മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കട്ടരാമന്റെ പുതിയ അസുഖത്തെ ട്രോളി സോഷ്യല്‍ മീഡിയ.
ശീറാമിന് റെട്രൊഗ്രേഡ് അംനേഷ്യയെന്നും അപകടം നടന്നത് ഓര്‍മ്മയില്ലെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയകളില്‍ അസുഖത്തെ കുറിച്ചുള്ള ട്രോളുകള്‍ നിറഞ്ഞത്.
കേസിലെ അന്വേഷണം അട്ടിമറിക്കാന്‍ പൊലീസും ഡോക്ടര്‍മാരും ശ്രീറാമിനെ സഹായിച്ചെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മദ്യപിച്ച് വാഹനമോടിച്ച ശ്രീറാമിനെ പൊലീസ് അപകട സമയത്തു തന്നെ രക്തപരിശോധന നടത്തിയിരുന്നില്ല. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ശ്രീറാം രക്തത്തിലെ മദ്യത്തിന് അളവ് ഇല്ലാതാക്കാന്‍ ഡോക്ടര്‍മാരുടെ സഹായത്തോടെ മരുന്നു കഴിച്ചെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീറാമിന്റെ പുതിയ അസുഖത്തെ കുറിച്ച് ഡോക്ടര്‍മാര്‍ വിശദീകരിച്ചത്.
ഏതെങ്കിലും വലിയ ആഘാതത്തിന് പിന്നാലെ വരാവുന്ന മാനസികാവസ്ഥയാണ് റെട്രൊഗ്രേഡ് അംനേഷ്യ. ഇതോടെ പ്രത്യേക സംഭവത്തെ കുറിച്ച് പൂര്‍ണമായും ഓര്‍ത്തെടുക്കാനാകാത്ത അവസ്ഥ വരും. ഒരു പക്ഷെ സംഭവത്തെ കുറിച്ച് എന്നന്നേയ്ക്കുമായി മറന്നു പോകാനും ചിലപ്പോള്‍ സമ്മര്‍ദ്ദം ഒഴിയുമ്പോള്‍ പതിയെ ഓര്‍ത്തെടുക്കാനും കഴിഞ്ഞേക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
ഇതോടെ ശ്രീറാമിനെ രക്ഷിക്കാനുള്ള ഡോക്ടര്‍മാരുടെ പുതിയ അടവാണ് രോഗമെന്നു കാട്ടിയാണ് മിക്ക ട്രോളുകളും.