കോണ്‍ഗ്രസ് യുവ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ബസ് സ്റ്റാന്റ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കരുതെന്ന് പാലക്കാട് നഗരസഭ. ആഗസ്റ്റ് 22ന് നടക്കാനിരിക്കുന്ന ഉദ്ഘാടന ചടങ്ങില്‍ നിന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിനോട് പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് പാലക്കാട് നഗരസഭ കത്ത് നല്‍കിയത്.
എംഎല്‍എയ്‌ക്കെതിരെ ഉയര്‍ന്നുവന്നിരിക്കുന്ന ഗുരുതര ആരോപണങ്ങള്‍ കണക്കിലെടുത്താണ് നഗരസഭാ തീരുമാനം. വരും ദിവസങ്ങളില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കടുത്ത സമരപരിപാടികളും പ്രതിഷേധങ്ങളും ഉടലെടുക്കുമെന്ന വിലയിരുത്തലിലാണ് നഗരസഭ കത്ത് നല്‍കിയത്. ആരോപണങ്ങള്‍ ഉയര്‍ന്നുവന്നതിന് പിന്നാലെ രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചിരുന്നു.
കത്തിന്റെ ഉള്ളടക്കം
2025 ആഗസ്റ്റ് 22 വൈകുന്നേരം 4മണിക്ക് പാലക്കാട് മുനിസിപ്പല്‍ ബസ് സ്റ്റാന്റ് ഉദ്ഘാടന ചടങ്ങിലേക്ക് താങ്കളെ വിശിഷ്ടാതിഥിയായി ക്ഷണിച്ചിരുന്നുവല്ലോ. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ താങ്കള്‍ക്കെതിരെ ഉയര്‍ന്നുവന്നിട്ടുള്ള ഗുരുതരമായ ആരോപണങ്ങള്‍ കണക്കിലെടുത്തും, പാലക്കാട് നഗരസഭ സംഘടിപ്പിക്കുന്ന ബസ് സ്റ്റാന്റ് ഉദ്ഘാടന ചടങ്ങിലേക്ക് ചില സംഘടനകള്‍ താങ്കള്‍ക്കെതിരെ സമരപരിപാടിയുമായി വരാന്‍ സാധ്യതയുണ്ടെന്ന് മസിലായതിനാലും, പരിപാടിയുടെ ശോഭ കെടുമെന്ന് ശങ്കയുള്ളതിനാലും ചടങ്ങില്‍ അനിഷ്ഠ സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് മേല്‍പറഞ്ഞ പരിപാടിയില്‍ നിന്ന് താങ്കള്‍ വിട്ടുനില്‍ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.