നിയമസഭയിൽ ഭരണകക്ഷി അംഗത്തെ വിമർശിച്ച് ജി സുധാകരൻ എംഎൽഎ. കമ്മ്യൂണിസം ശാപമാണെന്ന് പറയുന്ന ഒരാൾക്ക് ജീവിച്ചിരിക്കാൻ കഴിയുമോ എന്ന് ജി സുധാകരൻ ചോദിച്ചു. കമ്മ്യൂണിസം ശാപമാണ് എന്നൊരു അംഗം പറയുന്നത് കേട്ടു. ആളുടെ മുഖം കണ്ടില്ല ഭാഗ്യം. കമ്മ്യൂണിസത്തെ ശാപഗ്രസ്ഥമാക്കിയവരെയാണ് വിമർശിക്കേണ്ടത്. കമ്മ്യൂണിസത്തെ ഒന്നും ദയവായി വിമർശിക്കരുതേ. കമ്മ്യൂണിസത്തെ ശപിക്കല്ലേ അത് ശരിയല്ല. കേരള കോൺഗ്രസുമായി കമ്മ്യൂണിസ്റ്റ് യോജിച്ചിട്ടുണ്ട്.
നാളെ യഥാർത്ഥ കോൺഗ്രസുകാരുമായും യോജിക്കും. തമിഴ്നാട്ടിൽ നിങ്ങൾ യോജിച്ചില്ലേ. ഞാൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് എതിരായി പറയില്ല. കമ്മ്യൂണിസ്റ്റ് എന്ന് പറഞ്ഞു നടക്കുന്നവരെ വിമർശിക്കും. എല്ലാദിവസവും എൻറെ അച്ഛനെപ്പറ്റി പറഞ്ഞു നടക്കുന്ന സംസ്ഥാന കമ്മിറ്റി അംഗമുണ്ട്. എൻറെ അച്ഛനെ രാവിലെ വിളിച്ചു നടക്കുന്ന ഒരു സംസ്ഥാന കമ്മിറ്റി അംഗം അവിടെയുണ്ട്. അയാളുടെ അച്ഛനെ ഞാൻ കണ്ടിട്ടില്ലാത്തതുകൊണ്ട് കുഴപ്പമില്ല എന്ന് ജി സുധാകരൻ പറഞ്ഞു.
പിണറായി വിജയൻറെ ചെരുപ്പിന്റെ വാറഴിക്കാൻ എനിക്ക് യോഗ്യതയില്ലെന്ന് പറയുന്നു. ഞാൻ ആരുടെയും വാറഴിക്കാൻ നടന്നിട്ടില്ല. ഇത് കമ്മ്യൂണിസ്റ്റുകാരുടെ ഭാഷയല്ല. ചെറ്റക്കൂടിലിൽ താമസിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാർ. ചെറ്റ പരാമർശം കമ്മ്യൂണിസ്റ്റ് ഭാഷയല്ലെന്നും ജി സുധാകരൻ വിമർശിച്ചു. ബാലഗോപാൽ ആറായിരം കോടി ഉണ്ടെന്ന് ഇടയ്ക്കിടെ പറയും. ധവളപത്രം ഗംഭീരമാണ്. മാറ്റമാണ് മാർക്സിസമെന്നും അതാണ് ശാസ്ത്രമെന്നും സുധാകരൻ പറഞ്ഞു. ബജറ്റ് ലളിതവും ഗഹനവുമുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാളിദാസനെയും ശേക്സിപിയറെയും വായിച്ച ആൾക്കെ ഈ ബജറ്റ് എഴുതാനാവൂ എന്നും ജി സുധാകരൻ പറഞ്ഞു.