), സന്ദീപ് (നിലവില്‍ മണ്ണുത്തി) എന്നിവരെയാണ് ഐജി സസ്പെന്‍ഡ് ചെയ്തത്.
സസ്‌പെന്‍ഷനല്ല, അവരെ പിരിച്ചുവിടണമെന്നാണ് മര്‍ദ്ദനത്തിന് ഇരയായ സുജിത് ആവശ്യപ്പെടുന്നത്.