പേരാമ്പ്രയിൽ കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവത്തിൽ തീപിടിത്തം ആസൂത്രിതമെന്ന് പൊലീസിൻറെ കണ്ടെത്തൽ. മരിച്ച സോനയെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തിവരികയാണ്. അപകടത്തിന് മുൻപ് ഒരു സ്ത്രീ പെട്രോൾ വാങ്ങിയതിൻറെ തെളിവ് കിട്ടിയെന്ന് പൊലീസ് പറയുന്നു. ഇതാരാണെന്ന് സ്ഥിരീകരിക്കാനുള്ള അന്വേഷണത്തിലാണ് പൊലീസ്.
വാഹനത്തിൻ്റ തകരാർ അല്ല തീപിടിത്തത്തിന് കാരണമെന്ന് പരിശോധനയിൽ വ്യക്തമായിരുന്നു. തീ പടർന്നത് എൻജിനിൽ നിന്നല്ല എന്നും മോട്ടോർ വാഹന വകുപ്പിൻ്റെ പരിശോധനയിൽ ബോധ്യമായി. കാറിൽ പെട്രോളുമായി പോകുമ്പോഴായിരുന്നു തീപിടിത്തമെന്നാണ് ലഭിക്കുന്ന സൂചന.
അതേസമയം, സോനയും ഭർത്താവ് രജിൻ ലാലും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. അപകടം നടന്ന ദിവസം സോന ബന്ധുവിൻറെ വീട്ടിലായിരുന്നു. അന്ന് പുറത്തു പോയ സോന എന്തെല്ലാം കാര്യങ്ങൾ ചെയ്തുവെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. അന്ന് വൈകിട്ട് തന്നെയാണ് സോനയെ രജിൻ ലാൽ വിളിച്ചു കൊണ്ടുപോയത്. വീട്ടിലേക്കുള്ള വഴിമധ്യേയായിരുന്നു അപകടം.
രാജിന് ലാലിന് 60 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. ഇയാൾ ചികിത്സയിലാണ്. രജിൻ ലാലിൻറെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കാറിൻറെ പിൻസീറ്റിലായിരുന്നു സോന. പെട്രോളിൻറെ മണം തനിക്ക് കിട്ടിയെന്നും എന്താണ് പെട്രോളിൻറെ മണം എന്ന് താൻ ചോദിച്ചപ്പോഴേക്കും തീ പടർന്നു എന്നുമാണ് രജിൻ ലാലിൻറെ മൊഴി. ഇതെല്ലാം പരിഗണിച്ച് വിശദമായ അന്വേഷണത്തിലാണ് പൊലീസ്.