കുത്തഴിഞ്ഞ പൊലീസ് സേനയെ ശക്തമാക്കാന്‍ മനോജ് എബ്രഹാമിനെ തലപ്പത്തേക്ക് കൊണ്ടുവരുവാന്‍ നീക്കം; രവാഡയ്ക്ക് ശേഷം പൊലീസ് മേധാവിയ്ക്കായി ഒരുക്കം തുടങ്ങി

കുത്തഴിഞ്ഞ കേരളത്തിലെ പൊലീസ് സംവിധാനത്തെ ശക്തിപ്പെടുത്താന്‍ അടിമുടി മാറ്റത്തിനൊരുങ്ങുകയാണ് വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാര്‍. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പൊലീസ് സേനയുടെ വിശ്വാസ്യതയും വീര്യവും വര്‍ധിപ്പിക്കാന്‍ തലപ്പത്ത് നിന്നേ മാറ്റത്തിന് ഒരുങ്ങി കഴിഞ്ഞു. സ്റ്റേഷന്‍ എസ്.എച്ച്.ഒ മുതല്‍ സംസ്ഥാന പൊലീസ് ആസ്ഥാനത്ത് വരെ വലിയ രൂപത്തിലുള്ള പൊളിച്ചെഴുത്താണ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ആഭ്യന്തര വകുപ്പും വി ഡി സര്‍ക്കാരും ഉദ്ദേശിക്കുന്നത്.

നിലവിലെ പൊലീസ് മേധാവി രവാഡ ചന്ദ്രശേഖര്‍ ജൂണ്‍ 30 ന് വിരമിക്കുമെന്നിരിക്കെ പൊലീസ് തലപ്പത്ത് അഴിച്ചുപണി ആവശ്യമാണ്. ഭരണമാറ്റം മുന്നില്‍ കണ്ട്, കഴിഞ്ഞ പിണറായി സര്‍ക്കാറിന്റെ അവസാന കാലത്ത് ഒരു വര്‍ഷത്തേക്ക് കൂടി രവാഡ ചന്ദ്രശേഖറിന് കാലാവധി നീട്ടി കൊടുത്തിട്ടുണ്ടെങ്കിലും ഈ തീരുമാനം യു ഡി എഫ് സര്‍ക്കാര്‍ അംഗീകരിച്ചില്ലങ്കില്‍ കൃത്യസമയത്ത് തന്നെ രവാഡ ചന്ദ്രശേഖറിന് സര്‍വ്വീസില്‍ നിന്നും വിരമിക്കേണ്ടതായി വരും. കഴിഞ്ഞ 10 വര്‍ഷത്തെ ഇടതുപക്ഷ ഭരണകാലത്ത് പുതുതായി നിരവധി ഐപിഎസ് ഓഫീസര്‍മാരാണ് കേരള കേഡറിലേക്ക് എത്തിയിരിക്കുന്നതെന്നത് കൊണ്ട് ആഭ്യന്തര വകുപ്പിനെ കൈകാര്യം ചെയ്യുന്നത് കൃത്യമായ ധാരണയില്‍ വേണമെന്ന് വി ഡി സതീശനും രമേശ് ചെന്നിത്തലയ്ക്കും അറിയാം. ഈ പുതിയ ഐപിഎസുകാരുമായി കാര്യമായ ഒരു ബന്ധവും മുഖ്യമന്ത്രി വിഡി സതീശനോ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കോ ഇല്ലന്നതാണ് യാഥാര്‍ത്ഥ്യമെന്നിരിക്കെ തലപ്പത്തേക്ക് കേരള കേഡറില്‍ സുപരിചിതനായ ഒരാളെ കൊണ്ടുവരാനാണ് നീക്കം.

നല്ലൊരു വിരമിക്കല്‍ പദവി രവാഡ ചന്ദ്രശേഖറിന് വി ഡി സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുകയും, വിരമിക്കല്‍ തീയതിക്ക് ശേഷം തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് രവാഡ ചന്ദ്രശേഖര്‍ ഒരു അഭ്യര്‍ത്ഥന നല്‍കുകയും ചെയ്താല്‍ സര്‍ക്കാരിന് മുന്നോട്ടുള്ള കാര്യങ്ങള്‍ സുഗമമാകും. ഈ അഭ്യര്‍ത്ഥനയുടെ അടിസ്ഥാനത്തില്‍, സര്‍ക്കാരിന് പിണറായി സര്‍ക്കാരിന്റെ കാലത്തെ എക്സ്റ്റന്‍ഷന്‍ ഉത്തരവ് റദ്ദാക്കുവാനും ഓഗസ്റ്റ് 1 മുതല്‍ പുതിയ ഡിജിപിയെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുവാനും എളുപ്പത്തില്‍ കഴിയും. ഇത്തരം ഏതൊരു നീക്കവും സുപ്രീം കോടതി ഉത്തരവിനോട് പൂര്‍ണ്ണമായും യോജിക്കുന്നതായിരിക്കുമെന്നതാണ് ഈ നടപടി ക്രമത്തിലേക്ക് വി ഡി സര്‍ക്കാര്‍ നീങ്ങുന്നതിന് പിന്നില്‍. അതിനായി മുന്‍ ഡിജിപി ലോക്നാഥ് ബഹ്‌റയെ കൊച്ചി മെട്രോ എംഡി സ്ഥാനത്ത് നിന്നും മാറ്റി പകരം രവാഡ ചന്ദ്രശേഖറിനെ ആ സ്ഥാനത്ത് നിയമിക്കാനുള്ള ആലോചനയും ഭരണതലപ്പത്ത് നടക്കുന്നുണ്ട്.

രവാഡ ചന്ദ്രശേഖറിന് സംസ്ഥാനത്തെ പൊലീസ് സംവിധാനത്തെ വിചാരിച്ച രീതിയില്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാത്തത് ഒരു ന്യൂനതയായി പറയപ്പെടുന്നുണ്ട്. 17 വര്‍ഷം കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയില്‍ ഡെപ്യൂട്ടേഷനിലായിരുന്ന രവാഡ ചന്ദ്രശേഖറിന് സംസ്ഥാനത്തെ ക്രമസമാധാന വിഷയങ്ങളില്‍ ഇടപെടാനും പൊലീസ് സേനയെ ശക്തമായി മുന്നോട്ട് കൊണ്ടു പോകാനും പരിമിതികള്‍ ഉള്ളത് വലിയ ന്യൂനതയായാണ് സേനയ്ക്ക് അകത്ത് പോലും വിലയിരുത്തപ്പെടുന്നുണ്ട്. സംസ്ഥാനത്തെ പൊലീസിനുമേല്‍ പൊലീസ് മേധാവിക്ക് തന്നെ നിയന്ത്രണമില്ലാത്ത സാഹചര്യമാണ് നിലവിലുള്ളത് എന്ന അഭിപ്രായം സര്‍ക്കാര്‍ ഉന്നതരിലും ശക്തമാണെന്നിരിക്കെ പൊലീസ് സേനയില്‍ നിന്ന് കരുത്തുറ്റ നിലപാടുള്ള ഒരു ഉദ്യോഗസ്ഥനെ തലപ്പത്തേക്ക് കൊണ്ടുവരാനാണ് ആഭ്യന്തരമന്ത്രി ആഗ്രഹിക്കുന്നത്.

ഇടതുപക്ഷ ഭരണകാലത്ത് പൊലീസ് സേന നിര്‍വീര്യമാക്കപ്പെട്ട അവസ്ഥയിലാണുതെന്ന നിലപാടാണ് ആഭ്യന്തര മന്ത്രിയ്ക്കുമുള്ളത്. അതുകൊണ്ടു തന്നെയാണ് ചുമതല ഏറ്റെടുത്ത ഉടനെ തന്നെ ഐ.പി.എസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് കര്‍ശന നിര്‍ദ്ദേശം നല്‍കിയതും. രവാഡ ചന്ദ്രശേഖറെ മാറ്റുകയാണെങ്കില്‍ ഈ വിവരം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ട്. തുടര്‍ന്ന് യുപിഎസ് സിക്ക് യോഗ്യരായ ഐപിഎസ് ഉദ്ദ്യോഗസ്ഥരുടെ പട്ടികയും കൈമാറേണ്ടതുണ്ട്. ആ ലിസ്റ്റില്‍ നിന്നും മൂന്ന് പേരുടെ ചുരുക്കപ്പട്ടികയാണ് വിശദമായ പരിശോധനയ്ക്ക് ശേഷം യുപിഎസ് സി തിരിച്ചയക്കുക.

നിലവിലെ കേരള പൊലീസ് സേനയിലെ അധികാര ശ്രേണി പ്രകാരം ചുരുക്കപ്പട്ടികയില്‍ ഇടംപിടിക്കാന്‍ പോകുന്നത് മുതിര്‍ന്ന ഐപിഎസ് ഉദ്ദ്യോഗസ്ഥരായ യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, സുരേഷ് രാജ് പുരോഹിത് എന്നിവരായിരിക്കും. ഇതില്‍ സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ച് ആദ്യ പരിഗണന മനോജ് എബ്രഹാമിന് തന്നെ ആയിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മറ്റ് രണ്ട് ഐപിഎസ് ഉദ്ദ്യോഗസ്ഥരേക്കാള്‍ സംസ്ഥാന പൊലീസ് തലപ്പത്ത് ക്രമസമാധാന ചുമതലയില്‍ പ്രവര്‍ത്തിച്ച പരിചയവും മനോജ് എബ്രഹാമിന് ഉള്ളത് മനോജ് എബ്രഹാമിനെ ആദ്യ പേരുകാരനാക്കും. ഇന്ന് കേരളത്തിലെ പൊലീസ് സേനയ്ക്ക് അകത്ത്, സാധാരണ സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ മുതല്‍ ഐപിഎസ് ഓഫീസര്‍മാര്‍ക്കിടയില്‍ വരെ ഏറ്റവും ശക്തമായ സ്വാധീനമുള്ളതും മനോജ് എബ്രഹാമിനാണ് എന്നാണ് പരക്കെ പറയപ്പെടുന്നത്.

ഗുണ്ടകളുടെ വിളയാട്ടവും, മയക്കു മരുന്ന് മാഫിയകളുടെ തള്ളിച്ചയും ശക്തമായി തുടരുന്ന കേരളത്തില്‍ ഈ വിഭാഗത്തെ അടിച്ചമര്‍ത്തി വേരറുക്കുന്നതോടൊപ്പം രാഷ്ട്രീയമായ വെല്ലുവിളികളെയും പൊലീസിന് നേരിടേണ്ടതുണ്ടെന്നിരിക്കെ മനോജ് എബ്രഹാമാണ് ഇപ്പോള്‍ പൊലീസ് തലപ്പത്ത് വരാന്‍ മികച്ചയാള്‍ എന്നാണ് അകത്തും പുറത്തുമുള്ള സംസാരം. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ ഉണ്ടായ കേരള സര്‍വ്വകലാശാലാ യൂണിയന്‍ തിരഞ്ഞെടുപ്പിലെ സംഭവവികാസങ്ങളും പൊലീസ് സേനയുടെ ന്യൂനത വെളിവാക്കുന്നുണ്ട്. കേരള സര്‍വ്വകലാശാലാ യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ എസ് എഫ് ഐ – കെ എസ് യു സംഘര്‍ഷം തിരുവനന്തപുരം നഗരത്തില്‍ വന്‍ അരാജകത്വം സൃഷ്ടിക്കുമ്പോള്‍ പൊലീസിന് ഫലപ്രദമായി സംഘര്‍ഷം തടയാന്‍ കഴിയാതിരുന്നതിന്റെ കാരണം, ആ സിസ്റ്റം തന്നെ പരാജയമായതിനാലാണെന്ന വിമര്‍ശനം ശക്തമാണ്. താഴെതട്ടുമുതല്‍ മുകള്‍തട്ടുവരെ പൊലീസ് സേനയിലെ സിസ്റ്റം ശരിയാക്കിയില്ലെങ്കില്‍ ക്രമസമാധാന പാലനം സുഗമമാവുകയില്ലെന്ന് വകുപ്പ് മേധാവിയായ ആഭ്യന്തര മന്ത്രിക്കറിയാം.

ഭരണം കൈവിട്ടുപോയ സി.പി.എമ്മും അവരുടെ യുവജന- വിദ്യാര്‍ത്ഥി സംഘടനകളും ഇനിയുള്ള അഞ്ച് വര്‍ഷവും ശക്തമായ തെരുവിലിറങ്ങുമെന്നതിനാല്‍ ശക്തമായ പൊലീസിങ് ഇല്ലങ്കില്‍ അത് സര്‍ക്കാറിനെ സംബന്ധിച്ച് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുക എന്നറിയാവുന്നവരാണ് വി ഡി സതീശനും രമേശ് ചെന്നിത്തലയും. ഇവിടെയാണ് പൊലീസ് ചരിത്രം നോക്കുമ്പോള്‍ മനോജ് എബ്രഹാമിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നത്. സി.ഐയെ ബോംബെറിഞ്ഞ അക്രമകാരികളെ പിടിക്കാന്‍ തിരുവനന്തപുരം എംജി കോളജിനകത്ത് കയറിയ ഒരു ചരിത്രം മനോജ് എബ്രപഹാമിനുണ്ട്. അന്ന് സിറ്റി പൊലീസ് കമ്മീഷണറെയും സംഘത്തെയും തടയാന്‍ ഐജിക്ക് തന്നെ സ്ഥലത്ത് നേരിട്ട് എത്തേണ്ടി വന്നു എന്നതും ആരും മറന്നിട്ടുണ്ടാവില്ല. ഇതെല്ലാം പരിഗണിച്ചാവും പൊലീസ് മേധാവിയെ യുഡിഎഫ് സര്‍ക്കാര്‍ നിയമിക്കുക.

പൊലീസ് മേധാവി സ്ഥാനത്തേക്ക് മനോജ് എബ്രഹാമിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്ന മറ്റൊരു ഘടകം സാമുദായിക ബാലന്‍സ് യുഡിഎഫ് സര്‍ക്കാര്‍ പരിഗണിക്കും എന്നതാണ്. സംസ്ഥാന പൊലീസ് മേധാവിയായി ജേക്കബ് പുന്നൂസിന് ശേഷം ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട മറ്റൊരു ഐപിഎസ് ഓഫീസറും വന്നിട്ടില്ല. 2012 ആഗസ്റ്റ് 31 ന് ആണ് ജേക്കബ് പുന്നൂസ് സര്‍വ്വീസില്‍ നിന്നും വിരമിച്ചിരുന്നത്. 14 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട ഒരു ഐ.പി.എസ് ഓഫീസറെ സംസ്ഥാന പൊലീസ് മേധാവിയാക്കാന്‍ കിട്ടുന്ന അവസരം കോണ്‍ഗ്രസ്സ് നേതൃത്വം പാഴാക്കില്ലന്നാണ് രാഷ്ട്രീയ നിരീക്ഷകരും കരുതുന്നത്. മനോജ് എബ്രഹാമിന് സാധ്യത പറയുന്നവര്‍ ചൂണ്ടിക്കാട്ടുന്നതും നിയമസഭ തിരഞ്ഞെടുപ്പ് ഫലം തന്നെയാണ്. എറണാകുളം, കോട്ടയം, പത്തനംതിട്ട, ഇടുക്കി തുടങ്ങി…. ക്രൈസ്തവ വോട്ടുകള്‍ ശക്തമായ ജില്ലകളില്‍ യുഡിഎഫിന് അനുകൂലമായി വലിയ തരംഗമാണ് ഉണ്ടായിരിക്കുന്നത്. ഇതൊന്നും പരിഗണിക്കാതെ യു ഡി എഫ് സര്‍ക്കാറിന് നിയമനങ്ങള്‍ നടത്താന്‍ കഴിയില്ലന്നതാണ് രാഷ്ട്രീയ നിരീക്ഷകരും വിമര്‍ശകരും ഉയര്‍ത്തുന്ന വാദം.

എകെ ആന്റണി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് കണ്ണൂരിലെ രാഷ്ട്രീയ കലാപം അടിച്ചമര്‍ത്താന്‍ പ്രത്യേകം നിയോഗിച്ചത് മനോജ് എബ്രഹാമെന്ന ഐപിഎസ് ഉദ്ദ്യോഗസ്ഥനെയാണെന്നതും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഉമ്മന്‍ ചാണ്ടിയുടെ ഭരണ കാലത്തും മനോജ് എബ്രഹാമിന് തന്ത്രപ്രധാന ചുമതലകളാണ് നല്‍കിയിരുന്നത്. നേരത്തെ ഷെയ്ഖ് ദര്‍വേഷ് സാഹിബ് സംസ്ഥാന പൊലീസ് മേധാവി പദവിയില്‍ നിന്നും വിരമിച്ച ഒഴിവില്‍ മനോജ് എബ്രഹാം പൊലീസ് മേധാവിയായി നിയമിക്കപ്പെടുമെന്നാണ് പൊതുവെ കരുതപ്പെട്ടതെങ്കിലും, മനോജ് എബ്രഹാമിനെ ഒഴിവാക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി തന്നെ നേരിട്ട് രംഗത്തിറങ്ങുകയാണുണ്ടായത്. മനോജ് എബ്രഹാം പൊലീസ് മേധാവി ആയാല്‍ തന്റെ ‘അജണ്ടകള്‍’ നടക്കില്ലന്നത് ഏറ്റവും നന്നായി അറിയാമായിരുന്നതും പൊളിറ്റിക്കല്‍ സെക്രട്ടറിക്കു തന്നെ ആയിരുന്നു എന്നതും ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഡല്‍ഹിയിലെ ഐബി ആസ്ഥാനത്ത് തുടരാന്‍ താല്പര്യപ്പെട്ടിരുന്ന രവാഡ ചന്ദ്രശേഖര്‍, കേരളത്തിലേക്ക് മടങ്ങാന്‍ തയ്യാറാണെന്ന് ചുണ്ടിക്കാട്ടി ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയത് തന്നെ പി ശശിയുടെ ഇടപെടലിനെ തുടര്‍ന്നാണ് എന്നാണ് പരക്കെ പറയുന്ന കാര്യം. ഇതോടെയാണ് സീനിയോറ്റി പ്രകാരം തയ്യാറാക്കപ്പെട്ട യുപിഎസ് സിയുടെ ചുരുക്കപ്പട്ടികയില്‍ മനോജ് എബ്രഹാം ഉള്‍പ്പെടാതെ പോയിരുന്നത്. നിതിന്‍ അഗര്‍വാള്‍, രവാഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത എന്നിവര്‍ പട്ടികയില്‍ ഇടംപിടിച്ചപ്പോള്‍, രവാഡ ചന്ദ്രശേഖറിനെ സംസ്ഥാന പൊലീസ് മേധാവിയായി പിണറായി സര്‍ക്കാര്‍ നിയമിക്കുകയാണുണ്ടായത്.

വിജിലന്‍സ് മേധാവിയായി മനോജ് എബ്രഹാമിനെ പിണറായി സര്‍ക്കാര്‍ നിയമിച്ചെങ്കിലും, ഉന്നതര്‍ക്ക് എതിരായ പരാതികളില്‍ അന്വേഷണം നടത്താന്‍ അനുമതി നല്‍കാതെ, ബന്ധപ്പെട്ട ഫയലുകള്‍ സെക്രട്ടറിയേറ്റില്‍ പിടിച്ചു വയ്ക്കുകയാണുണ്ടായത്. ഈ നിലപാടില്‍ കടുത്ത അതൃപ്തിയിലാണ് വിജിലന്‍സ് ഡയറക്ടര്‍ ഉള്ളതെന്നാണ് വിജിലന്‍സ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നത്. ഭരണമാറ്റം ഉണ്ടായ സ്ഥിതിക്ക് ഈ ഫയലുകളില്‍ പുതിയ സര്‍ക്കാറിന്റെ നിലപാട് എന്തായിരിക്കും എന്നതാണ് ഇനി കണ്ടറിയേണ്ടത്. മനോജ് എബ്രഹാമിനെ സംസ്ഥാന പൊലീസ് മേധാവിയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍, പിന്നെ ക്രമസമാധാന ചുമതലയില്‍ എഡിജിപി എന്ന തസ്തികയ്ക്ക് തന്നെ പ്രസക്തിയുണ്ടാവുകയില്ല. നിരവധി പരാതികള്‍ വന്ന അഡിമിനിസ്‌ട്രേഷന്‍ എഡിജിപിയായുള്ള എസ് ശ്രീജിത്തിനും ഇതോടെ അധികാരത്തില്‍ നിഷ്പ്രഭനാകും.

പിണറായി വിജയന്‍ മുഖ്യമന്ത്രിയായ കഴിഞ്ഞ പത്തു വര്‍ഷവും പൊലീസ് ഭരണം നടത്തിയിരുന്നത് പൊളിറ്റിക്കല്‍ സെക്രട്ടറിമാരാണെമന്ന ആക്ഷേപം പൊലീസ് സേനയിലുണ്ട്. പി ശശിയെ പോലുള്ളവരുടെ ഇടപെടലുകളില്‍ സഹികെട്ട ഐ.പി.എസുകാര്‍ കടുത്ത നിലപാടിലാണെന്നും അവരെല്ലാം ആഗ്രഹിക്കുന്നത് ആരുടെ മുന്നിലും തലകുനിക്കാത്ത ശക്തനായ ഒരു പൊലീസ് മേധാവിയെ ആണെന്നുമാണ് പൊലീസ് സേനയ്ക്കകത്തു നിന്നുള്ള വിവരം.

Latest Stories

പ്രധാനമന്ത്രിയുമായി ആദ്യ ഔദ്യോഗിക കൂടിക്കാഴ്ച നടത്തി വി. ഡി. സതീശൻ; മോദിക്ക് കഥകളി ശില്പം സമ്മാനിച്ചു

ബലാത്സംഗ കേസ്; എൽദോസ് കുന്നപ്പിള്ളിയെ വെറുതെ വിട്ടു

'മരിക്കാനല്ല പോരാടാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്, എസ്എഫ്ഐ നേതാക്കള്‍ വീണുപോയാൽ സമരം ഏറ്റെടുക്കാന്‍ ലക്ഷകണക്കിന് പ്രവര്‍ത്തകരുണ്ടാകും'; എം ശിവപ്രസാദ്

'വനിതാ പൊലീസ് സ്‌റ്റേഷനിൽ വെച്ച് മൂന്ന് മണിക്കൂറോളമാണ് അവർ എന്നെ മാനസികമായി പീഡിപ്പിച്ചത്, എസ്ഐയുടെ മുന്നിൽ വെച്ച് കടുത്ത ഭാഷയിൽ തെറിവിളിച്ചു'; അൻസിബ ഹസൻ

പെട്രോളിനും ഡീസലിനും രണ്ട് രൂപ വരെ കൂടിയേക്കും; ഇന്ധനവില വീണ്ടും വർധിപ്പിക്കാനൊരുങ്ങി എണ്ണ കമ്പനികൾ

'അമ്മയിലെ ആഭ്യന്തര പ്രശ്നങ്ങൾ ആളുകൾക്ക് പറഞ്ഞു ചിരിക്കാവുന്ന പോലെ ഇടവരുത്തരുത്, യോ​ഗം ചേർന്ന് പരിഹാരം കണ്ടെത്താൻ ആവശ്യപ്പെട്ടു'; രമേഷ് പിഷാരടി എംഎൽഎ

പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 77.97, പരീക്ഷയെഴുതിയത് 4.25 ലക്ഷം വിദ്യാർത്ഥികൾ

'ആലിൻ ഷെറിൻ ഇനി ബ്രാൻഡ്'; സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവിന്റെ പേരിൽ നോട്ട്ബുക്കുമായി സപ്ലൈകോ

ആലപ്പുഴയിലെ ഗൺമാന്മാരുടെ മർദ്ദനം: പിണറായി വിജയന്റെ ഗണ്‍മാന്‍ ഉള്‍പ്പെടെ അഞ്ചു പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

'പോരാട്ടവീഥിയിൽ എസ് എഫ് ഐ സഖാക്കൾ ഒറ്റയ്ക്ക് ആണെന്ന് കരുതുന്ന ആരെങ്കിലും ഉണ്ടോ...?'; കേരള സർവകലാശാല വിദ്യാർത്ഥി സംഘർഷത്തിൽ വി ശിവൻകുട്ടി