തിരുവനന്തപുരം സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എസി പൊട്ടിത്തെറിച്ച് അപകടം. രണ്ട് പേർക്ക് പരിക്കേറ്റു. പള്ളിച്ചൽ സ്വദേശി രാജേഷ് (48), കാരയ്ക്ക മണ്ഡപം സ്വദേശി സുരേഷ്(48) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
അറ്റകുറ്റപണിക്കിടെ രണ്ട് തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേൽക്കുകയായായിരുന്നു. എസിയിൽ ഗ്യാസ് ഫിൽ ചെയ്യുന്ന സമയത്താണ് പെട്ടെന്ന് എസി പൊട്ടിത്തെറിച്ചത്. ഗ്യാസ് സിലിണ്ടര്‍ പിടിച്ചു കൊണ്ടുനിന്ന തൊഴിലാളിക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാൾ തെറിച്ച് ഓടയുടെ ഭാഗത്തേക്ക് വീണുപോയിരുന്നു.
ജോലി നടക്കുന്ന സമയത്ത് ഓഫീസിനുള്ളിൽ ഒരു ജീവനക്കാരൻ മാത്രമാണുണ്ടായിരുന്നത്. ഇയാൾക്ക് പരിക്കില്ല. പൊട്ടിത്തെറിയുടെ ആഘാതത്തിൽ മുറിക്ക് പുറത്തുണ്ടായിരുന്ന കാറിന്‍റെ ചില്ല് തകർന്നു. ഒരാളുടെ പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് ഒരാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തിന്‍റെ കാരണം വ്യക്തമല്ല.