കല്ലറകളില്‍ നിന്നും പുറത്തെടുത്ത മൃതദേഹങ്ങളില്‍ സയനൈഡും വിഷാംശങ്ങളുമില്ല; പ്രോസിക്യൂഷന്‍ വാദം തള്ളി ദേശീയ ഫോറന്‍സിക് ലാബ്; കൂടത്തായി കേസില്‍ വീണ്ടും ട്വിസ്റ്റ്

കൂടത്തായി കൊലപാതക പരമ്പര കേസില്‍ ദേശീയ ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ട് പുറത്തു വന്നപ്പോള്‍ വീണ്ടും ട്വിസ്റ്റ്. പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം കല്ലറകളില്‍ നിന്നും പുറത്തെടുത്ത് പരിശോധനയ്ക്ക് അയച്ച നാല് മൃതദേഹാവശിഷ്ടങ്ങളില്‍ സയനൈഡോ, വിഷാംശമോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

കൊല്ലപ്പെട്ട അന്നമ്മ തോമസ്,ടോം തോമസ്, മഞ്ചാടിയില്‍ മാത്യൂ, ആല്‍ഫൈന്‍ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളാണ് പരിശോധിച്ചത്. 2002 മുതല്‍ 2014 വരെയുള്ള കാലത്താണ് ഇവര്‍ മരിച്ചത്. 2019 ലാണ് ഇവരുടെ മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്ത് പരിശോധനക്കയച്ചത്.

പ്രോസിക്യൂഷന്റെ ആവശ്യപ്രകാരമാണ് ഈ നാലുമൃതദേഹങ്ങള്‍ പുറത്തെടുത്ത് പരിശോധനയ്ക്കായി ഫൊറന്‍സിക് ലാബിലേക്ക് അയച്ചത്. അന്നമ്മ തോമസിനെ ഡോഗ് കില്‍ എന്ന വിഷം ഉപയോഗിച്ചും മറ്റു മൂന്നു പേരെ സയനൈഡ് നല്‍കിയും ഒന്നാം പ്രതി ജോളി കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷന്‍ കേസ്. ഇങ്ങദെയാണ് പൊലീസ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കുകയും ചെയ്തത്.

റോയ് തോമസ്, സിലി എന്നിവരുടെ മൃതദേഹത്തില്‍ സയനൈഡ് സാന്നിധ്യം നേരത്തെ കണ്ടെത്തിയിരുന്നു. റോയ് തോമസിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. ഇതിലാണ് സയനൈഡ് സാന്നിധ്യം കണ്ടെത്തിയത്.

അന്നമ്മയെ കൊല്ലാന്‍ ഉപയോഗിച്ച വിഷം ജോളി മൃഗാശുപത്രിയില്‍നിന്ന് വാങ്ങിയതിന്റെ രേഖകളും തെളിവുകളും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. അതേസമയം, മറ്റുമൂന്നുപേരെ കൊലപ്പെടുത്തിയത് സയനൈഡ് നല്‍കിയാണെന്നത് ജോളിയുടെ കുറ്റസമ്മത മൊഴിയാണ്. ഇതാണ് ഇപ്പോള്‍ തെറ്റാണെന്ന് തെളിഞ്ഞിരിക്കുന്നത്. എന്നാല്‍, മൃതദേഹാവശിഷ്ടങ്ങളുടെ കാലപ്പഴക്കം കാരണമാകാം സയനൈഡിന്റെ അംശമോ വിഷാംശമോ കണ്ടുപിടിക്കാന്‍ കഴിയാതിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ഇനി വിദേശരാജ്യങ്ങളില്‍ വിശദമായ പരിശോധനയ്ക്ക് സാധ്യതയുണ്ടോ എന്നകാര്യവും പ്രോസിക്യൂഷന്‍ പരിശോധിക്കുന്നുണ്ട്.

2019-ലാണ് കൂടത്തായി കേസില്‍ മൃതദേഹങ്ങള്‍ പുറത്തെടുത്തത്. തുടര്‍ന്ന് മാസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹാവശിഷ്ടങ്ങള്‍ ഫൊറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയച്ചത്. ആദ്യം റീജണല്‍ ഫൊറന്‍സിക് ലാബിലും പിന്നീട് ദേശീയ ഫൊറന്‍സിക് ലാബിലുമായിരുന്നു പരിശോധന.

14 വര്‍ഷത്തിനിടെ കുടുംബത്തിലെ ആറുപേരെ ജോളി വിഷം നല്‍കിയും സയനൈഡ് നല്‍കിയും കൊലപ്പെടുത്തിയെന്നതാണ് കൂടത്തായി കൊലപാതക പരമ്പര കേസ്. ഭര്‍ത്താവ് റോയ് തോമസ്, ഭര്‍തൃമാതാവ് അന്നമ്മ തോമസ്, ഭര്‍തൃപിതാവ് ടോം തോമസ്, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, ജോളിയുടെ രണ്ടാംഭര്‍ത്താവ് ഷാജുവിന്റെ ആദ്യഭാര്യ സിലി, മകള്‍ ആല്‍ഫൈന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

പൊന്നാമറ്റത്തെയടക്കം ആറ് പേരുടെ മരണത്തിലുള്ള സംശയം തന്നിലേക്കെത്തുന്നുവെന്നറിഞ്ഞതോടെ കേസ് വഴിതെറ്റിക്കാന്‍ മുഖ്യ പ്രതി ജോളി ശ്രമങ്ങള്‍ നടത്തിയിരുന്നു. കല്ലറ തുറന്ന് പരിശോധന നടത്തുമെന്നറിഞ്ഞതോടെ അങ്ങനെ ചെയ്താല്‍ ആത്മാക്കള്‍ ഓടി വരുമെന്ന് പൊന്നാമറ്റം തറവാട്ടിലും മരിച്ച മഞ്ചാടി മാത്യുവിന്റെ വീട്ടിലുമെത്തി പ്രചരിപ്പിച്ചിരുന്നു. തുടര്‍ന്ന് കൂടത്തായ് പൊന്നാമറ്റം വീട്ടില്‍ റോയ് തോമസിന്റെ സഹോദരന്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം നടന്നത്.

പൊന്നാമറ്റത്തെ സ്വത്ത് തട്ടിയെടുക്കുന്നതിന് വേണ്ടി റോയ് തോമസിന്റെ ഭാര്യയായിരുന്ന ജോളി വ്യാജ ഒസ്യത്ത് തയ്യാറാക്കിയിരുന്നു. ഇതിന് എതിരെയുള്ള രഹസ്യ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. 2011ല്‍ സയനൈഡ് ഉള്ളില്‍ച്ചെന്ന് മരിച്ച റോയ് തോമസ് യഥാര്‍ത്ഥത്തില്‍ കൊല്ലപ്പെട്ടതാണെന്ന് ഡിവൈഎസ്പി ആര്‍ ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയിരുന്നു. വടകര എസ് പിയായിരുന്ന കെജി സൈമണിന്റെ മേല്‍നോട്ടത്തില്‍ ആറ് അന്വേഷണസംഘങ്ങള്‍ രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്.

Latest Stories

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത