‘വടശ്ശേരി ദാമോദര മേനോൻ സതീശൻ എന്ന ഞാൻ…..’ നിയമസഭയില്‍ മേനോന്‍ ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനത്തില്‍ എംഎല്‍എ സത്യപ്രതിജ്ഞയില്‍ അച്ഛന്‍റെ മുഴുവന്‍ പേരും പറഞ്ഞാണ് വി ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ മേനോൻ എന്ന ചേര്‍ത്ത് സത്യവാചകം ചൊല്ലിയതിൽ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
കോൺഗ്രസ് നേതാക്കളടക്കം വിമർശനവുമായി രംഗത്തെത്തിയിരുന്നു. സത്യപ്രതിജ്ഞക്ക് ശേഷം കോൺഗ്രസിൽ നിന്ന് തന്നെയാണ് വിഡി സതീശനെതിരെ ആദ്യ വിമര്‍ശനം ഉയര്‍ന്നത്. പഞ്ച് കുറഞ്ഞാലും ജാതിവാലുകൾ ചുമക്കാത്ത കോൺഗ്രസ് ആകുന്നതാണ് കുറേക്കൂടി ഇന്ക്ലൂസീവ് എന്ന് കോൺഗ്രസ് നേതാവായ ജിന്‍റോ ജോണ്‍ വിമര്‍ശിച്ചു. വായനയ്ക്ക് സമയം മാറ്റിവയ്ക്കുന്ന മുഖ്യമന്ത്രി ഡോ. ബിആർ അംബേദ്കറെ വായിക്കാൻ കൂടുതൽ സമയം കണ്ടെത്തണമെന്ന് കോൺഗ്രസ് വക്താവ് വി ആർ അനൂപും വിമര്‍ശനം ഉന്നയുയിച്ചു. മുൻ സത്യപ്രതിജ്ഞകളിൽ ഉപയോഗിക്കാതിരുന്ന മേനോൻ ഇപ്പോൾ എങ്ങനെ പേരിന്‍റെ വാലായി വന്നുവെന്നും അനൂപ് ചോദിക്കുന്നു.
അതേസമയം എന്നാല്‍ ജാതിപ്പേര് ഉപയോഗിച്ചു എന്ന വിമർശനങ്ങളോട് വൈകാരികമായിട്ടാണ് മുഖ്യമന്ത്രി വിഡി സതീശൻ പ്രതികരിച്ചത്. അച്ഛന്‍റെ മുഴുവന്‍ പേര് പറഞ്ഞാൽ എന്താണ് കുഴപ്പമെന്നായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ സതീശന്‍റെ മറുചോദ്യം. അച്ഛന്‍റെ മുഴുവന്‍ പേര് അതാണ്. അമ്മയുടെ പേര് കൂടി പറയാനാകാത്തതിൽ സങ്കടമുണ്ട്. ഞാൻ എംഎൽഎ ആകുന്നതിന് മുമ്പ് മരിച്ച് പോയവരാണ് രണ്ട് പേരും. രേഖകളിലുള്ള എന്‍റെ ഫുൾ നെയിം ഞാൻ വായിച്ചു. സാധാരണ അങ്ങനെ ആണ്. അതിനെന്താണ് കുഴപ്പമെന്നും പാസ്പോർട്ടിൽ അങ്ങനെ അല്ലേ എന്നും വിഡി സതീശൻ ചോദിക്കുന്നു.