ബഫര്‍ സോണല്ല ജീവിക്കാൻ ആവശ്യമായ സേഫ് സോണാണ് ആവശ്യം; സര്‍ക്കാരിന്റെ നിലപാട് മാറ്റങ്ങളില്‍ ജനങ്ങള്‍ അസ്വസ്ഥരെന്ന് സിറോ മലബാര്‍ സിനഡ്

ഫര്‍ സോണ്‍ വിഷയത്തില്‍ സുപ്രീംകോടതിയുടെ പരാമര്‍ശം കര്‍ഷകര്‍ക്ക് ആശാവഹമാണെന്ന് സീറോമലബാര്‍ സിനഡ്. മുഴുവന്‍ ജനവാസകേന്ദ്രങ്ങളെയും കൃഷിഭൂമിയെയും തോട്ടങ്ങളെയും ബഫര്‍ സോണ്‍ പരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള സത്വര നടപടികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകണം. കേരളത്തിലെ 23 വന്യജീവി സങ്കേതങ്ങള്‍ക്കുചുറ്റും ജീവിക്കുന്ന ജനങ്ങള്‍ അപ്രഖ്യാപിത കുടിയിറക്കിന്റെ വക്കിലാണെന്ന് സിനഡ് നിരീക്ഷിച്ചു.

മലബാര്‍ പ്രദേശത്തെ വയനാട്, മലബാര്‍, ആറളം എന്നീ വന്യജീവി സങ്കേതങ്ങളുടെ സമീപം ജീവിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങള്‍ ഇപ്പോള്‍ സര്‍ക്കാര്‍ വിശദമാക്കുന്ന രീതിയില്‍ ബഫര്‍ സോണ്‍ അന്തിമമായി തീരുമാനിക്കപ്പെട്ടാല്‍ വഴിയാധാരമാകും.

സൈലന്റ് വാലി, ചൂലന്നൂര്‍, പീച്ചി-വാഴാനി, ചിമ്മിനി, പറമ്പിക്കുളം സങ്കേതങ്ങളുടെ ബഫര്‍ സോണില്‍ പാലക്കാട് ജില്ലയിലെ 24 വില്ലേജുകള്‍ ഉള്‍പെടുന്നു. എല്ലാ സങ്കേതങ്ങളുടെയും ബഫര്‍ സോണ്‍ ഒന്നില്‍ കൂടുതല്‍ കിലോമീറ്റര്‍ ഉള്ളതും, കൃഷിഭൂമിയും, ജനവാസ കേന്ദ്രങ്ങളും ഉള്‍ക്കൊള്ളുന്നതുമാണ്. വനപ്രദേശമല്ലാത്ത ചൂലന്നൂരില്‍ ബഫര്‍ സോണ്‍ പൂര്‍ണ്ണമായും ജനവാസമേഖലയിലാണ്. നിലവിലുള്ള സങ്കേതങ്ങള്‍ക്ക് പുറമേ അട്ടപ്പാടിയില്‍ പുതുതായി വനംവകുപ്പ് ശുപാര്‍ശ ചെയ്തിരിക്കുന്ന ഭവാനി വന്യജീവി സങ്കേതം അട്ടപ്പാടിയെ കൂടുതല്‍ ദോഷകരമായി ബാധിക്കും. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ഈ പുതിയ നീക്കം കര്‍ഷകരോടുള്ള വെല്ലുവിളിയായി മാത്രമേ മനസ്സിലാക്കാനാകൂ എന്ന് സിനഡ് വിലയിരുത്തി.

തട്ടേക്കാട് പക്ഷിസങ്കേതം ജനവാസ മേഖലയിലേക്ക് വ്യാപിച്ചുകിടക്കുന്നു എന്നുള്ളത് ഈ പ്രദേശത്തെ വലിയ ആശങ്കയാണ്. പക്ഷിസങ്കേതത്തിന്റെ നിലവിലെ അതിര്‍ത്തിക്കുള്ളില്‍ 9 ചതുരശ്ര കിലോമീറ്ററിലായി കുട്ടമ്പുഴ പഞ്ചായത്തിലെ 14,16,17 വാര്‍ഡുകളും ആ വാര്‍ഡുകളിലെ 12000ത്തോളം ആളുകളും ഉള്‍പ്പെടുന്നു. ഈ ജനവാസമേഖല പക്ഷിസങ്കേതത്തിന്റെ നോട്ടിഫിക്കേഷന്‍ സമയത്ത് തെറ്റായി ഉള്‍പ്പെട്ടുപോയതാണ്. ഇക്കാര്യം കേരളാ വൈല്‍ഡ് ലൈഫ് അഡൈ്വസറി കമ്മിറ്റിക്ക് സമര്‍പ്പിച്ചിട്ടുള്ള ഔദ്യോഗിക രേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഈ പ്രദേശത്തിന് പകരമായി നേര്യമംഗലം വനത്തിന്റെ ഭാഗമായ 10.17 ചതുരശ്ര കിലോമീറ്റര്‍ ഇതിനോട് കൂട്ടിച്ചേര്‍ക്കാനും ധാരണയായിട്ടുള്ളതാണ്. എന്നാല്‍ ഇവയൊന്നും നടപ്പിലാക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല എന്നത് ദുഃഖകരമാണ്. തട്ടേക്കാട് പക്ഷി സങ്കേതത്തെ സംബന്ധിച്ച അന്തിമ വിജ്ഞാപനം ഇതുവരെ ഇറങ്ങിയിട്ടില്ല. കരട് വിജ്ഞാപനത്തിനുശേഷം നടക്കേണ്ട യാതൊരുവിധ നടപടിക്രമങ്ങളും കഴിഞ്ഞ നാല് പതിറ്റാണ്ടുകളായിട്ടും നടന്നിട്ടില്ല. ഇത് ഈ പ്രദേശത്ത് അതീവഗൗരവതരമായ സാമ്പത്തീക – സാംസ്‌കാരിക – രാഷ്ട്രീയ സങ്കീര്‍ണ്ണതകള്‍ക്ക് കാരണമാകുന്നു എന്ന് സിനഡ് ചൂണ്ടിക്കാട്ടി.

സാങ്കേതിക പിഴവുകള്‍കൊണ്ട് പമ്പാവാലി, എയ്ഞ്ചല്‍വാലി പ്രദേശങ്ങള്‍ (എരുമേലി പഞ്ചായത്ത് 11, 12 വാര്‍ഡുകള്‍) പെരുവന്താനം പഞ്ചായത്തിലെ 8-ാം വാര്‍ഡില്‍ പെട്ട (മൂഴിക്കല്‍, കുറ്റിക്കയം, തടിത്തോട്) പ്രദേശം; കോരുത്തോട്, പീരുമേട്, വണ്ടിപ്പെരിയാര്‍, കുമിളി, ഏലപ്പാറ, ഉപ്പുതറ, കാഞ്ചിയാര്‍, സീതത്തോട്, ചിറ്റാര്‍ മുതലായ 11 പഞ്ചായത്തുകളിലെ വനാതിര്‍ത്തിക്കുള്ളില്‍ പെട്ടുപോയ ആയിരക്കണക്കിന് കുടുംബങ്ങളെയും പതിനായിരക്കണക്കിന് ജനങ്ങളെയും വനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിച്ച് രാജ്യത്തെ മറ്റു പൗരന്മാരെപ്പോലെ സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്ന് സര്‍ക്കാരിനോട് സിനഡ് ആവശ്യപ്പെട്ടു.

72% വനമേലാപ്പുള്ളതും 4 ദേശീയോദ്യാനങ്ങളും 4 സംരക്ഷിത വനമേഖലകളുമുള്ള ജില്ലയാണ് ഇടുക്കി. ഈ ജില്ലയിലെ മറയൂര്‍, കാന്തല്ലൂര്‍, വട്ടവട, മൂന്നാര്‍, മാങ്കുളം, ശാന്തന്‍പാറ, ചിന്നക്കനാല്‍, വാഴത്തോപ്പ്, കഞ്ഞിക്കുഴി, മരിയാപുരം, കാമാക്ഷി, കാഞ്ചിയാര്‍, അറക്കുളം, ഉപ്പുതറ, അയ്യപ്പന്‍കോവില്‍, കുമളി എന്നീ പഞ്ചായത്തുകളെ ബഫര്‍ സോണ്‍ വിഷയം പൂര്‍ണമായോ ഭാഗികമായോ ബാധിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ ആര്യങ്കാവ്, അമ്പൂരി പ്രദേശങ്ങളിലെ ഭൂരിഭാഗം വീടുകളും റോഡുകളും പൊതുസ്ഥാപനങ്ങളും ബഫര്‍ സോണില്‍ ഉള്‍പ്പെട്ടിരിക്കുന്നു എന്നത് ആശങ്കാജനകമാണ്. ജനകീയ പ്രക്ഷോഭങ്ങളോടൊപ്പം പൊതുജനസഹകരണത്തോടെ വിവരശേഖരണം നടത്തിയെങ്കിലും സര്‍ക്കാരിന്റെ മാറിമറിയുന്ന നിര്‍ദ്ദേശങ്ങള്‍ മൂലം ഇപ്പോഴും ജനങ്ങള്‍ അസ്വസ്ഥരാണ്.

കൃഷിസ്ഥലങ്ങളും, ജനവാസ കേന്ദ്രങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കി വനാതിര്‍ത്തിക്കുള്ളില്‍ ബഫര്‍ സോണ്‍ നിലനിര്‍ത്തണമെന്ന് സിനഡ് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. പുതുതായി നിര്‍ദ്ദേശിച്ചിരിക്കുന്ന ഭവാനി വന്യജീവിസങ്കേത ശുപാര്‍ശ അടിയന്തരമായി പിന്‍വലിക്കണം. സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ആത്മാര്‍ത്ഥമായ രീതിയില്‍ ഇക്കാര്യത്തില്‍ ഇടപെടുകയും സുപ്രീംകോടതി നല്‍കിയിരിക്കുന്ന എല്ലാ സാധ്യതകളും കര്‍ഷകര്‍ക്കനുകൂലമായി പ്രയോജനപ്പെടുത്തുകയും ചെയ്യണമെന്ന് സിനഡ് നിര്‍ദ്ദേശിച്ചു.

കേരളത്തിലെ ഭൂരിപക്ഷം വന്യജീവി സങ്കേതങ്ങളുടെയും കോര്‍ സോണിന്റെ അതിര്‍ത്തി ജനവാസകേന്ദ്രങ്ങളുമായി പങ്കിടുന്ന വിധത്തില്‍ തെറ്റായി നിശ്ചയിക്കപ്പെട്ടുപോയിട്ടുണ്ടെന്നും, വന്യജീവി സങ്കേതങ്ങളുടെ അതിര്‍ത്തി നിര്‍ണയത്തിലെ ഈ തെറ്റ് തിരുത്തുവാന്‍ സമയം അനുവദിക്കണമെന്നും കോടതിയില്‍ ആവശ്യപ്പെടണം. ജനവാസകേന്ദ്രങ്ങളും കൃഷിഭൂമികളും വന്യജീവി സങ്കേതങ്ങളുടെ ബഫര്‍ സോണ്‍ ആയി പ്രഖ്യാപിക്കാന്‍ സാധിക്കുകയില്ല എന്നും രേഖകളുടെ പിന്‍ബലത്തോടെ കോടതിമുന്‍പാകെ സമര്‍ത്ഥിക്കാന്‍ സര്‍ക്കാരിനു കഴിയണം.

അടിയന്തരമായി നിലവിലുള്ള വന്യജീവി സങ്കേതങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിച്ച റിപ്പോര്‍ട്ട് കേന്ദ്ര വന്യജീവി ബോര്‍ഡിന്റെ ശുപാര്‍ശയോടും സെന്‍ട്രല്‍ എംപവെര്‍ഡ് കമ്മിറ്റിയുടെയും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെയും അംഗീകാരത്തോടെയും സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാന്‍ ആവശ്യമായ സമയം അനുവദിക്കണമെന്ന് കോടതിയില്‍ ആവശ്യപ്പെടണം. കര്‍ഷകരെ മറന്നുകൊണ്ടുള്ള പരിസ്ഥിതി സംരക്ഷണം ഒരിക്കലും പ്രായോഗികമല്ല. അതിനാല്‍, കര്‍ഷകരെ കൂടി വിശ്വാസത്തില്‍ എടുത്ത് ആരോഗ്യകരമായ പരിസ്ഥിതി സംസ്‌കാരം രൂപപ്പെടുത്തുവാന്‍ നമുക്ക് കഴിയണമെന്നും സിനഡ് ആവശ്യപ്പെട്ടു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ