പാചകവാതക പ്രതിസന്ധിയെ തുടർന്ന് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കടുത്ത നടപടികളിലേക്ക്. സംസ്ഥാനത്തെ മൂവായിരത്തിൽ പരം ഹോട്ടലുകൾ അടച്ചിടാൻ നീക്കം. വില കുറയ്ക്കാതെ ചെറുകിട കച്ചവടക്കാർക്ക് മുന്നോട്ടുപോകാൻ ആകില്ലെന്ന് വിലയിരുത്തൽ.
ജൂൺ ഒന്നിനകം പ്രതിസന്ധിക്ക് പരിഹാരം കണ്ടില്ലെങ്കിൽ പാർലമെന്റ് മാർച്ച് അടക്കമുള്ള പ്രതിഷേധ പരിപാടികളിലേക്ക് കടക്കും. മറ്റ് സംസ്ഥാനങ്ങളിലെ അസോസിയേഷനുകളുമായി സഹകരിച്ച് നീങ്ങാൻ ആണ് ശ്രമം.
പാചകവാതക പ്രതിസന്ധി നേരിടുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ സിവില്‍ സപ്ലൈസ് കമ്മീഷണറേറ്റില്‍ വാര്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരും ഓയില്‍ കമ്പനികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. മുന്‍ഗണനാ സ്ഥാപനങ്ങളുടെ പട്ടിക പൊതുവിതരണ വകുപ്പ് ഓയില്‍ കമ്പനികള്‍ക്ക് കൈമാറും.
മുൻഗണനാമേഖലകളിലും സ്കൂൾ, കോളേജ് ഹോസ്റ്റലുകൾ, ഗസ്റ്റ് ഹൗസുകൾ, സർക്കാർ- പൊതുമേഖല ഓഫീസ് ക്യാമ്പസിലെ ക്യാന്റീനുകൾ എന്നിവയിലും മുൻഗണന നൽകി വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകൾ വിതരണം ചെയ്യാൻ തയ്യാറാകണമെന്ന സർക്കാരിന്റെ അഭ്യർഥന അനുകൂലമായി പരിഗണിക്കാമെന്ന് ഓയിൽ കമ്പനികൾ അറിയിച്ചു.