യുട്യൂബർ അശ്വന്ത് കോക്കിനെതിരെ പരാതി നൽകുമെന്ന് ഫിലിം ചേംബർ. മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നൽകുമെന്ന് ഫിലിം ചേംബർ പ്രസിഡന്റ് അനിൽ വി തോമസ് പറഞ്ഞു. സിനിമയെ തകർക്കുന്ന റിവ്യൂകൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അനിൽ വി തോമസ് പറഞ്ഞു.
റിവ്യൂ ബോംബിങിലൂടെ സിനിമയിൽ ഉള്ളവരെ മോശമായി ചിത്രീകരിക്കുന്നെന്നാണ് ഫിലിം ചേംബറിന്റെ ആരോപണം. സിനിമകളുടെ റിവ്യൂകൾ ഉപയോഗിച്ച് മോണിടൈസ് ചെയ്യരുതെന്ന് ഫിലിം ചേംബർ ആവശ്യപ്പെട്ടു. സിനിമയെ തകർക്കുന്ന റിവ്യൂ അനുവദിക്കില്ല. രണ്ട് വർഷം മുൻപ് ഹൈക്കോടതി ഈ വിഷയം പരിഗണിച്ചെങ്കിലും കൃത്യമായ വിധി ഉണ്ടായിട്ടില്ലെന്ന് അനിൽ വി തോമസ് പറഞ്ഞു.
നെഗറ്റീവ് റിവ്യൂ പോസ്റ്റ് ചെയ്യാതിരിക്കുന്നതിന് പകരമായി വ്ലോഗർമാർ പണം ആവശ്യപ്പെടുന്നതായി ചലച്ചിത്ര നിർമ്മാതാക്കളും ആരോപിച്ചു. അങ്കം അട്ടഹാസം, മാരിവില്ലിൻ ഗോപുരങ്ങൾ പോലുള്ള സിനിമകളുടെ നിർമാതാക്കൾ ഇതിനെതിരെ രംഗത്തുവന്നിരുന്നു. അതേസമയം സിനിമ റിലീസ് ചെയ്ത ഉടൻ തന്നെ നെഗറ്റീവ് റിവ്യൂസും സ്‌പോയിലറുകളും മനഃപൂർവ്വം പോസ്റ്റ് ചെയ്യുന്നതിനായി നടത്തുന്ന ഏകോപിത പ്രചാരണങ്ങളെയാണ് മലയാള സിനിമയിലെ റിവ്യൂ ബോംബിംഗ് എന്നത് കൊണ്ടുദ്ദേശിക്കുന്നത്.