'വിരലുകളിലും കണ്ണുകളിലും തെളിഞ്ഞ അഭിനയം, മലയാളി സ്ത്രീയെ ഒരു മായവുമില്ലാതെ അഭിനയിച്ച ഉര്‍വശി'; വൈറല്‍ കുറിപ്പ്

അടുത്തിടെ തിയേറ്ററുകളിലെത്തിയതില്‍ ഏറെ ജനപ്രീതി നേടിയ ചിത്രമാണ് അനൂപ് സത്യന്‍ ഒരുക്കിയ വരനെ ആവശ്യമുണ്ട്. ശോഭന, സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍, കല്യാണ് പ്രിയദര്‍ശന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ ചിത്രത്തില്‍ ഉര്‍വശിയും ഒരു മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഉര്‍വശിയുടെ അഭിനയത്തെ പ്രശംസിച്ച് മാധ്യമപ്രവര്‍ത്തകനായ മിഥുന്‍ വിജയകുമാരി എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ചിത്രത്തില്‍ കല്യാണിയും ഉര്‍വശിയും ഒന്നിച്ചുള്ള രംഗം വിശദീകരിച്ചായിരുന്നു മിഥുന്റെ കുറിപ്പ്.

മിഥുന്റെ കുറിപ്പ്…

“വിരലുകള്‍ അഭിനയിച്ചു, കണ്ണുകള്‍ അഭിനയിച്ചു എന്നൊക്കെ പറയുന്നത് ഇപ്പൊ ഒരു ട്രോള്‍ മെറ്റിരിയല്‍ ആയി മാറിയെങ്കിലും അപൂര്‍വമായി ആ വാചകങ്ങള്‍ അതിന്റെ നിലവാരം കാത്തുസൂക്ഷിക്കുന്ന ചില സന്ദര്‍ഭങ്ങള്‍ ഉണ്ട്.”

വരനെ ആവശ്യമുണ്ട് എന്ന സിനിമയിലെ ഈ സീനിന്റെ തുടക്കം നോക്കുക, നിക്കിയെ വരവേല്‍ക്കുന്ന ഷേര്‍ലി വളരെ സൗമ്യയാണെങ്കികും പറയാന്‍ പോകുന്നത് നിക്കിയെ വേദനിപ്പിക്കുന്ന അതിനൊപ്പം താനും വേദനിക്കുന്ന ഒരു കാര്യമാണെന്ന് അവരുടെ ഭാവങ്ങളില്‍ നിന്ന് വ്യക്തമാണ്.

എബി വരാഞ്ഞതിലുള്ള നിക്കിയുടെ ജിജ്ഞാസയെ ആദ്യം വളരെ പതുക്കെ കാര്യം പറയുന്നുണ്ടെങ്കിലും വിഷയത്തിലേക്ക് എങ്ങനെ കൊണ്ടു വരും എന്ന സംശയത്തില്‍ ഷേര്‍ലി ബാഗ് ഒക്കെ പരതുന്നുണ്ട്. പതുക്കെ സംസാരം തുടങ്ങുമ്പോള്‍ നിക്കിയുടെ മുഖത്ത് നോക്കാതെ നോട്ടം മാറ്റി മാറ്റി ധൈര്യം വീണ്ടെടുക്കാന്‍ ശ്രമിക്കുന്നുണ്ട്.

ശേഷം സത്യം തറയില്‍ നിന്നുള്ള നോട്ടം നിക്കിയുടെ കണ്ണുകളിലേക്ക് നട്ട് അവര്‍ ആ അപ്രിയ സത്യം തുറന്നു പറഞ്ഞ് വേദനയുടെ താഴ് തുറക്കുന്നു. അതിനു ശേഷം ആ സത്യം accept ചെയ്യാന്‍ നിക്കിയ്ക്ക് സമയം കൊടുത്ത് ഷേര്‍ലി നിശ്ശബ്ദയാകുന്നു. എബിയുടെ ഡാഡിക്ക് ഇഷ്ടമായിക്കാണില്ലേ എന്നുള്ള നിക്കിയുടെ അവസാന പിടച്ചിലില്‍ അവളുടെ കൈ ചേര്‍ത്തു പിടിച്ച് ഷേര്‍ലി, തന്റെ വേദന സുഹൃത്തിനോടെന്നപോലെ നിക്കിയോട് തുറന്നു പറയുന്നു.

ആ സമയവും അവരുടെ കൈകളും കണ്ണുകളും പരതുകയാണ്.തന്റെ മകന്‍ അവന്റെ അച്ഛനെപ്പോലെയാണ് എന്നു പറയുന്ന നിമിഷം അവര്‍ വല്ലാതെ ചിതറിത്തെറിക്കുന്നു. ഒരുപക്ഷേ ഷേര്‍ലി നിക്കിയുടെ കൈപിടിച്ചത് നിക്കിയെ ആശ്വസിപ്പിക്കാന്‍ ആയിരിക്കില്ല, പകരം തന്റെ പ്രതീക്ഷകള്‍ക്കൊപ്പം എത്താതെ നഷ്ടപ്പെട്ടു പോയ മകനെ എവിടെയോ നഷ്ടപ്പെട്ടുപോയി എന്ന വേദന ആരോടെങ്കിലും ഒന്ന് തുറന്നു പറഞ്ഞ് ആശ്വാസം കണ്ടെത്താനായിരിക്കും.

അവിടെയൊക്കെയും കണ്ണുകള്‍ പരതി നടന്നിട്ടും, നീ അങ്ങോട്ട് വരണ്ട എന്ന് ഷേര്‍ലി നിക്കിയുടെ കണ്ണില്‍ നോക്കി ദൃഢമായി തന്നെയാണ് പറയുന്നത്. തന്റെ ജീവിതത്തിന്റെ ആവര്‍ത്തനം ഇനി ഉണ്ടാകണ്ട എന്നോ, ഒരുപക്ഷേ നിന്നെ എബി അര്‍ഹിക്കുന്നില്ല എന്നോ ആയിരിക്കാം. അതിന്റെ അര്‍ത്ഥം.മകളെപ്പോലെസുഹൃത്തിനെപ്പോലെമരുമകളെപ്പോലെ കണ്ട ഒരിഷ്ടത്തെ വേദനിപ്പിക്കാതിരിക്കാന്‍ ഒരു ചിരി കൂടി ഷേര്‍ലി അതിലേക്ക് ഇടുന്നു.

ഒരേസമയം മകനെയും മരുമകളെയും നഷ്ടപ്പെട്ട വേദനയില്‍ അറിയാതെ കണ്‍പോളകളുടെ വിലക്ക് ലംഘിച്ച് കണ്ണീര്‍ ഊര്‍ന്നു വീഴുന്നുണ്ട്. ഒടുവില്‍ തന്നോട് യാത്ര പറഞ്ഞ് പോകാന്‍ ഒരുങ്ങുന്ന നിക്കിയ്ക്ക് കുറച്ചുനേരം കൂട്ടു നില്‍ക്കാനും, വിഷമിച്ചു നില്‍ക്കുന്ന ഹോട്ടല്‍ വെയിറ്റര്‍ക്ക് ആശ്വാസമാകാനും അവര്‍ തന്റെ വേദനയ്ക്ക് കടിഞ്ഞാണിട്ടു ഒരു കള്ളം പറഞ്ഞ് നിക്കിയെ തടുക്കുന്നു.

അവസാനം പറഞ്ഞ ആ കള്ളത്തെ ഒരു ചെരുപ്പുകടയില്‍ ഉപേക്ഷിച്ച് അവര്‍ യാത്ര പറയുമ്പോള്‍ കെട്ടിപ്പിടിച്ചതിനു ശേഷം ഓട്ടോയില്‍ കയറിയ ഷേര്‍ലി തിരിഞ്ഞു നോക്കാതെ കൈ പുറത്തേക്കിട്ട് യാത്ര പറയുന്നു. അത്രമേല്‍ പ്രിയപ്പെട്ട, സ്വന്തമെന്നു കരുതിയ ഒന്നിനെ ഒറ്റയ്ക്കാക്കി പോകുന്ന നൊമ്പരം, അവ്യക്തമായ ഷേര്‍ലിയുടെ മുഖത്തേക്കാള്‍ ഉപരി ആ കൈവിരലുകളില്‍ തെളിയുന്നുണ്ട്.

എനിക്കുറപ്പാണ് നീങ്ങിമറയുന്ന ആ ഓട്ടോയ്ക്കുള്ളില്‍ ഷേര്‍ലി കരയുകയായിരിക്കാം. നഷ്ടപ്പെട്ടതിന്റെ, തോറ്റുപോയതിന്റെ, ഒറ്റയ്ക്കായിപോയതിന്റെ ഒക്കെ വേദനകള്‍ ഒഴുകിയിറങ്ങുമ്പോള്‍, ചീറിപ്പായുന്ന ഓട്ടോയ്ക്കുള്ളിലേക്ക് അനുവാദമില്ലാതെ ഇരുവശത്തുനിന്നും കയറി വന്ന കാറ്റ് ആ കണ്ണീര്‍ തുടച്ചിട്ടുണ്ടാകും.

പരുക്കനായ, വന്യമായ കഥാപാത്രങ്ങള്‍ ഇല്ലാതെ കഥകളില്‍ മലയാളി സ്ത്രീയെ ഒരു മായവുമില്ലാതെ അഭിനയിച്ച ഉര്‍വശി എന്ന നടിയുടെ, ആറ് തവണ സ്റ്റേറ്റ് അവാര്‍ഡ് വാങ്ങിയ കൈകളില്‍ തെളിഞ്ഞു കിടപ്പുണ്ട് അവരുടെ അഭൂതപൂര്‍വമായ ചരിത്രം.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ