സോളാര്‍ കേസില്‍ ഗണേഷ് കുമാറിന് തിരിച്ചടി; നിയമസഭാ തിരഞ്ഞെടുപ്പ് വരെ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന ഹര്‍ജി കോടതി തള്ളി
ന്യൂസ് ഡെസ്ക്
സോളാര്‍ കേസ് നടപടികള്‍ നിര്‍ത്തി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. കൊട്ടാരക്കര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് മന്ത്രിയുടെ ഹര്‍ജി തള്ളിയത്. നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുംവരെ കോടതി നടപടികള്‍ നിര്‍ത്തിവെയ്ക്കണം എന്നായിരുന്നു മന്ത്രി ഗണേഷ് കുമാറിന്റെ ആവശ്യം. എന്നാല്‍ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന ആവശ്യം തള്ളിക്കൊണ്ടായിരുന്നു കോടതി വിധ.
പരാതിക്കാരിയുടെ കത്തില്‍ പേജുകള്‍ കൂട്ടിച്ചേര്‍ത്ത് ഗണേഷ് കുമാര്‍ ഗൂഢാലോചന നടത്തിയെന്ന ഹര്‍ജിയിലാണ് കോടതി നടപടി തുടരുന്നത്. അഡ്വ. സുധീര്‍ ജേക്കബ് ആണ് ഹര്‍ജിക്കാരന്‍. ഉമ്മന്‍ ചാണ്ടിയെ ലൈംഗിക ആരോപണ കേസില്‍ കുടുക്കുമെന്ന് ഗണേഷ് പറഞ്ഞിരുന്നതായി മുന്‍ പേഴ്‌സണ്‍ സ്റ്റാഫ് ആയ സുധീര്‍ മലയില്‍ മൊഴി നല്‍കിയിരുന്നു. ഉമ്മന്‍ചാണ്ടി അടക്കം തനിക്ക് വൈരാഗ്യം തോന്നിയവരെ കുടുക്കാന്‍ വ്യാജകത്തുണ്ടാക്കിയെന്ന കേസില്‍ ശക്തമായ കോടതി ഇടപെടല്‍ വരുമ്പോള്‍ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചാലോ എന്ന പേടിയിലാണ് ഗണേഷ് കുമാര്‍ കോടതിയെ സമീപിച്ചത്. സാക്ഷി മൊഴികള്‍ അടക്കം തെരഞ്ഞെടുപ്പ് രംഗത്ത് ആയുധമാക്കപ്പെടുമെന്നായിരുന്നു ഹര്‍ജിയിലെ വാദം.
സോളാര്‍ കേസില്‍ മന്ത്രി കെബി ഗണേഷ്‌കുമാറിനെതിരെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് സുധീര്‍ മലയിലിന്റെ മൊഴി നല്‍കിയിരുന്നു. സോളാര്‍ പരാതിയില്‍ പേജുകള്‍ കൂട്ടിച്ചേര്‍ത്തതില്‍ ഗൂഢാലോചനയുണ്ടെന്ന അഭിഭാഷകനായ സുധീര്‍ ജേക്കബിന്റെ പരാതിയിലാണ് ഗണേഷ് കുമാറിന്റെ ചെയ്തികളെ കുറിച്ച് മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് മൊഴി നല്‍കിയത്. ഉമ്മന്‍ ചാണ്ടിയെ ലൈംഗിക ആരോപണക്കേസില്‍ കുടുക്കുമെന്ന് ഗണേഷ് പറഞ്ഞിരുന്നതായി സുധീര്‍ മലയില്‍ കൊട്ടാരക്കര കോടതിയില്‍ മൊഴി നല്‍കി.
ഉമ്മന്‍ചാണ്ടിയേയും യുഡിഎഫ് നേതാക്കളേയും പാഠം പഠിപ്പിക്കുമെന്ന് ഗണേഷ് കുമാര്‍ ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു. എന്നാല്‍ അതുപോലെ ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. പിന്നീട് റിപ്പോര്‍ട്ട് പുറത്തുവന്നപ്പോഴാണ് ലൈംഗിക ആരോപണത്തിന്റെ പേരില്‍ കേസെടുത്തത് അറിഞ്ഞത്. അപ്പോഴാണ് ഗണേഷ് കുമാര്‍ പറഞ്ഞതുപോലെ ചെയ്തുവെന്ന് മനസ്സിലായത്. ആദ്യം കൊടുത്ത റിപ്പോര്‍ട്ടില്‍ സരിതയുടെ കത്തില്‍ ഉമ്മന്‍ചാണ്ടി സാറോ മറ്റു നേതാക്കന്‍മാരോ ഉണ്ടായിരുന്നില്ല. പിന്നീട് ഇതെല്ലാം എഴുതിച്ചേര്‍ത്തതാണെന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞപ്പോഴാണ് ഗണേഷ് കുമാര്‍ പറഞ്ഞത് യാഥാര്‍ത്ഥ്യമാക്കിയെന്ന് വ്യക്തമായതെന്നും ഇക്കാര്യങ്ങളെല്ലാം കോടതിയില്‍ പറഞ്ഞുവെന്നും സുധീര്‍ മലയില്‍ പറഞ്ഞു.
സോളാര്‍ പരാതിയില്‍ പേജുകള്‍ കൂട്ടിച്ചേര്‍ത്തതില്‍ ഗൂഢാലോചനയുണ്ടെന്ന അഭിഭാഷകനായ സുധീര്‍ ജേക്കബിന്റെ പരാതിയിലാണ് കെബി ഗണേഷ്‌കുമാറിനെതിരെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് സുധീര്‍ മലയില്‍ മൊഴി നല്‍കിയത്. 2011 മുതല്‍ 2013 വരെ ഗണേഷ് കുമാറിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്നു സുധീര്‍ മലയില്‍. സോളാര്‍ പരാതിക്കാരിയുമായി ഗണേഷിന് അടുത്ത ബന്ധമുണ്ടെന്നും മന്ത്രിയുടെ വസതിയിലും ഓഫീസുകളിലും പരാതിക്കാരി നിത്യ സന്ദര്‍ശക ആയിരുന്നെന്നും സുധീര്‍ മലയില്‍ പറയുന്നു. മന്ത്രിസ്ഥാനം തിരികെ നല്‍കാത്ത ഉമ്മന്‍ ചാണ്ടിയെ പാഠം പഠിപ്പിക്കാന്‍ ഗണേഷ് കുമാര്‍ തീരുമാനിച്ചിരുന്നുവെന്നും സുധീര്‍ മലയില്‍ ആരോപിച്ചു.
സോളാര്‍ കേസ് പ്രതിയുടെ കത്തില്‍ ഉമ്മന്‍ചാണ്ടിയുടെയും കോണ്‍ഗ്രസ് നേതാക്കളുടെയും പേര് എഴുതിച്ചേര്‍ത്തെന്ന കേസില്‍ നിര്‍ണായക മൊഴിയുമായി പ്രതിയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ രംഗത്ത് വന്നിരുന്നു. ഉമ്മന്‍ചാണ്ടിക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരേ ലൈംഗികാരോപണം ഉന്നയിച്ചുള്ള നാലുപേജ് കത്ത് ഗണേഷ്‌കുമാറിന്റെ നിര്‍ദേശപ്രകാരം എഴുതി സോളാര്‍ കേസ് പ്രതിക്ക് കൈമാറിയത് ഗണേഷ് കുമാറിന്റെ ബന്ധുകൂടിയായ ശരണ്യ മനോജാണെന്നും കൊട്ടാരക്കര ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഫെനി മൊഴി നല്‍കി. ഈ നിര്‍ദേശങ്ങളനുസരിച്ച് സോളാര്‍ പ്രതി പിന്നീട് ഇത് സ്വന്തം കൈപ്പടയിലേക്ക് മാറ്റിനല്‍കുകയായിരുന്നെന്നും പ്രതിയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണന്‍ കൊട്ടാരക്കര ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ബോധിപ്പിച്ചു.
2013 ജൂലായ് 19-ന് തയ്യാറാക്കി ജൂലായ് 27-ന് പത്തനംതിട്ട ജയിലില്‍ ഫെനിക്ക് പ്രതി കൈമാറിയ കത്തിന് 21 പേജാണ് ഉണ്ടായിരുന്നതെന്നും എന്നാല്‍ സോളാര്‍ കമ്മിഷനില്‍ നല്‍കിയത് 25 പേജുള്ള വ്യാജ കത്താണെന്നും ഫെനി ബാലകൃഷ്ണന്‍ മൊഴിനല്‍കി.
സോളാര്‍ കേസ് പ്രതിയുടെ കത്തില്‍ ഉമ്മന്‍ചാണ്ടിയുടെയും കോണ്‍ഗ്രസ് നേതാക്കളുടെയും പേര് എഴുതിച്ചേര്‍ത്തെന്ന കേസില്‍ഗണേഷ്‌കുമാര്‍ നേരില്‍ക്കണ്ട് സഹായമഭ്യര്‍ഥിച്ചെന്നും ഫെനി ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. 2015 ഏപ്രിലില്‍ എം.സി.റോഡില്‍ ഏനാത്തിനും കൊട്ടാരക്കരയ്ക്കുമിടയിലായിരുന്നു ഗണേഷ്‌കുമാറുമായുള്ള കൂടിക്കാഴ്ച. ഗണേഷിന്റെ പി.എ. പ്രദീപ്കുമാറാണ് തന്നെ വിളിച്ചുവരുത്തിയതെന്നും മറ്റൊരു കാറിലെത്തിയ ഗണേഷ് പ്രദീപിന്റെ കാറില്‍ കയറുകയും ഫെനിയോട് സഹായം അഭ്യര്‍ഥിക്കുകയുമായിരുന്നു എന്നുമാണ് ഫെനി വിവരിക്കുന്നത്. പ്രദീപിനെയും ശരണ്യ മനോജിനെയുമാണ് കാര്യങ്ങള്‍ ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും അവര്‍ പറയുന്നതുപോലെ ചെയ്യണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. പിന്നീട് പലതവണ ഫോണില്‍ വിളിച്ചും നിര്‍ദേശങ്ങള്‍ തന്നിരുന്നുവെന്നും ഫെനി ബാലകൃഷ്ണന്‍ മൊഴി നല്‍കി.