കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയികളെ കണ്ടെത്താനുള്ള വോട്ടെടുപ്പ് രാവിലെ എട്ടിന് ആരംഭിക്കും. സ്‌ട്രോങ് റൂമുകള്‍ തുറന്നു. ഉദ്യോഗസ്ഥരെത്തി നടപടിക്രമങ്ങള്‍ തുടങ്ങി. 43 സ്ഥലങ്ങളിലായി 140 കേന്ദ്രങ്ങളിലാണു വോട്ടെണ്ണല്‍. ആദ്യ ഫലസൂചനകള്‍ 9 മണിയോടെ അറിയാം. ഓരോ റൗണ്ടും പൂര്‍ത്തിയാകാന്‍ അര മണിക്കൂര്‍ വരെ വേണ്ടിവരാം. രാവിലെ 8 മുതല്‍ തപാല്‍ വോട്ടുകളും 8.30 മുതല്‍ ഇവിഎമ്മിലെ വോട്ടുകളും എണ്ണും.
വോട്ടെണ്ണല്‍ ഹാളിലേക്ക് എത്തുന്ന ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ഥികളുടെ ഏജന്റുമാര്‍ എന്നിവര്‍ക്കെല്ലാം ക്യുആര്‍ കോഡ് പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് ആണ് ഇത്തവണ നല്‍കുന്നത്. മുന്‍പ് കാസര്‍കോട് മണ്ഡലത്തില്‍ നടപ്പാക്കിയ മാതൃകയാണ്.
സ്‌ട്രോങ് റൂമില്‍നിന്നു തപാല്‍ വോട്ടുകള്‍ ആദ്യം വോട്ടെണ്ണല്‍ ഹാളില്‍ എത്തിച്ച് 50 വീതം കെട്ടുകളാക്കിയാണ് എണ്ണുക. വൈകിട്ട് 5 മണിയോടെ മുഴുവന്‍ ഫലവും പുറത്തുവന്ന്, ഇലക്ഷന്‍ സര്‍ട്ടിഫിക്കറ്റ് വിജയിച്ച സ്ഥാനാര്‍ഥികള്‍ക്കു നല്‍കാനാകുമെന്നു പ്രതീക്ഷിക്കുന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ഡോ. രത്തന്‍ യു.കേല്‍ക്കര്‍ പറഞ്ഞു.
വോട്ടെണ്ണല്‍ ദിനത്തില്‍ അക്രമസംഭവങ്ങളോ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എന്തെങ്കിലും പരാതികളോ ഉണ്ടെങ്കില്‍ കലക്ടര്‍മാര്‍, വരണാധികാരികള്‍ എന്നിവരെയും തിരഞ്ഞെടുപ്പ് കമ്മിഷന്റെ ടോള്‍ഫ്രീ നമ്പറായ 1950 ലും അറിയിക്കാം.