മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ച കേസിൽ എസ്‌ഐമാര്‍ക്ക് ഹാജരാകാന്‍ നോട്ടീസ് നല്‍കി എസ്‌ഐടി. എഡിജിപി എം ആര്‍ അജിത്കുമാറിന്റെ ഓഫീസിലെ എസ്‌ഐമാരായ ഗിരീഷ്, ശ്രീകാന്ത് എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്. ആദ്യ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചതിലാണ് അന്വേഷണം. ഇതിലടക്കം ചില ആദ്യഘട്ട സൂചനകള്‍ എസ്‌ഐടിക്ക് ലഭിച്ചുവെന്നാണ് വിവരം.
അതേസമയം കേസിലെ പ്രതികളായ ഗൺമാന്മാർക്ക് തിരിച്ചടിയായി ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ മൊഴി നൽകി. ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അടിച്ചത് പൊലീസ് ലാത്തി ഉപയോഗിച്ചല്ലെന്നും ഗൺമാൻമാർക്ക് ലാത്തി അനുവദിച്ചിട്ടില്ലെന്നുമാണ് പൊലീസ് ഹെഡ് ക്വാർട്ടേഴ്സിലെ ഉന്നത ഉദ്യോഗസ്ഥന്റെ മൊഴി. ഗൺമാൻമാർക്ക് അനുവദിച്ചത് തോക്ക് മാത്രമാണ്. ഗൺമാൻമാർ യൂത്ത് കോൺഗ്രസുകാരെ തല്ലാൻ ഉപയോഗിച്ച വടി സ്വന്തമായി വാങ്ങിയതാണെന്നും പൊലീസ് മാനുവലിന് വിരുദ്ധമായ വടിയാണ് ഉപയോഗിച്ചതെന്നും ഉദ്യോഗസ്ഥൻ മൊഴി നൽകി.
പൊലീസ് മാനുവൽ പ്രകാരം ലാത്തിക്ക് 32 ഇഞ്ച് നീളമേ ഉളളൂ. എന്നാൽ ആലപ്പുഴയിലെ മർദ്ദനത്തിൽ ഗൺമാൻമാർ ഉപയോഗിച്ചത് അതിനേക്കാൾ നീളം കൂടിയ വടിയാണെന്നും ഉദ്യോഗസ്ഥൻ മൊഴി നൽകി. അതിനിടെ ഗൺമാൻമാർക്കെതിരായ റിപ്പോർട്ടിൽ കൂടുതൽ വ്യക്തത നൽകി എഐടി. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ 308-ാം വകുപ്പ് ചുമത്തിയത് വിദഗ്ധ ഉപേദേശം തേടിയ ശേഷമാണെന്നും 308 ചുമത്താൻ അന്വേഷണ ഉദ്യോഗസ്ഥന് വിവേചന അധികാരം ഉണ്ടെന്നും എസ്ഐടി വ്യക്തമാക്കുന്നു. ഗൺമാൻമാർക്കെതിരെ 308 ചുമത്തിയതിൽ മൂൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേ കോടതി ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു.