കേരള സർവകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിൽ പ്രതികരിച്ച് മുൻ മന്ത്രി വി ശിവൻകുട്ടി. ‘പോരാട്ടവീഥിയിൽ എസ് എഫ് ഐ സഖാക്കൾ ഒറ്റയ്ക്ക് ആണെന്ന് കരുതുന്ന ആരെങ്കിലും ഉണ്ടോ’ എന്ന് വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു. യൂണിയൻ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം ഉണ്ടായത്.
അക്രമത്തിൽ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് അടക്കമുള്ളവർക്ക് പരിക്കേറ്റിരുന്നു. ഇവരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, എം വി ജയരാജൻ എന്നിവർ ജനറൽ ആശുപത്രിയിലെത്തി സന്ദർശിച്ചു. അതേസമയം തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ ചരിത്രവിജയം ആവർത്തിച്ചിതന്റെ ആഹ്ലാദ പ്രകടനത്തിനിടെ കെഎസ്‍യു ബോധപൂർവ്വം സംഘർഷം സൃഷ്ടിക്കുകയായിരുന്നുവെന്ന് എസ്എഫ്ഐ പ്രതികരിച്ചു.
തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ വൻ ഭൂരിപക്ഷത്തോടെ വിജയിച്ച എസ്എഫ്ഐ നടത്തിയ വിജയാഹ്ലാദ പ്രകടനം തിരുവനന്തപുരം പാളയത്തെത്തിയപ്പോഴായിരുന്നു കെഎസ്‍യു ഏകപക്ഷീയമായി അക്രമം അഴിച്ചുവിട്ടത്. ക്യാമ്പസുകളിൽ എസ്എഫ്ഐക്കുള്ള സ്വാധീനവും വിദ്യാർഥികൾക്കിടയിലുള്ള അംഗീകാരവുമാണ് ഈ ആവേശകരമായ വിജയത്തിൻ്റെ അടിത്തറയെന്നും ഇതിൽ വിറളിപൂണ്ട കെഎസ്‍യു അക്രമി സംഘം നടത്തിയ ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും എസ്എഫ്ഐ നേതൃത്വം അറിയിച്ചു.