തെരഞ്ഞെടുപ്പ് ഫലം വരാൻ ഇനി മിനിറ്റുകൾ മാത്രം ബാക്കി നിൽക്കേ മുഖ്യമന്ത്രി പിണറായി വിജയൻറെ പേരിൽ വിഷ്ണുപൂജ വഴിപാട്. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള പള്ളിക്കുന്ന് കാനത്തൂർ മഹാവിഷ്ണു ക്ഷേത്രത്തിലാണ് വഴിപാട് നടത്തുന്നത്. പള്ളിക്കുന്നിലെ ക്ഷേത്രവുമായി നിരന്തരം ബന്ധപ്പെടുന്ന ഒരു ഭക്തനാണ് വഴിപാട് നടത്തുന്നത്. പിണറായി വിജയൻ, ചോതി നക്ഷത്രം എന്ന പേരിലാണ് വഴിപാട് ചീട്ട്. 250 രൂപയാണ് വഴിപാട് തുക. ഞായറാഴ്ച വഴിപാട് ചീട്ടാക്കിയെങ്കിലും വോട്ടെണ്ണൽ ദിവസമായ ഇന്നാണ് പൂജ.
കേരളം ഇത്തവണ ആർക്കൊപ്പമെന്ന് നിർണ്ണയിക്കുന്ന നിർണ്ണായക രാഷ്ട്രീയ പോരാട്ടത്തിന്റെ വോട്ടെണ്ണൽ ആരംഭിക്കാൻ ഇനി മിനിറ്റുകൾ മാത്രം. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലെ വിജയികളാരെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. എൽഡിഎഫ് മൂന്നാമൂഴം ലക്ഷ്യമിടുമ്പോൾ അധികാരത്തിൽ തിരിച്ചെത്താനുള്ള പോരാട്ടത്തിലാണ് യുഡിഎഫ്.
സിപിഐഎം നയിക്കുന്ന ഇടതു മുന്നണിയും കോൺഗ്രസ് നയിക്കുന്ന യുഡിഎഫും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയും നേർക്കുനേർ മത്സരിച്ച കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാണ്. സംസ്ഥാനത്ത് 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് ഒരൊറ്റ ഘട്ടമായി ഏപ്രിൽ 9ന് വോട്ടെടുപ്പ് നടന്നത്.
79.70 ശതമാനമായിരുന്നു ഇത്തവണ കേരളത്തിലെ പോളിംഗ് ശതമാനം. ഏപ്രിൽ 29ന് പുറത്ത് വന്ന ഭൂരിപക്ഷം എക്സിറ്റ് പോളുകളും യുഡിഎഫ് ഭരണം തിരിച്ച് പിടിക്കുമെന്നാണ് പ്രവചിക്കുന്നത്. എന്നാൽ സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന സൂചനയായാണ് എൽഡിഎഫ് ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾ വിലയിരുത്തപ്പെടുന്നത്.