ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന് പിഴ ഈടാക്കിയത് സ്വാഭാവിക നടപടിയെന്ന് മേയർ വി വി രാജേഷ്. നടപടികളെ കുറിച്ച് ഹൈക്കോടതിയെ അറിയിക്കേണ്ട ബാധ്യത കോർപ്പറേഷൻ ഉണ്ട്. താൻ അധ്യക്ഷൻ ആയിരുന്ന സമയത്ത് ഇത്തരത്തിൽ കോർപ്പറേഷൻ നോട്ടീസ് തന്നിട്ട് ഉണ്ട്. ഇത് വിവാദ വിഷയം ആക്കേണ്ട കാര്യമില്ലെന്നും വി വി രാജേഷ് വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ തലസ്ഥാന സന്ദർശനത്തിലെ ബിജെപി പരിപാടിക്ക് തിരുവനന്തപുരം കോർപറേഷൻ പിഴയിട്ടു. ഫ്ലക്സ് ബോർഡുകൾ അനധികൃതമായി സ്ഥാപിച്ചതിന് 20 ലക്ഷം രൂപയാണ് പിഴയിട്ടത്. ഫ്ലക്സ് ബോർഡുകളും കൊടിതോരണങ്ങളും നീക്കം ചെയ്യണമെന്ന നിർദേശം ലംഘിച്ചതിനാണ് നടപടി. പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിക്കാൻ പോകാത്ത സംഭവത്തിലും വി വി രാജേഷ് പ്രതികരിച്ചു. ഇക്കാര്യത്തിൽ മന്ത്രി വി ശിവൻകുട്ടിക്ക് മറുപടിയില്ല എന്നും വി വി രാജേഷ് പറഞ്ഞു.
അദ്ദേഹം പറയുന്നതൊക്കെ താൻ ആസ്വദിക്കുകയാണ്. എയർപോർട്ടിൽ പോയിരുന്നെങ്കിൽ 40 വാഹനങ്ങളുടെ പിന്നിലായിരിക്കും തന്റെ വാഹനം. പ്രധാനമന്ത്രി തമ്പാനൂരിൽ എത്തുമ്പോൾ താൻ പിഎംജിയിൽ ആയിരിക്കും. പിന്നീട് ഒരു വാഹനവും ആ വഴി കടത്തിവിടില്ല. പ്രധാനമന്ത്രി വേദിയിൽ കയറിയാൽ പിന്നീട് ആരെയും കയറ്റിവിടില്ല. പ്രോട്ടോകോളിനെ കുറിച്ച് വി.ശിവൻകുട്ടി ഒന്നും പറയേണ്ട. ശിവൻകുട്ടി നിയമസഭയിൽ നടത്തിയ പ്രോട്ടോകോൾ നമ്മൾ കണ്ടതാണെന്നും വി വി രാജേഷ് പരിഹസിച്ചു.