"എൻ്റെ രക്തം ഊറ്റിക്കുടിക്കാൻ വെമ്പുന്നവർക്ക് തത്കാലം ആശ്വസിക്കാം": കെ. ടി ജലീൽ

മന്ത്രി കെടി ജലീല്‍ രാജിവെച്ചു. അല്‍പസമയം മുമ്പാണ് മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറിയത്. അതേസമയം തന്റെ രക്തം ഊറ്റിക്കുടിക്കാൻ വെമ്പുന്നവർക്ക് തത്കാലം ആശ്വസിക്കാം എന്ന് ജലീൽ ഫെയ്സ്ബുക്കിൽ കുറിച്ചു. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയ വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു എന്നും ജലീൽ അറിയിച്ചു.

കെ.ടി ജലീലിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

എൻ്റെ രക്തം ഊറ്റിക്കുടിക്കാൻ വെമ്പുന്നവർക്ക് തത്കാലം ആശ്വസിക്കാം. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയ വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു.

കഴിഞ്ഞ രണ്ടു വർഷമായി നീതീകരണമില്ലാത്ത മാധ്യമവേട്ടക്ക് ഇരയാകുന്ന പൊതുപ്രവർത്തകനാണ് ഞാൻ. കട്ടതിൻ്റെ പേരിലോ അഴിമതി നടത്തിയതിൻ്റെ പേരിലോ നയാപൈസയുടെ അവിഹിത സമ്പാദ്യം ഉണ്ടാക്കിയതിൻ്റെ പേരിലോ അന്യൻ്റെ പത്തുപൈസ അന്യായമായി വയറ്റിലാക്കിയതിൻ്റെ പേരിലോ പൊതുഖജനാവിന് ഒരു രൂപ നഷ്ടം വരുത്തിയതിൻ്റെ പേരിലോ ആർഭാട ജീവിതം നയിച്ചതിൻ്റെ പേരിലോ കള്ളപ്പണം സൂക്ഷിച്ചതിൻ്റെ പേരിലോ “ഇഞ്ചികൃഷി” നടത്തി ധനസമ്പാദനം നടത്തിയതിൻ്റെ പേരിലോ ആരുടെയെങ്കിലും ഓശാരം പറ്റി വീടും കാറും മറ്റു സൗകര്യങ്ങളും അനുഭവിച്ചതിൻ്റെ പേരിലോ ദേശദ്രോഹ പ്രവർത്തനം നടത്തിയതിൻ്റെ പേരിലോ തൊഴിൽ നൽകാമെന്ന് പ്രലോഭിപ്പിച്ച് ഡൽഹിയിൽ കൊണ്ടുപോയി ആരെയെങ്കിലും ചൂഷണം ചെയ്തതിൻ്റെ പേരിലോ സുനാമി- ഗുജറാത്ത്-കത്വ- പ്രളയ ഫണ്ടുകൾ പിരിച്ച് മുക്കിയതിൻ്റെ പേരിലോ പാലാരിവട്ടം പാലം പണിയാൻ നീക്കിവെച്ച കോടികൾ അണ്ണാക്ക് തൊടാതെ വിഴുങ്ങിയതിൻ്റെ പേരിലോ സ്വന്തം മകന് സിവിൽ സർവീസ് പരീക്ഷക്ക് മുഖാമുഖത്തിൽ എഴുത്തു പരീക്ഷയിലെ ഒന്നാം റാങ്കുകാരനേക്കാൾ മാർക്ക് ഒപ്പിച്ചു കൊടുത്തതിൻ്റെ പേരിലോ ആയിരുന്നില്ല നിരന്തരമായ, മാപ്പർഹിക്കാത്ത ഈ വേട്ടയാടലുകൾ. ലവലേശം തെറ്റു ചെയ്തില്ലെന്ന ഉറച്ച ബോധ്യമാണ് വലതുപക്ഷത്തിൻ്റെയും മാധ്യമപ്പടയുടെയും ആക്രമണങ്ങളുടെ പത്മവ്യൂഹത്തിലും അണുമണിത്തൂക്കം കൂസാതെ പിടിച്ചു നിൽക്കാൻ ഈയുള്ളവന് കരുത്തായത്. മൂന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾ അരിച്ച് പെറുക്കി പരിശോധിച്ചിട്ടും തെറ്റിൻ്റെ ഒരു തുമ്പും കണ്ടെത്താനാകാതിരുന്നത് പൊതു ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമായിട്ടാണ് ഞാൻ കാണുന്നത്. മാധ്യമ അന്വേഷണ സംഘങ്ങൾ ഉൾപ്പടെ ഏത് അന്വേഷണ ഏജൻസികൾക്കും ഇനിയും ആയിരം വട്ടം എൻ്റെ വീട്ടിലേക്ക് സ്വാഗതം. ഇത് വെറുംവാക്കല്ല, ഉള്ളിൽ തട്ടിയുള്ള പറച്ചിലാണ്.

ലീഗും കോൺഗ്രസും മാധ്യമ സിൻഡിക്കേറ്റും തൊടുത്തുവിട്ട ശരവ്യൂഹം ഫലിക്കാതെ വന്നപ്പോൾ ഉണ്ടായ ജാള്യം മറച്ചുവെയ്ക്കാൻ കച്ചിത്തുരുമ്പ് തേടി നടന്നവർക്ക് “സകറാത്തിൻ്റെ ഹാലിൽ” (മരണത്തിന് തൊട്ടുമുൻപ്) കിട്ടിയ ഒരേയൊരു പിടിവള്ളിയായിരുന്നു ഒരു വർഷത്തെ ഡെപ്യൂട്ടേഷൻ നിയമനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ സംഭവിച്ചതായി അവർ കണ്ടെത്തിയ ബഹുമാനപ്പെട്ട ലോകായുക്തയുടെ ചില പരാമർശങ്ങൾ. അതുവെച്ചാണ് രണ്ടുമൂന്നു ദിവസങ്ങളായി മുസ്ലിം ലീഗും കോൺഗ്രസും വലതുപക്ഷ മാധ്യമ സേനയും “”കിട്ടിപ്പോയ്” എന്ന മട്ടിൽ തൃശൂർ പൂരത്തെ വെല്ലുന്ന വെടിക്കെട്ടുകൾക്ക് തിരി കൊളുത്തിയിരിക്കുന്നത്. പ്രസ്തുത വിധി ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ പരിഗണനക്ക് വരുന്ന സാഹചര്യത്തിലാണ് തത്സംബന്ധമായ വിഷയത്തിലെ വിധിക്ക് കാത്ത് നിൽക്കാതെ രാഷ്ട്രീയ ധാർമ്മികത ഉയർത്തിപ്പിടിച്ച് രാജിക്കത്ത് ബഹുമാനപ്പെട്ട മുഖ്യമന്തിക്ക് ഇന്ന് ഉച്ചക്ക് 12 മണിക്ക് കൈമാറിയത്. “ജലീൽവേട്ടക്ക്” തത്കാലത്തേക്കെങ്കിലും ഇതോടെ ശമനമാകുമെന്ന് പ്രതീക്ഷിക്കാം. ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിക്കുന്ന സമുദായ രാഷ്ട്രീയത്തിൻ്റെയും ചീഞ്ഞ മുട്ട കണക്കെ കെട്ടുനാറുന്ന മത രാഷ്ട്ര വർഗീയ തത്വശാസ്ത്ര പ്രചാരകരുടെയും കുൽസിത തന്ത്രങ്ങൾക്കെതിരെയുള്ള പോരാട്ടം മേലിലും തുടർന്നു കൊണ്ടേയിരിക്കും. വലതുപക്ഷവും മാധ്യമപ്പടയുമുൾപ്പെടെ അങ്കത്തട്ടിൽ നിലയുറപ്പിച്ച ഇടതുപക്ഷ വിരുദ്ധ മഹാസഖ്യത്തിന് എന്നെ കൊല്ലാൻ കഴിഞ്ഞേക്കാം; തോൽപ്പിക്കാൻ കഴിയില്ല. ഇവിടെത്തന്നെയുണ്ടാകും. നല്ല ഉറപ്പോടെ.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്