വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവിൽ, ചർച്ചയാകാമെന്ന മുഖ്യമന്ത്രി വിഡി സതീശന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി. വിശദമായ ചര്‍ച്ചയാകാമെന്ന മുഖ്യമന്ത്രിയെടുത്ത തീരുമാനം ധീരതയാണെന്നും പ്രതിസന്ധികള്‍ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നവരുടെ നിലപാടുകളെ തള്ളിക്കളയാനുമുള്ള മുഖ്യമന്ത്രിയുടെ ആര്‍ജവത്തെ അഭനന്ദിക്കുന്നുവെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.
മുഖ്യമന്ത്രി എടുത്ത നിലപാട് അഭിനന്ദനം അർഹിക്കുന്നു. ലഹരിക്ക് അനുകൂലമെന്ന് തോന്നുന്ന ഒരു നിലപാടും സ്വീകരിക്കരുതെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു. മദ്യത്തിന് അനുകൂലമായ ഒരു നിലപാടും പൊതുസമൂഹം സ്വീകരിക്കില്ലെന്നാണ് ഉറച്ച വിശ്വാസമെന്ന് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. അതേസമയം വിവാദങ്ങൾക്കിടെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറക്കുന്നതിനുളള ബജറ്റ് നിർദ്ദേശം ചർച്ച ചെയ്യാൻ യു.ഡി.എഫ് യോഗം ചേരും.
സർക്കാരിലെ ബോർഡ് കോർപ്പറേഷൻ വിഭജനത്തിനായി ബജറ്റിന് ശേഷം മുന്നണി യോഗം ചേരാൻ നേരത്തെ തീരുമാനിച്ചിരുന്നതാണ്. വിവാദത്തിന്റെ പശ്ചാത്തലത്തിൽ നികുതി കുറയ്ക്കൽ പ്രധാന ചർച്ചാ വിഷയമാകും. എന്നാൽ നികുതി പരിഷ്കാരം ധനബില്ലിന്റെ ഭാഗമാക്കി അവതരിപ്പിക്കാനാണ് മുഖ്യമന്ത്രി വി.ഡി.സതീശന്റെ തീരുമാനം.