കേന്ദ്രം വിലക്കിയ ആറ് ചിത്രങ്ങൾ പ്രദർശിപ്പിക്കില്ല എന്ന് റസൂൽ പൂക്കുട്ടി. രാജ്യത്തിന്റെ നയതന്ത്രബന്ധങ്ങളിൽ വിള്ളലുണ്ടാവുമെന്ന് കേന്ദ്രം അറിയിച്ചതിനാലാണ് ആറ് ചിത്രങ്ങളുടെ പ്രദർശനം ചലച്ചിത്ര അക്കാദമി തന്നെ ഉപേക്ഷിച്ചത് എന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി മാധ്യമപ്രവർത്തകരോടു പറഞ്ഞു.
കേന്ദ്രസർക്കാർ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറി അറിയിച്ചപ്പോൾ രാജ്യതാത്പര്യം കണക്കിലെടുത്താണ് അക്കാദമി തീരുമാനമെടുത്തതെന്നും അദ്ദേഹം അറിയിച്ചു. വിലക്കിയ ചിത്രങ്ങൾ പ്രദർശിപ്പിക്കുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ശേഷമാണ് തടഞ്ഞുവെച്ച 19 ചിത്രങ്ങളിൽ ഈ ആറെണ്ണം ഒഴികെയുള്ള ചിത്രങ്ങൾക്ക് ഒറ്റ രാത്രികൊണ്ട് കേന്ദ്രം പ്രദർശനാനുമതി നൽകിയതെന്നും റസൂൽ പൂക്കുട്ടി പറഞ്ഞു.
ചലച്ചിത്രമേള അവസാനിക്കുന്നതിന്റെ തലേദിവസം ഐഎഫ്എഫ്കെയിലെത്തിയ റസൂൽ പൂക്കുട്ടി വ്യാഴാഴ്ച രാത്രി മാധ്യമപ്രവർത്തകരോട് ഇക്കാര്യങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. ചലച്ചിത്രമേളയിൽ തന്റെ ഭൗതികസാന്നിധ്യം മാത്രമാണ് ഇല്ലാതിരുന്നതെന്നും മേളയുടെ നടത്തിപ്പിൽ തന്റെ സജീവമായ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.