കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ പുകഞ്ഞു നിൽക്കുകയാണ് എൽഡിഎഫ്. പദ്ധതി നടപ്പിലാക്കാൻ ഒരുതരത്തിലും സമ്മതിക്കില്ലെന്ന നിലപാടിൽ സിപി നിൽക്കുമ്പോൾ പദ്ധതിയിൽ നിന്നും ഒരുകാരണവശാലും പിന്നോട്ടില്ലെന്ന നിലപാടിലാണ് സിപിഎം. നിലവിൽ പദ്ധതിയുമായി ബന്ധപ്പെട്ട കരാർ ഒപ്പിട്ടെങ്കിലും സിപിഐയുടെ എതിർപ്പ് മറികടന്ന് വിദ്യാഭ്യാസ വകുപ്പ് പദ്ധതി നടപ്പാക്കുമോ എന്നാണ് ഇനി അറിയേണ്ടത്.
പദ്ധതിയിൽ ഒപ്പിട്ടത് മുന്നണി മര്യാദയുടെ ലംഘനമാണെന്നാവർത്തിക്കുകയാണ് ബിനോയ് വിശ്വം. ആരോടും ചർച്ച ചെയ്യാതെ എടുത്ത തീരുമാനം ജനാതിപത്യ വഴി അല്ലെന്നും തിരുത്തപ്പെടണമെന്നുമുല്ല നിലപാടിലാണ് ബിനോയ് വിശ്വം. സിപിഐയെ ഇരുട്ടിലാക്കി തീരുമാനം എടുക്കാൻ ആകില്ലെന്നും ബിനോയ് വിശ്വം പറയുന്നു.
അതേസമയം പിഎം ശ്രീ നിലപാടിൽ മാറ്റമില്ലെന്ന നിലപാടിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സിപിഐയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ചർച്ചചെയ്‌ത് പരിഹരിക്കുമെന്നാണ് എംവി ഗോവിന്ദൻ പറഞ്ഞത്. എല്ലാം പരിഹരിക്കാവുന്ന പ്രശ്നം മാത്രമാണെന്നും അർഹതപ്പെട്ട പണം കേരളത്തിന് ലഭിക്കണമെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു. പി എം ശ്രീ പദ്ധതിയുടെ പണം കേരളത്തിനും ലഭിക്കണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. വിവിധ പദ്ധതികളിൽ 8000 കോടി രൂപ കേരളത്തിന് ലഭിക്കാനുണ്ടന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
സർക്കാരിന് പരിമിതികളുണ്ടെന്നും ഇടതുപക്ഷ നയം മുഴുവൻ സർക്കാരിന് നടപ്പാക്കാനാകില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. നിബന്ധനവെച്ച് കേന്ദ്രത്തിന് നടപ്പാക്കാനാകില്ലെന്നാണ് നിലപാട്. സിപിഐയുടെ വിമർശനം മുഖവിലക്കെടുക്കും. വിഷയവുമായി ബന്ധപ്പെട്ട് ഇടതുപക്ഷ മുന്നണി ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
അതേസമയം പിഎം ശ്രീയിൽ ചേർന്നത് തന്ത്രപരമായ തീരുമാനമെന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നിലപാട്. കേരളത്തിന് അവകാശപ്പെട്ട ഫണ്ട് തടയാനാകില്ലെന്ന് മന്ത്രി പറഞ്ഞു. 1158.13 കോടിയാണ് കേരളത്തിന് നഷ്ടമായത്. കുട്ടികൾക്ക് അവകാശപ്പെട്ട ഫണ്ട് തടയാനാകില്ലെന്നും മന്ത്രി പറഞ്ഞു. 2023-24 വർഷത്തിൽ കേരളത്തിന് നഷ്ടമായ തുക 158.54 കോടിയാണെന്നും മന്ത്രി പറഞ്ഞു. പാഠ്യപദ്ധതി മാറില്ലെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ ഒരു സ്കൂൾ പോലും അടച്ച് പൂട്ടില്ല. അടച്ചുപൂട്ടിയ സ്കൂളുകൾ തുറന്ന പാരമ്പര്യമാണ് ഈ സർക്കാരിനുള്ളത്. ഫണ്ടില്ലായ്മ അലവൻസിനെ അടക്കം ബാധിച്ചു. കുട്ടികളുടെ ഭാവി പന്താടി ഒരു രാഷ്രീയ താല്പര്യങ്ങൾക്കും അടിയറവ് പറയില്ല.
പിഎം ശ്രീ പദ്ധതിയിൽ ചേരാൻ സംസ്ഥാന സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടതിൽ വിവാദം പുകയുന്നതിനിടെയാണ് വിശദീകരണവുമായി വി ശിവൻകുട്ടി രംഗത്തെത്തിയത്. പിഎം ശ്രീയിൽ കേരളം ഒപ്പിട്ടതിൽ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും നമ്മുടെ കുട്ടികള്‍ക്ക് അവകാശപ്പെട്ട ആയിരക്കണക്കിന് രൂപയുടെ ഫണ്ട് തടഞ്ഞുവെച്ചുള്ള കേന്ദ്ര ശ്രമത്തെ മറികടക്കാനുള്ള തന്ത്രപരമായ നീക്കം ആണിതെന്നും മന്ത്രി പറഞ്ഞു.
പിഎം ശ്രീയിൽ ഒപ്പിടാത്തതിന്‍റെ പേരിൽ സര്‍വ ശിക്ഷ ഫണ്ട് കേന്ദ്രം തടഞ്ഞുവെച്ചു. ഇതിലൂടെ 1158.13 കോടി കേരളത്തിന് നഷ്ടമായി. ഒപ്പിട്ടതിനാൽ 1476 കോടി ഇനി കേരളത്തിന് ലഭിക്കുമെന്നും 971 കോടി സര്‍വ ശിക്ഷ പദ്ധതി പ്രകാരം കിട്ടുമെന്നും മന്ത്രി പറഞ്ഞു. ഫണ്ട് തടഞ്ഞുവെച്ചത് സൗജന്യ യൂണിഫോം, അലവൻസുകള്‍ എന്നിവയെ ബാധിച്ചു. കുട്ടികളുടെ ഭാവി പന്താടി ഒരു സമ്മര്‍ദത്തിന് വഴങ്ങാൻ സര്‍ക്കാര്‍ തയ്യാറാല്ല. ഇത് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും ഫണ്ട് അല്ലെന്നും നമുക്ക് അവകാശപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു.