‘അഡോളസെൻസ്’ എന്ന ഒറ്റ പരമ്പരയിലൂടെ എമ്മിയുടെ ചരിത്രം മാറ്റിയെഴുതിയിരിക്കുകയാണ് പതിനഞ്ചുകാരനായ ഓവൻ കൂപ്പർ എന്ന ബാലതാരം. എമ്മി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചതോടെ ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും ഒരു കൂപ്പറിലേക്ക് തിരിയുകയായിരുന്നു.
മികച്ച സഹനടനുള്ള പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി, എമ്മി ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പുരുഷ അഭിനേതാവ് എന്നീ രണ്ട് നേട്ടങ്ങളാണ് കൂപ്പർ സ്വന്തമാക്കിയത്. ലിമിറ്റഡ് ഓർ ആന്തോളജി സീരീസ് ഓർ മൂവി’ വിഭാഗത്തിലാണ് ഓവൻ കൂപ്പർ നേട്ടം കൊയ്തത്.
ആഷ്‌ലി വാൾട്ടേഴ്‌സ്, ഹാവിയർ ബാർഡെം, ബിൽ കാമ്പ്, പീറ്റർ സാർസ്ഗാർഡ്, റോബ് ഡെലാനി എന്നിവർ ഉൾപ്പെടെയുള്ള അഞ്ച് മുതിർന്ന നോമിനികളെ പിന്തള്ളിയാണ് കൂപ്പർ ഈ പുരസ്‌കാരം സ്വന്തമാക്കിയത്.
ജാക്ക് തോൺ, സ്റ്റീഫൻ ഗ്രഹാം എന്നിവർ ചേർന്നാണ് നെറ്റ്ഫ്ലിക്സിനു വേണ്ടി അഡോളസെൻസ് എന്ന ലിമിറ്റഡ് സീരീസ് ഒരുക്കിയത്. അഭിനയിച്ച് യാതൊരു മുൻപരിചയവുമില്ലാത്ത മാഞ്ചസ്റ്റർ സ്വദേശിയായ ഓവൻ ക്യാമറയ്ക്കു മുന്നിൽ എത്തിയത് എന്നതാണ് ശ്രദ്ധേയം.