സുകുമാരിയമ്മ ഇല്ലാത്ത മലയാള സിനിമയുടെ ഒരു പതിറ്റാണ്ട് !

മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്ന സുകുമാരി നമ്മോട് വിട പറഞ്ഞിട്ട് പത്ത് വർഷം. ആറ് പതിറ്റാണ്ടോളം നീണ്ട അഭിനയ ജീവിതത്തിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നട, ബംഗാളി, ഹിന്ദി എന്നീ ഭാഷകളിലായി 2500 ലേറെ സിനിമകളിലാണ് സുകുമാരിയമ്മ ജീവിച്ച് കാണിച്ചത്. നായികയായും അമ്മയായും അമ്മൂമ്മയും അഭിനയിച്ച് പ്രേക്ഷകരുമായി ഒരു ആത്മബന്ധം ഉണ്ടാക്കിയെടുക്കാൻ സുകുമാരിക്ക് സാധിച്ചിരുന്നു. സിനിമാമേഖലയിൽ 60 വർഷത്തിലേറെ അഭിനയിച്ച അപൂർവ്വം ചില അഭിനേത്രികളിൽ ഒരാൾ കൂടിയായിരുന്നു സുകുമാരി. നിലയ്ക്കാത്ത ഊർജവുമായി നാടൻ വേഷങ്ങളിലും മോഡേൺ വേഷങ്ങളിലും ഒരേ പോലെ തിളങ്ങിയ സുകുമാരിയെ പോലെ മറ്റൊരു നേടിയില്ല എന്നുതന്നെ പറയാം.

‘തിരുവിതാംകൂർ സഹോദരിമാർ’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ലളിത, പത്മിനി , രാഗിണിമാരുടെ വളരെ അടുത്ത ബന്ധുവായ സുകുമാരി ഭരതനാട്യം, കഥകളി, കേരള നടനം ഉൾപ്പെടെയുള്ള നൃത്തരൂപങ്ങളിൽ ചെറുപ്പകാലത്ത് തന്നെ പ്രാവീണ്യം നേടിയിരുന്നു. ഏഴാം വയസ് മുതല്‍ തിരുവിതാംകൂര്‍ സഹോദരിമാരുടെ ഡാൻസേഴ്സ് ഓഫ് ഇന്ത്യ എന്ന ട്രൂപ്പിന്റെ ഭാഗമായി ഇന്ത്യയിലും സിലോണ്‍, സിംഗപ്പൂര്‍, മലേഷ്യ തുടങ്ങിയ വിദേശ രാജ്യങ്ങളിലും നൃത്തപരിപാടികള്‍ അവതരിപ്പിച്ചു. വളരെ അവിചാരിതമായിട്ടായിരുന്നു സുകുമാരിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പത്താം വയസിൽ പത്മിനിയോടൊപ്പം സിനിമാ ഷൂട്ടിങ് കാണാനെത്തിയപ്പോൾ സംവിധായകനായ നീലകണ്ഠൻ കാണുകയും അഭിനയിക്കാൻ ക്ഷണിക്കുകയും ചെയ്തു. അങ്ങനെ ‘ ഒരു ഇരവ് ‘ എന്ന തമിഴ് ചിത്രത്തിലൂടെ സുകുമാരി അഭിനയ ലോകത്ത് അരങ്ങേറ്റം കുറിച്ചു. ദൈർഘ്യമേറിയ ഒരു നൃത്തരംഗത്താണ് സിനിമയിൽ സുകുമാരി പ്രത്യക്ഷപ്പെട്ടത്.

പിന്നീട് നാടകങ്ങളിൽ സജീവമാകാൻ തുടങ്ങിയ സുകുമാരി വൈ.ജി പാര്‍ഥസാരഥിയുടെ ‘പെറ്റാല്‍ താന്‍ പിള്ള’ എന്ന നാടകത്തിൽ ചോ രാമസ്വാമിയ്ക്കൊപ്പം അഭിനയിച്ചു. ചോ രാമസ്വാമിയുടെ നാടകങ്ങളിലൂടെയാണ് സുകുമാരിയെന്ന നടി വളർന്നത്. ചോ രാമസ്വാമിയുടെ ട്രൂപ്പില്‍ 4000ത്തിലധികം സ്റ്റേജുകളിലാണ് സുകുമാരി അഭിനയിച്ചത്. സുകുമാരി അഭിനയിച്ച ‘തുഗ്ലക്’ എന്ന നാടകം 1500-ലധികം സ്റ്റേജുകളിലാണ് കളിച്ചത്. 1956ല്‍ പുറത്തിറങ്ങിയ ‘കൂടപ്പിറപ്പ്’ എന്ന ചിത്രത്തിലൂടെയാണ് സുകുമാരി മലയാളത്തിലെത്തുന്നത്.1957-ൽ ആറു ഭാഷകളിലായി പുറത്തിറങ്ങിയ ‘തസ്‌കരവീരൻ’ എന്ന ചിത്രത്തിൽ ആദ്യമായി ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു. രണ്ടു, മൂന്നു വർഷത്തിനുള്ളിൽ സുകുമാരി മലയാളത്തിലെ തിരക്കേറിയ നടിയായി മാറി. ആദ്യകാല ബ്ലാക് ആൻഡ് വൈറ്റ് ചിത്രങ്ങൾ, ചേട്ടത്തി, കുസൃതി കുട്ടൻ,  കരിനിഴൽ, കുഞ്ഞാലി മരക്കാർ, തച്ചോളി ഒതേനൻ, യക്ഷി, തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടു. തമിഴിൽ എം.ജി.ആർ, ജയലളിത, ശിവാജി ഗണേശൻ , തെലുങ്കിൽ എൻ.ടി. ആറിനൊപ്പവും നിരവധി സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.

ചെറുപ്പകാലത്ത് സിനിമയിലെത്തിയ സുകുമാരി വേഷമിട്ട കഥാപാത്രങ്ങളെല്ലാം പക്വത നിറഞ്ഞ, മുതിർന്ന കഥാപാത്രങ്ങളായിരുന്നു. ഷീലയും ജയഭാരതിയും ശാരദയും മലയാള സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് ചെറുപ്പക്കാരിയായ സുകുമാരി അമ്മ വേഷങ്ങളിൽ പ്രേക്ഷക ശ്രദ്ധ നേടിയത്. പ്രേക്ഷകരെ കരയിപ്പിക്കാനും ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും അനായാസം സാധിച്ചിട്ടുള്ള നടി കൂടിയാണ് സുകുമാരി. പൂച്ചക്കൊരു മൂക്കുത്തി, ഓടരുതമ്മാവാ ആളറിയാം, ബോയിംഗ് ബോയിംഗ്, വന്ദനം തുടങ്ങി നിരവധി ചിത്രങ്ങളിലെ കഥാപ്രത്രങ്ങൾ ഇന്നും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവയാണ്. അഭിനയിക്കുന്ന സിനിമകളിൽ സുകുമാരി തന്നെയായിരുന്നു ഡബ്ബും ചെയ്തിരുന്നത്. സിനിമകൾ കൂടാതെ നൃത്ത പരിപാടികളിലും നാടകങ്ങളിലും ടെലിവിഷൻ സീരിയലുകളിലും സുകുമാരി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

1940 ഒക്ടോബർ 6-ന് തമിഴ്‌നാട്ടിലെ നാഗർകോവിലിൽ മാധവൻ നായരുടേയും സത്യഭാമയുടേയും മകളായാണ് സുകുമാരിയുടെ ജനനം. പ്രശസ്ത മലയാളം – തമിഴ് – ഹിന്ദി ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും ചിത്ര സംയോജകനും നിർമ്മാതാവുമായിരുന്ന ഭീം സിംഗാണ് ഭര്‍ത്താവ്. 2010ല്‍ നമ്മഗ്രാമം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിയ്ക്കുള്ള ദേശീയ പുരസ്‌ക്കാരം ലഭിച്ചു. 2003ലാണ് രാജ്യം പത്മശ്രീ നല്‍കി ആദരിച്ചത്. 1974, 1979, 1983, 1985 വർഷങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹനടിയ്ക്കുള്ള പുരസ്കാരവും നേടിയിട്ടുണ്ട്.  വീട്ടിലെ പൂജാമുറിയിലെ നിലവിളക്കിൽ നിന്നും പൊള്ളലേറ്റതിനെതുടർന്നു സുകുമാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മുപ്പതു ദിവസങ്ങൾക്ക് ശേഷം 2013 മാര്‍ച്ച് 26 ന് സുകുമാരി ലോകത്തോട് വിട പറഞ്ഞു.

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി