കേരളാ പൊലീസ് തലപ്പത്ത് അഴിച്ചുപണി. ഡിജിപിയായി സ്ഥാനകയറ്റം ലഭിച്ച ടികെ വിനോദ് കുമാറിന് വിജിലൻസ് ഡയറക്ടറായി നിയമനം നൽകി. ഇന്റലിജൻസ് എഡിജിപിയായി മനോജ് എബ്രഹാം നിയമിതനാകും. ജയിൽ മേധാവി സ്ഥാനത്തു നിന്നും കെ. പത്മകുമാറിനെ മാറ്റി. ഫയർ ഫോഴ്സിലേക്കാണ് പത്മകുമാറിന്റെ പുതിയ നിയമനം.
പോലീസ് ആസ്ഥാനം എ ഐ ജി ഹരിശങ്കറിന് പുതിയ ചുമതല നൽകി. സൈബർ ഓപ്പറേഷൻസ് എസ് പിയായാണ് പുതിയ നിയമനം. എപി ഷൗക്കത്ത് അലിയെ ഭീകരവാദ വിരുദ്ധ സേനയിൽ നിന്ന് ക്രൈംബ്രാഞ്ച് എസ് പിയായി മാറ്റി നിയമിച്ചു.
പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥിനെ പോലീസ് ആസ്ഥാനം എഐജിയായി മാറ്റി നിയമിച്ചു. വയനാട് ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് പാലക്കാട്ടെ പുതിയ എസ് പി. ഇന്ത്യ റിസർവ് ബറ്റാലിയൻ കമാൻഡന്റ് പഥംസിംഗിനെ വയനാട് ജില്ലാ പോലീസ് മേധാവിയായി മാറ്റി നിയമിച്ചു.
ബൽറാം കുമാർ ഉപാധ്യായ ആണ് പുതിയ ജയിൽ മേധാവി. കൊച്ചി കമ്മീഷണർ സേതുരാമനെയും മാറ്റി. എ. അക്ബർ കൊച്ചി കമ്മീഷണറാകും. സേതുരാമൻ ഉത്തര മേഖല ഐജിയാകും.നേരത്തെ ഉത്തര മേഖല ഐജിയായിരുന്ന നീരജ് കുമാർ ഗുപ്തക്ക് പൊലീസ് ആസ്ഥാനത്തെ ചുമതല നൽകി. എംആർ അജിത് കുമാറിന് പൊലീസ് ബറ്റാലിയന്റെ അധിക ചുമതലയും നൽകി സർക്കാർ ഉത്തരവിറക്കി.
ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് പൊലീസ് തലപ്പത്ത് അഴിച്ചുപണി നടത്തുന്നത്, കഴിഞ്ഞ 30നും പൊലീസ് തലപ്പത്ത് മാറ്റങ്ങൾ വരുത്തിയിരുന്നു. കെ പത്മകുമാറിനും ഷെയ്‌ക് ദർവേഷ് സാഹിബിനും സ്ഥാനക്കയറ്റം നൽകി. ഇരുവർക്കും ഡിജിപി റാങ്ക് നൽകുകയായിരുന്നു. ഷെയ്‌ക് ദർവേഷ് സാഹിബ് ഫയർഫോഴ്‌സ് മേധാവി സ്ഥാനത്തേക്കാണ്.