തന്നെ പരിഗണിച്ചില്ലെങ്കിലും കൂടെ നിന്നവരെ അവഗണിക്കരുതെന്ന നിലപാടിൽ രമേശ് ചെന്നിത്തല. മുതിർന്ന എംഎൽഎമാരെ പരിഗണിക്കാതെ മന്ത്രിസഭയിലേക്ക് ഇല്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. അൻവർ സാദത്ത്, ഐസി ബാലകൃഷ്ണൻ എന്നിവരെ പരിഗണിക്കണമെന്നാണ് ആവശ്യം. ടി ജെ വിനോദ്, ജ്യോതികുമാർ ചാമക്കാല എന്നിവരെയും പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇവർ മുതിർന്ന എംഎൽഎമാരാണെന്നും മുതിർന്ന എംഎൽഎമാരെ ഒഴിവാക്കുന്നത് അനൗചിത്യമാണെന്നും ചെന്നിത്തല പറയുന്നു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ അമർഷം കടുപ്പിച്ച രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാൻ നിർണ്ണായക നീക്കമാണ് ഹൈക്കമാൻഡ് നടത്തിയത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി രമേശ് ചെന്നിത്തലയുടെ വഴുതക്കാട്ടെ വസതിയിലെത്തിയിരുന്നു. ആഭ്യന്തര വകുപ്പ് വേണമെന്ന ആവശ്യത്തിലുറച്ച് നിൽക്കുകയായിരുന്നു രമേശ് ചെന്നിത്തല.
ചെന്നിത്തലയെ കഴിഞ്ഞ ദിവസം വി ഡി സതീശൻ വീട്ടിലെത്തി കണ്ടിരുന്നു. മന്ത്രിസഭയിൽ അംഗമാകണമെന്ന് സതീശൻ ചെന്നിത്തലയോട് അഭ്യർത്ഥിച്ചിരുന്നു. ആഭ്യന്തര വകുപ്പ് തന്നെ വേണമെന്ന് ചെന്നിത്തല നിലപാടെടുക്കുകയും ചെയ്തു. നേരത്തെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ആഭ്യന്തരവകുപ്പാണ് ചെന്നിത്തല കൈകാര്യം ചെയ്തിരുന്നത്.