പൂരം അലങ്കോലപ്പെട്ടതില്‍ ജില്ലാ കളക്ടറാണ് ഒന്നാംപ്രതിയായി വരേണ്ടതെന്ന് മുന്‍ മന്ത്രി വി എസ്. സുനില്‍കുമാര്‍; പൂരം കലക്കലില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്, അതാണ് പുറത്തുവരേണ്ടത്

തൃശ്ശൂര്‍ പൂരം അലങ്കോലപ്പെട്ടതില്‍ ജില്ലാ കളക്ടറാണ് ഒന്നാംപ്രതിയായി വരേണ്ടതെന്ന് മുന്‍ മന്ത്രി വി.എസ്. സുനില്‍കുമാര്‍. അതില്‍ യാതൊരു സംശയവുമില്ലെന്നും ഇതേ കളക്ടര്‍ക്ക് തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടാഴ്ചയ്ക്കകം ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് ഉപമുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമനം ലഭിച്ചതോടെ അത് വ്യക്തമാണെന്നും വി എസ് സുനില്‍ കുമാര്‍ പറഞ്ഞു. ഏതുകാലത്തും പൂരം നടത്തിപ്പിന്റെ പ്രധാന ഉത്തരവാദിത്വം ജില്ലാ ഭരണകൂടത്തിനും ജില്ലാ കളക്ടര്‍ക്കുമാണ്. അന്ന് പെരുമാറ്റച്ചട്ടം ഉള്ളതിനാല്‍ മന്ത്രിമാര്‍ക്കോ രാഷ്ട്രീയനേതാക്കള്‍ക്കോ അത്തരം കാര്യങ്ങളില്‍ ഇടപെടാന്‍ പരിമതിയുണ്ടായിരുന്നു. അന്ന് ഈ സംഭവം നടക്കുമ്പോള്‍ ജില്ലാ കളക്ടറുടെ പൂര്‍ണസാന്നിധ്യം അവിടെയുണ്ടായിരുന്നുവെന്നും വി എസ് സുനില്‍ കുമാര്‍ ചൂണ്ടിക്കാട്ടി.

പൂരം കലക്കലില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. ആ രാഷ്ട്രീയ ഗൂഢാലോചനയാണ് പുറത്തുവരേണ്ടതെന്നും സിപിഐ നേതാവ് പറഞ്ഞു. ആ ഗൂഢാലോചന നടത്തിയിട്ടുള്ളത് പൂരം അലങ്കോലപ്പെടുത്തുന്നതിലൂടെ അതിന്റെ രാഷ്ട്രീയമായ ലാഭം കൊയ്തിട്ടുള്ള ആ പ്രസ്ഥാനവും അതുമായി ബന്ധപ്പെട്ട ആളുകളുമാണെന്നും വി എസ് സുനില്‍ കുമാര്‍ പറഞ്ഞു. അവര്‍ക്കാണ് പൂരം കലക്കലിന്റെ പ്രധാനപ്പെട്ട ഉത്തരവാദിത്വം. അവര്‍ക്ക് സഹായകമായ നിലപാടുകള്‍ ദേവസ്വത്തിലെ ചില ആളുകള്‍ എടുത്തിട്ടുണ്ടെന്നത് വസ്തുതയാണ്. ചില പോലീസ് ഉദ്യോഗസ്ഥന്മാരുടെ ഭാഗത്തുനിന്നും അതുണ്ടായി. എഡിജിപി അവിടെ ഉണ്ടായിട്ടും അതില്‍ ഇടപെട്ടില്ല എന്ന ചര്‍ച്ചയും ഉണ്ടായിട്ടുണ്ട്.

സത്യംപറഞ്ഞാല്‍ ഏതെങ്കിലും ഉദ്യോഗസ്ഥന്‍ ഇതില്‍ പ്രതിസ്ഥാനത്ത് വരികയാണെങ്കില്‍ ഒന്നാംപ്രതിയായി വരേണ്ടത് അന്നത്തെ ജില്ലാ കളക്ടറാണ്. അതില്‍ യാതൊരു സംശയവുമില്ല. അന്ന് ജില്ലാ കളക്ടറെ ബന്ധപ്പെട്ടപ്പോള്‍ നിങ്ങള്‍ അങ്ങോട്ടേക്ക് വരേണ്ടെന്നാണ് കളക്ടര്‍ പറഞ്ഞത്. അങ്ങനെയുള്ള വര്‍ത്തമാനം പറഞ്ഞെങ്കിലും സംഭവിച്ചത് മറിച്ചാണ്. പൂരം അലങ്കോലപ്പെടാനുള്ള എല്ലാ അവസരവും ഉണ്ടായത് കളക്ടറുടെ നിസ്സംഗത കാരണമാണെന്നും വി.എസ്. സുനില്‍കുമാര്‍ ആരോപിച്ചു.

അന്ന് പുലര്‍ച്ചെ മൂന്നരയ്ക്ക്ശേഷം താനും മന്ത്രി രാജനും ഇടപെട്ട്, തിരുവമ്പാടി ദേവസ്വവുമായി സഹകരിച്ചാണ് വെടിക്കെട്ട് നടന്നത്. ആ യോഗത്തില്‍ എന്തുകൊണ്ട് കളക്ടര്‍ പങ്കെടുത്തില്ല. അതിന്റെ അര്‍ഥം പൂരം അലങ്കോലപ്പെടണമെങ്കില്‍ അലങ്കോലപ്പെടട്ടേ എന്ന് കളക്ടര്‍ കരുതിയിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടാഴ്ചക്കുള്ളില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനത്തെ ഉപമുഖ്യമന്ത്രിയുടെ സെക്രട്ടറിയായി അദ്ദേഹം മാറിയപ്പോള്‍ അത് വ്യക്തമാണെന്നും പൂരം കലക്കലില്‍ യഥാര്‍ഥ പ്രതികള്‍ ആരാണെന്ന് കണ്ടെത്തണമെന്നും വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു.

തൃശ്ശൂര്‍ പുരം അടുത്തിരിക്കെ ഒരുവിവാദത്തിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നില്ല. തിരുവമ്പാടി ദേവസ്വം പ്രതിയാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുന്നത് ഒരിക്കലും യോജിക്കാനാകില്ല. അതിലെ ചില സ്ഥാപിത താത്പര്യമുള്ള വ്യക്തികള്‍, ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ രാഷ്ട്രീയലക്ഷ്യത്തോടെ അലങ്കോലപ്പെടുത്തിയെന്നാണ് തന്റെ അഭിപ്രായമെന്നും വി.എസ്. സുനില്‍കുമാര്‍ വ്യക്തമാക്കി.

തൃശ്ശൂര്‍പ്പൂരം അലങ്കോലപ്പെട്ടതില്‍ പോലീസിന് വീഴ്ചയില്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. അലങ്കോലപ്പെട്ടതിന് തിരുവമ്പാടി ദേവസ്വത്തിന്റെ ചില നിലപാടുകളും കാരണമായെന്നാണ് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. എച്ച്. വെങ്കിടേഷിന് കൈമാറിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

Latest Stories

കരാര്‍ കാലാവധി കഴിഞ്ഞിട്ടും ചിത്രങ്ങള്‍ ഉപയോഗിച്ചു, 'ഒരു കോടി രൂപ നഷ്ടപരിഹാരം വേണം'; പവർ സോപ്പ് പരസ്യത്തിനെതിരായ തമന്നയുടെ അപ്പീൽ ഹൈക്കോടതി തള്ളി

നിതിന്‍ രാജിന്റെ മരണം: ഡോ. റാമിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കുത്തിയിരിപ്പ് സമരം നടത്തി അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റല്‍ കോളജ് വിദ്യാര്‍ഥികള്‍

വനിതാ സംവരണ വിഷയത്തിന് രാഷ്ട്രീയ നിറം നൽകേണ്ടതില്ല; സ്വന്തം സ്ഥാനം നഷ്ടപ്പെടുമോയെന്ന ഭയമാണ് എല്ലാവർക്കും : ലോക്‌സഭയിൽ പ്രധാനമന്ത്രി

എസ്എസ്എൽസി ഫലം മെയ് മൂന്നാം വാരം, ഹയർസെക്കണ്ടറി പരീക്ഷാഫലം മെയ് 25ന്; എസ്എസ്എൽസി മൂല്യനിർണയം ഏപ്രിൽ 16 മുതൽ മെയ്‌ രണ്ടു വരെ

കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കത്തില്‍ സംശയമുണ്ടെന്ന് ഗൗരവ് ഗൊഗോയ്; 'വനിത സംവരണ ബില്ലിനൊപ്പം മണ്ഡല പുനര്‍നിര്‍ണയത്തെ കേന്ദ്രം ആയുധമായി ഉപയോഗിക്കുന്നു, ഇതിലൂടെ വനിതാ സംവരണ ബില്ലിനെ തകര്‍ക്കുകയാണ് ചെയ്യുന്നത്'

കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹം; മധ്യപ്രദേശ് പൊലീസ് കൊച്ചിയിൽ; ഇരുവരുടെയും മൊഴി രേഖപ്പെടുത്തും

ലഷ്‌കറെ തൊയിബ സ്ഥാപക അംഗമായ ഭീകരന്‍ ആമിര്‍ ഹംസയ്ക്ക് പാകിസ്ഥാനില്‍ വെടിയേറ്റു; നില അതീവ ഗുരുതരം, ആക്രമണത്തിന് പിന്നില്‍ ആരെന്ന് വ്യക്തമല്ല

ആദ്യം വോട്ട് എണ്ണണം, യുഡിഎഫ് ജയിക്കണം; ബാക്കി ഹൈക്കമാൻഡ് ആണ് തീരുമാനിക്കേണ്ടത് : രമേശ് ചെന്നിത്തല

കേരളത്തില്‍ യുഡിഎഫ് തരംഗം, യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് സണ്ണി ജോസഫ്; 'ഫലം വന്ന ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കും, ചേരി തിരിഞ്ഞുള്ള പോര് നിര്‍ത്തണം'

വനിതാ സംവരണ ബില്‍ അവതരിപ്പിക്കാന്‍ വോട്ടെടുപ്പില്‍ അനുമതി, 131ാം ഭരണഘടനാ ഭേദഗതി ബില്‍ അവതരിപ്പിക്കാനും അനുമതി; ഇപ്പോള്‍ കേന്ദ്രം നടത്തുന്നത് ഭരണഘടനയെ അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് പ്രതിപക്ഷം