ആരാധകരുടെ പ്രതീക്ഷകള്‍ക്ക് വിരാമമിട്ട് “മാസ്റ്റര്‍” ടീം. സിനിമാപ്രേമികള്‍ ഏറെ കാത്തിരിക്കുന്ന വിവരമാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. നവംബര്‍ 14-ന് വൈകിട്ട് ആറു മണിക്ക് മാസ്റ്ററിന്റെ ടീസര്‍ പുറത്തു വിടുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഒരു മാസ് വീഡിയോ പുറത്തുവിട്ടു കൊണ്ടായിരുന്നു ഇന്ന് ആറു മണിക്ക് ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയിക്കും എന്ന് മാസ്റ്റര്‍ ടീം വ്യക്തമാക്കിയത്. വിജയ്യും വിജയ് സേതുപതിയും ഒന്നിച്ചെത്തുന്ന ചിത്രത്തിന് ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
സൂപ്പര്‍ ഹിറ്റ് ചിത്രം കൈദിക്ക് ശേഷം സംവിധായകന് ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് മാസ്റ്റര്‍. ഏപ്രിലില്‍ ചിത്രം റിലീസ് ചെയ്യാനിരുന്നെങ്കിലും കോവിഡ് ലോക്ഡൗണ്‍ മൂലം തിയേറ്ററുകള്‍ അടച്ചതിനാല്‍ മാറ്റി വെയ്ക്കുകയായിരുന്നു. തമിഴ്നാട്ടില്‍ തിയേറ്ററുകള്‍ തുറന്ന സാഹചര്യത്തില്‍ ചിത്രം ഉടന്‍ തന്നെ റിലീസിനെത്തുമെന്നാണ് സൂചന.
മാളവിക മോഹന്‍, അര്ജുന് ദാസ്, ആന്‍ഡ്രിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. അനിരുദ്ധ് രവിചന്ദരാണ് സംഗീത സംവിധാനം. സത്യന് സൂര്യന് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ഫിലോമിന്‍ രാജാണ്.