പരാതികളുമായി മുന്നിലെത്തിയ നിരവധി പെണ്‍കുട്ടികളുടെ ചിത്രമാണ് സിനിമ കണ്ടപ്പോള്‍ മുന്നില്‍ തെളിഞ്ഞത്: കെ.കെ ശൈലജ

‘ജയ ജയ ജയ ജയ ഹേ’ ചിത്രത്തിനും ടീമിനും ആശംസകളുമായി മുന്‍ ആരോഗ്യമന്ത്രിയും എംഎല്‍എയുമായ കെ.കെ ശൈലജ. സിനിമ കണ്ടപ്പോള്‍ തന്റെ അരികില്‍ പരാതിയുമായി എത്തുന്ന നിരവധി പെണ്‍കുട്ടികളെയാണ് ഓര്‍മ്മ വന്നത്. ആണധികാര സമൂഹത്തില്‍ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന അവഹേളനവും അടിമത്വവും ചിത്രത്തിലൂടെ നന്നായി സംവദിച്ചു എന്നാണ് ശൈലജ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പറയുന്നത്.

കെ.കെ ശൈലജയുടെ കുറിപ്പ്:

ബേസില്‍ ജോസഫിന് അഭിനന്ദനങ്ങള്‍. ഏറെ സാമൂഹ്യ പ്രാധാന്യമുള്ളൊരു വിഷയം നര്‍മത്തില്‍ പൊതിഞ്ഞ് സമൂഹത്തില്‍ അവതരിപ്പിച്ചത് ഏറെ ഉചിതമായി. ഇന്ന് നിലനില്‍ക്കുന്ന ആണധികാര സമൂഹത്തില്‍ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന അവഹേളനവും അടിമത്വവും ചിത്രത്തിലൂടെ നന്നായി സംവദിക്കുന്നു. അതേസമയം ഇത്തരം കുടുംബ പശ്ചാത്തലത്തില്‍ ആണ്‍കുട്ടികളും പലതരത്തിലുള്ള അസ്വസ്ഥതകള്‍ക്ക് വിധേയരാവുന്നു എന്ന വസ്തുതയും ചിത്രം വരച്ചുകാട്ടുന്നുണ്ട്.

അഭിപ്രായ സ്വാതന്ത്ര്യത്തിനും ജീവിതം സ്വയം തിരഞ്ഞെടുക്കുന്നതിനുമുള്ള പെണ്‍കുട്ടികളുടെ അവകാശം പൂര്‍ണമായും നിഷേധിക്കുന്നതാണ് ആണ്‍കോയ്മ സമൂഹത്തിന്റെ സ്വഭാവം. ദര്‍ശനാ രാജേന്ദ്രന്‍ അവതരിപ്പിച്ച കഥാപാത്രം ഈ അടിമത്വത്തിന്റെ നേര്‍ കാഴ്ചയായി. പരാതികളുമായി മുന്നിലെത്തിയ നിരവധി പെണ്‍കുട്ടികളുടെ ചിത്രമാണ് സിനിമ കാണുമ്പോള്‍ മുന്നില്‍ തെളിഞ്ഞുവന്നത്. ഇന്ന് കേരളീയ സമൂഹത്തില്‍ നടക്കുന്ന ഗാര്‍ഹിക പീഠനങ്ങളും ആത്മഹത്യകളും കൊലപാതകങ്ങളുമെല്ലാം ലിംഗ വിവേചനത്തെ അടിസ്ഥാനമാക്കിയുള്ള സാമൂഹ്യ വ്യവസ്ഥിതിയുടെ സൃഷ്ടിയാണ്.

ഈ മേല്‍ക്കോയ്മയുമായി സഹകരിച്ച് കടുത്ത മാനസിക വ്യഥപേറിക്കൊണ്ട് സ്വയം ദുര്‍ബലരായി പ്രഖ്യാപിച്ച് ജീവിതം ജീവിച്ച് തീര്‍ക്കുന്നവരാണ് ഏറെ സ്ത്രീകളും. ഈ സിനിമയിലെ രണ്ട് അമ്മ കഥാപാത്രങ്ങളും പെങ്ങളും ഈ ദയനീയാവസ്ഥയുടെ നേര്‍ ചിത്രമായി മാറി. ഇതോടൊപ്പം തന്നെ ആണധികാര സമൂഹത്തില്‍ കുടുംബ ബന്ധങ്ങളിലുണ്ടാവുന്ന തകര്‍ച്ച ആണ്‍കുട്ടികളുടെ മനസിനെയും എത്രമാത്രം ദുര്‍ബലവും വികൃതവുമാക്കുന്നുവെന്നതിന്റെ തെളിവാണ് ബേസില്‍ അവതരിപ്പിച്ച രാജേഷ് എന്ന കഥാപാത്രം.

സ്വന്തം വ്യക്തിത്വം നഷ്ടപ്പെട്ട ബാല്യ കൗമാരങ്ങള്‍ യൗവ്വനത്തിലേക്ക് പ്രവേശിക്കുമ്പോള്‍ അപകര്‍ഷതാ ബോധം മറച്ചുവയ്ക്കുന്നതിന് സ്വയം സൃഷ്ടിച്ചെടുക്കുന്ന കപട ധീരതയുടെ പ്രതിഫലനമാണ് സ്ത്രീകളോടുള്ള പരിഹാസവും അതിക്രമവുമായി രൂപപ്പെടുന്നത്. അടിമയെ പോലെ വീട്ടിലേക്ക് കൊണ്ടുവരുന്ന ഭാര്യയില്‍ ഈ അസ്വസ്തതകള്‍ മുഴുവന്‍ ആധിപത്യമായി പ്രകടിപ്പിക്കുന്നതിന്റെ ഫലമായാണ് തല്ലി കീഴ്പ്പെടുത്തുക എന്ന മനോഭാവത്തിലേക്ക് നയിക്കുന്നത്. മീശപിരിച്ച് ധീരത നടിക്കുമ്പോഴും ഒരു ചെറിയ പ്രശ്നത്തില്‍ പോലും പതറിപ്പോവുകയും ഭയപ്പെടുകയും ചെയ്യുന്ന ചിലപ്പോള്‍ പ്രതികാര മനോഭാവം കാണിക്കുന്ന യുവാക്കളുടെ ചിത്രം ശരിയായി പകര്‍ത്തിക്കാട്ടാന്‍ ബേസിലിന് കഴിഞ്ഞു.

ഗൗരവമേറിയ ഈ സാമൂഹ്യ പ്രശ്നം നര്‍മത്തില്‍ പൊതിഞ്ഞ് അവതരിപ്പിച്ചപ്പോള്‍ തിയേറ്ററില്‍ തിങ്ങിനിറഞ്ഞ സ്ത്രീകളും പുരുഷന്‍മാരും ഒന്നടങ്കം അതിനെ അംഗീകരിക്കുന്ന രീതിയില്‍ പ്രതികരണങ്ങളുണ്ടായത് ഒരു നല്ല ലക്ഷണമാണ്. മലയാളിയുടെ ആസ്വാദന നിലവാരം പൂര്‍ണമായും താഴ്ന്നുപോയിട്ടില്ല എന്നതിന്റെ സൂചന കൂടിയാണ് അത്. ചില സിനിമകളില്‍ സ്ത്രീകള്‍ക്കെതിരെ ലൈംഗിക ചുവയുള്ള ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തുമ്പോള്‍ തിയേറ്ററില്‍ നിന്നും കൈയ്യടികളുയരുന്നത് അസ്വസ്ഥതയോടെ കാണേണ്ടി വന്നിട്ടുണ്ട്. അത്തരം ഒരു യുവ സമൂഹം അടുത്ത തലമുറയ്ക്ക് നല്‍കുന്ന സന്ദേശം എത്ര വികലമായിരിക്കും എന്നത് ഭയപ്പെടുത്തുന്ന വസ്തുതയാണ്.

കടുത്ത അന്ധവിശ്വാസങ്ങളും ആഭിചാര പ്രക്രിയകളും പ്രചരിപ്പിക്കുന്ന സിനിമകളും നിരുത്സാഹപ്പെടുത്തേണ്ടതുണ്ട് പിഞ്ചു കുഞ്ഞുങ്ങളെ നരബലിക്കായി ചിത്രീകരിക്കുന്നതും മനുഷ്യരക്തം വീഴ്ത്തി ഭീകര ജീവികളെ ഉണര്‍ത്തിക്കൊണ്ടുവരുന്നതുമായ ദൃശ്യങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് കാണുന്നതേയില്ല. ഈ വൈകല്യങ്ങള്‍ക്കിടയിലാണ് കുടുംബസമേതം കാണാനും ആസ്വദിക്കാനും ആശയങ്ങള്‍ ശരിയാംവണ്ണം ഉള്‍ക്കൊള്ളാനും കഴിയുന്ന രീതിയില്‍ നല്ല ഒരു സിനിമ ഒരുക്കിയിരിക്കുന്നത്. ഇതില്‍ അഭിനയിച്ച എല്ലാവരും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. ഇത്തരം ഒരു നല്ല സിനിമ സാമൂഹ്യ പ്രതിബദ്ധതയോടെ അവതരിപ്പിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ച സംവിധായകന്‍ വിപിന്‍ ദാസ് ഉള്‍പ്പെടെ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ