പടനയിച്ച് ജനനായകനായ സിഎം വി.ഡി ; ജനമനമറിഞ്ഞ് പതിറ്റാണ്ട് നീണ്ട സതീശന്റെ പോരാട്ടം

ടീം യുഡിഎഫ് എന്ന് ഉറച്ചു പറഞ്ഞു വി ഡി സതീശന്റെ പോരാട്ടം തിരഞ്ഞെടുപ്പ് ഗോദകളിൽ മാത്രമായിരുന്നില്ല. ജനവികാരം മാനിച്ച് ജനമനസറിഞ്ഞു സതീശൻ പ്രതിപക്ഷ നേതാവായി നിന്നുണ്ടാക്കിയെടുത്തത് 10 വർഷം ഭരണമില്ലാതിരുന്ന ഒരു മുന്നണിയുടെ പ്രതീക്ഷകളെയാണ്. കോൺഗ്രസിനുള്ളിലെ പടലപ്പിണക്കവും ഗ്രൂപ്പുകളിയും പണ്ടത്തെ പോലെ കപ്പിനും ചുണ്ടിനും ഇടയിൽ തനിക്ക് നഷ്ടമാക്കാമായിരുന്ന അർഹതപ്പെട്ട സ്ഥാനം വി ഡി പോരാടി തിരിച്ചുപിടിച്ചത് ആ ടീം യുഡിഎഫിൽ ഒപ്പമുണ്ടായിരുന്ന അണികളും ഘടകകക്ഷികളുമാണ്.

കോൺഗ്രസ് അണികളുടെ വികാരം മനസിലാക്കാതെ പോയ എംഎൽഎമാരുടെ കൂട്ടത്തിന് മുന്നിൽ ജനങ്ങൾ ഇറങ്ങി നിന്നാണ് വി ഡി സതീശന് മുഖ്യമന്ത്രി കസേര പിടിച്ചുവാങ്ങി നൽകിയതെന്ന് പറയേണ്ടി വരും. ഹൈക്കമാൻഡിന് മുന്നിൽ ഇത്രയും ചർച്ചയും പ്രശ്‌നവും പ്രതിസന്ധിയുണ്ടാക്കിയത് കെ സി വേണുഗോപാലിന്റെ എംഎൽഎമാരെ വെച്ചുള്ള വില പേശലാണെന്ന കാര്യത്തിൽ തർക്കമില്ല. പക്ഷേ ജനവികാരവും ജനങ്ങളുടെ ആവശ്യവും തള്ളിക്കളയുന്ന തരത്തിലൊരു തീരുമാനം രാഹുൽ ഗാന്ധിയെടുക്കില്ലെന്ന് ഒരിക്കൽ കൂടി ജനങ്ങൾക്ക് ബോധ്യപ്പെടുത്തുന്നതാണ് കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിലപാട്.

ജനാധിപത്യപരമായി എല്ലാവരേയും അനുനയിപ്പിച്ച് ഒപ്പം നിർത്താനുള്ള ശ്രമവും രാഹുൽ ഗാന്ധിയുടേയും ഹൈക്കമാൻഡിന്റേയും ഭാഗത്ത് നിന്നുണ്ടായി എന്നതും ഈ 11 ദിവസത്തെ കാലതാമസം വെളിവാക്കുന്നുണ്ട്. ആരേയും പിണക്കാതെ ഒപ്പം നിർത്താനുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ ശ്രമവും ജനവികാരം മാനിച്ചുള്ള തീരുമാനവും രാഹുൽ ഗാന്ധിയ്ക്കും ഹൈക്കമാൻഡിനും കൂടുതൽ സ്വീകാര്യത നൽകുന്നുമുണ്ട്.

വിഡി സതീശന്റെ ഒറ്റയാൾ പോരാട്ടത്തിന് ജനങ്ങൾ നൽകുന്ന പിന്തുണ സാധാരണക്കാരായ കോൺഗ്രസ് പ്രവർത്തകരും നൽകുന്നുണ്ട്. ഗ്രൂപ്പിനതീതമായി വളർന്നുവന്നു മുഖ്യമന്ത്രി കസേരയിലേക്കെത്തിയ നേതാവെന്നതും സതീശന്റെ ജനസ്വീകാര്യതയ്ക്ക് കാരണമാണ്. ഗോഡ് ഫാദർമാരില്ലാതെ ഗ്രൂപ്പിന്റെ ഭാഗമാകാതെ പാർട്ടിയെ വളർത്തിയ നേതാവെന്നതാണ് കോൺഗ്രസുകാർക്ക് വി ഡി സതീശനോടുള്ള സ്‌നേഹത്തിന് പിന്നിൽ.

ഗ്രൂപ്പുകളി നടത്തി സ്ഥാനം നേടുന്ന കോൺഗ്രസ് നേതാക്കൻമാരോടുള്ള എതിർപ്പ് കൂടിയാണ് കോൺഗ്രസ് അണികൾ സതീശനോടുള്ള സ്‌നേഹം ഉയർത്തി കാണിച്ചുകൊണ്ട് വെളിവാക്കിയത്. അത് പതിറ്റാണ്ടുകൾ നീണ്ടുനിന്ന വി ഡി സതീശന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണ്. ടീം യുഡിഎഫ് മികച്ച വിജയം നേടിയില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് പറഞ്ഞ നേതാവിന്റെ ആർജ്ജവത്തോട് യുഡിഎഫ് അണികൾ മനസറിഞ്ഞു നൽകിയ അംഗീകാരമാണ് ഈ മുഖ്യമന്ത്രി കസേര.

1964 മേയ് 31ന് എറണാകുളം ജില്ലയിലെ നെട്ടൂരിൽ വടശ്ശേരി ദാമോദരമേനോന്റെയും വിലാസിനിയമ്മയുടേയും മകനായാണ് വി. ഡി. സതീശന്റെ ജനനം. വിദ്യാർഥി ജീവിതകാലത്ത് തന്നെ രാഷ്ട്രീയത്തിൽ സതീശൻ ഉണ്ടായിരുന്നു. പനങ്ങാട് ഹൈസ്കൂളിൽ സ്കൂൾ ലീഡറും പിന്നീട് തേവര എസ് എച്ച് കോളജിൽ യൂണിയൻ ഭാരവാഹിയുമായി പൊതുരംഗത്ത് അദ്ദേഹം സജീവമായി. എംജി സർവകലാശാല യൂണിയൻ ചെയർമാനായും എൻഎസ്‌യു ദേശീയ സെക്രട്ടറിയായും വി. ഡി. സതീശൻ പ്രവർത്തിച്ചു. നിയമബിരുദധാരിയായ അദ്ദേഹം ഒരുപാട് കാലം അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിട്ടുണ്ട്.

കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം കൂടിയായ അദ്ദേഹം നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി, എസ്റ്റിമേറ്റ് കമ്മിറ്റികളുടെ ചെയർമാൻ സ്ഥാനവും വഹിച്ചിട്ടുണ്ട്. തമിഴ്നാടിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 5 വർഷം കെപിസിസി ഉപാധ്യക്ഷ പദവി വഹിക്കുകയും മികച്ച എംഎൽഎയ്ക്കുള്ള ഇരുപത്തഞ്ചിലേറെ അവാർഡുകൾ ലഭിക്കുകയും ചെയ്തു. ​2001 മുതൽ പറവൂർ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗം. 2021 മുതൽ 26 വരെ പ്രതിപക്ഷനേതാവ്.

1996-ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ തോറ്റു കൊണ്ടാണ് വീഡി സതീശന്റെ രാഷ്ട്രീയ തുടക്കം. പിന്നീട് 2001-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർഥിയായിരുന്ന കെ.എം. ദിനകരനെ 7,792 വോട്ടിന് തോൽപ്പിച്ചു ആദ്യമായി നിയമസഭയിലെത്തി. 2006-ലും 2011-ലും 2016-ലും 2021-ലും ഇതേ മണ്ഡലത്തിൽ വിജയം ആവർത്തിച്ചു.

പന്ത്രണ്ടാം നിയമസഭയിൽ കോൺഗ്രസ് വിപ്പ് സ്ഥാനം വഹിച്ചിരുന്ന ഇദ്ദേഹം അന്യസംസ്ഥാന ലോട്ടറിക്കെതിരായ രാഷ്ട്രീയ സംവാദങ്ങളിലൂടെ കൂടുതൽ മാധ്യമശ്രദ്ധ നേടി. പരിസ്ഥിതിക്കുവേണ്ടിയും, ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ടിനനുകൂലമായും പ്രതികരിക്കുന്ന എംഎൽഎമാരുടെ രാഷ്ട്രീയെതര സംഘത്തിൽ പ്രമുഖനായിരുന്നു വി. ഡി. സതീശൻ. എഐസിസി സെക്രട്ടറിയും 2014ൽ കെ.പി.സി.സി വൈസ് പ്രസിഡന്റായും നിയമിതനായി. 2026 ഏപ്രിൽ 9 ന് നടന്ന നിയമസഭാതെരഞ്ഞെടുപ്പിൽ പറവൂർ നിയമസഭാമണ്ഡലത്തിൽ നിന്ന് 11376 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ടത്. ലക്ഷ്മിപ്രിയയാണ് ഭാര്യ. മകൾ ഉണ്ണിമായ.

Latest Stories

'കേരളത്തിന്റെ,കോൺഗ്രസ്സിന്റെ,യുഡിഎഫിന്റെ മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങൾ'; ഷാഫി പറമ്പിൽ

സംസ്ഥാനത്ത് നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലർട്ട്

'അത്രയധികം മാനസികമായും സാമ്പത്തികമായും ഞാൻ തളർന്നു പോയിരുന്നു, കൗൺസിലിംഗിനും തെറാപ്പിക്കും ഒക്കെ പോയിട്ടാണ് തിരിച്ചു വന്നത്'; ഗ്ലാമി ഗംഗ

'വർഗീയത അതിൻ്റെ രൂക്ഷതയിൽ എത്താനുള്ള മാർഗം തുറന്നു, ലീഗിന് ആഗ്രഹങ്ങൾ പറയാം... നിലപാട് പറയാനുള്ള യോഗ്യതയില്ല'; വി ഡി സതീശനെ മുഖ്യമന്ത്രിയാക്കിയതിൽ വിമർശനവുമായി ജി സുകുമാരൻ നായർ

നീറ്റ് പരീക്ഷ പൂര്‍ണമായും നിർത്തലാക്കണം, നീറ്റിന് പകരം പ്ലസ്ടു മാർക്ക് അടിസ്ഥാനമാക്കി സീറ്റ് നൽകണം : കേന്ദ്രത്തിനോട് വിജയ്

'ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എം എൽ ഏമാരും, എസ്എൻഡിപിയും, എൻഎസ്എസ്സും'; വിമർശിച്ച് പിസി ജോർജ്

'വി ഡി സതീശനും, കെ സി വേണുഗോപാലും എനിക്ക് ഒരുപോലെ, ഹൈക്കമാൻഡ് തീരുമാനത്തിൽ തൃപ്തൻ'; കെ സുധാകരൻ

രമേശ് ചെന്നിത്തല നിയമസഭാ കക്ഷിയോഗത്തില്‍ പങ്കെടുക്കുമോ ഇല്ലയോ എന്നതില്‍ തനിക്ക് ഒരു വിവരവുമില്ലെന്ന് ദീപാദാസ് മുന്‍ഷി; 'പാര്‍ട്ടി തീരുമാനത്തിനൊപ്പം മുഴുവന്‍ എംഎല്‍എമാരും നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു'

'വികസനത്തിന്റെ പുതിയ പാതയിലേക്ക് നാടിനെ നയിക്കാനാവട്ടെ, വി ഡി സതീശന്‌ ആശംസകൾ'; മോഹൻലാൽ

'വിഡി സതീശന് അഭിന്ദനങ്ങൾ, ഹൈക്കമാന്റിന്റെ തീരുമാനം സ്വാഗതാർഹം'; സാദിഖലി ശിഹാബ് തങ്ങൾ