പത്തനംതിട്ട എം.പി ആന്റോ ആന്റണിക്കെതിരെ ആരോപണവുമായി നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് ഫിനാന്‍സ് സ്ഥാപന ഉടമയും കേരള കോണ്‍ഗ്രസ് (എം) നേതാവുമായ എന്‍ എം രാജു. തിരഞ്ഞെടുപ്പ് സമയത്ത് രണ്ടുകോടി രൂപ വാങ്ങിയിട്ട് തിരികെ നല്‍കിയിട്ടില്ലെന്നാണ് തിരുവല്ല നെടുമ്പറമ്പില്‍ ഫിനാന്‍സ് ഉടമയുടെ ആരോപണം. രണ്ട് മാസത്തിനകം തിരികെ നല്‍കാമെന്ന ഉറപ്പില്‍ ആന്റോ ആന്റണി തന്റെ പക്കല്‍നിന്ന് രണ്ടുകോടി രൂപ വാങ്ങിയെന്നും, എന്നാല്‍ ഏഴ് വര്‍ഷം കഴിഞ്ഞിട്ടും 20 ലക്ഷം രൂപ മാത്രമാണ് തിരികെ നല്‍കിയതെന്നുമാണ് രാജു ശനിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തിയത്.
ആന്റോ ആന്റണി എംപിയ്ക്ക് നല്‍കിയത് നിക്ഷേപകരുടെ പണമാണെന്നും വിവരം ഇഡിയെയും ക്രൈംബ്രാഞ്ചിനേയും അറിയിച്ചുവെന്നും എന്‍എം രാജു പറയുന്നു. 2018-19 കാലയളവില്‍ പണം നല്‍കുമ്പോള്‍ കേരള കോണ്‍ഗ്രസ് (എം) യു.ഡി.എഫിലായിരുന്നു. എന്നാല്‍, പിന്നീട് മുന്നണിയില്‍നിന്ന് പുറത്താക്കപ്പെട്ടതോടെ എല്‍.ഡി.എഫുമായി സഹകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആന്റോ ആന്റണി 2019 തെരഞ്ഞെടുപ്പിന്റെ പ്രചരണ സമയത്ത് പല തവണ വന്നിരുന്നു, പ്രചരണത്തിന്റെ ഭാഗമായി 2 കോടി രൂപ പലിശക്ക് നല്‍കി. രണ്ട് മാസത്തിനകം പണം നല്‍കുമെന്നാണ് പറഞ്ഞത്. വര്‍ഷം 7 കഴിഞ്ഞിട്ടും പണം നല്‍കിയിട്ടില്ല. ഇതുവരെ 20 ലക്ഷം മാത്രമാണ് നല്‍കിയത്. ഈടൊന്നും നല്‍കാതെയാണ് പണം നല്‍കിയത് എന്നും എന്‍ എം രാജു വ്യക്തമാക്കി.
പത്ത് ലക്ഷം രൂപവീതം രണ്ട് തവണകളായാണ് ഈ തുക ലഭിച്ചത്. തന്റെ സ്ഥാപനം വലിയ പ്രതിസന്ധി നേരിട്ട ഘട്ടത്തില്‍ മകള്‍ ഉള്‍പ്പെടെ എം.പിയുടെ വീട്ടില്‍ചെന്ന് പണം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം നല്‍കാന്‍ തയ്യാറായില്ലെന്നും ആയിരം തവണയെങ്കിലും പണത്തിനായി അദ്ദേഹത്തെ സമീപിച്ചിട്ടുണ്ടെന്നും കരഞ്ഞുകാലുപിടിച്ചിട്ടും പണം നല്‍കിയില്ലെന്നും രാജു ആരോപിച്ചു. ആന്റോ ആന്റണിയുമായുള്ള വ്യക്തിപരമായ ബന്ധത്തിന്റെ പുറത്താണ് യാതൊരു ഈടുമില്ലാതെ (കൊളാറ്ററല്‍) ഓഫീസിലെ അക്കൗണ്ട് വഴി ഈ പണം നല്‍കിയത്. അന്ന് തങ്ങള്‍ യു.ഡി.എഫിന്റെ ഭാഗമായിരുന്നതിനാലാണ് ഇത്തരമൊരു സഹായം ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. പണമിടപാടില്‍ യാതൊരു അസ്വാഭാവികതയുമില്ലെന്നും എല്ലാ രേഖകളും കൃത്യമാണെന്നും എന്‍.എം. രാജു പറഞ്ഞു. യാതൊരു ഈടുമില്ലാതെ പണം നല്‍കിയത് കള്ളപ്പണമാണോ എന്ന ചോദ്യത്തിന്, പണം എം.പി എങ്ങനെ ഉപയോഗിച്ചു എന്നത് അദ്ദേഹത്തോടാണ് ചോദിക്കേണ്ടതെന്നും താന്‍ വസ്തുതകള്‍ മാത്രമാണ് പറയുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
പണം തിരികെ ലഭിക്കണമെന്ന ആഗ്രഹം ഉള്ളതുകൊണ്ടാണ് ഇതുവരെ പോലീസില്‍ പരാതി നല്‍കാതിരുന്നതെന്നും ഇപ്പോള്‍ ഈ വിഷയം പരസ്യമാക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും എന്‍എം രാജു പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന ഫിനാന്‍സ് സ്ഥാപനത്തിന്റെ ഉടമയാണ് എന്‍.എം. രാജു. തന്ത്രി കണ്ഠര് രാജീവര് സ്ഥാപനത്തില്‍ പണം നിക്ഷേപിച്ചത് സംബന്ധിച്ച് അന്വേഷിക്കാനായി നെടുംപറമ്പില്‍ ഫിനാന്‍സില്‍ കഴിഞ്ഞ ദിവസം ഇഡി റെയ്ഡ് നടത്തിയിരുന്നു. തന്ത്രി കണ്ഠര് രാജീവരര്‍ക്ക് സ്ഥാപനത്തില്‍ നിക്ഷേപമില്ലെന്നാണ് ഫിനാന്‍സ് ഉടമ എന്‍ എം രാജു വ്യക്തമാക്കുന്നത്.
നിക്ഷേപ തട്ടിപ്പ് കേസില്‍ രണ്ടു വര്‍ഷമായി ഇഡി അന്വേഷണം നേരിടുകയാണ് തിരുവല്ല നെടുമ്പറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ്, അന്വേഷണത്തിന്റെ ഭാഗമായി സ്ഥാപനത്തിന്റെ 44 കോടി രൂപയുടെ സ്വത്തുക്കള്‍ മരവിപ്പിച്ചിട്ടുണ്ട്. നൂറു കണക്കിന് നിക്ഷേപകരില്‍ നിന്ന് കൈപ്പറ്റിയ തുക ഉപയോഗിച്ച് സ്ഥാപന ഉടമ എന്‍എം രാജുവും കൂട്ടാളികളും വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയെന്നും ഇഡി കണ്ടെത്തിയിരുന്നു. പത്തനംതിട്ട, എറണാകുളം ജില്ലകളിലായി ഒട്ടേറെ പൊലീസ് കേസുകള്‍ ആണ് ഈ സ്ഥാപനത്തിന്റെ തട്ടിപ്പിനെതിരെ ഉള്ളത്. 2014 മേയ് ഏഴിന് സ്ഥാപനയുടമ എന്‍.എം.രാജു, ഭാര്യ ഗ്രേസ്, മക്കളായ അലന്‍ ജോര്‍ജ്, അന്‍സന്‍ ജോര്‍ജ് എന്നിവരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
2024 ജൂലൈ മുതല്‍ ഈ തട്ടിപ്പില്‍ ഇഡി അന്വേഷണം തുടരുകയാണ്. ഇതിനിടെയാണ് സ്വര്‍ണക്കൊള്ള കേസില്‍ ജയിലില്‍ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ഇവിടെ നിക്ഷേപം ഉണ്ടായിരുന്നു എന്ന ആരോപണം ഉയരുന്നത്. തന്ത്രി ഈ സ്ഥാപനത്തില്‍ രണ്ടരക്കോടി രൂപ നിക്ഷേപിച്ചിരുന്നു എന്നും, സ്ഥാപനം പൊട്ടിയപ്പോള്‍ അദ്ദേഹം പരാതിപോലും നല്‍കിയില്ലെന്നും ആയിരുന്നു ആരോപണം. ഇതില്‍ വ്യക്തത വരുത്താന്‍വ്യാഴാഴ്ച ഇവിടെ ഇഡി റെയ്ഡ് നടത്തി രേഖകള്‍ പിടിച്ചെടുത്തു.