ഭാരത് ജോഡോ യാത്രയിലൂടെ കോണ്‍ഗ്രസ് വീണ്ടും കോണ്‍ഗ്രസായി, അപ്പോഴാണ് വടക്ക് വീണ്ടും കസേരകളി: ആന്റോ ജോസഫ്

രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസ് അണികളില്‍ പുത്തനുണര്‍വ്വ് നല്‍കി മുന്നേറുമ്പോള്‍ വടക്കേ ഇന്ത്യയില്‍ നടക്കുന്ന അധികാര തര്‍ക്കങ്ങള്‍ അനുചിതമെന്ന് ് നിര്‍മ്മാതാവ് ആന്റോ ജോസഫ്.

കോണ്‍ഗ്രസിന്റെ നഷ്ടപ്പെട്ടുപോയ ശക്തിയുടെയും പ്രതാപത്തിന്റെയും വീണ്ടെടുപ്പാണ് രാഹുല്‍ സാധ്യമാക്കുന്നത്. രാജസ്ഥാനില്‍ തുടങ്ങി ഐ ഐ സി സി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിലേക്ക് വരെ നീളുന്ന തര്‍ക്കങ്ങളും അതിന്റെ തുടര്‍ച്ചകളും കാണുമ്പോള്‍ താനുള്‍പ്പെടെയുള്ള സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പറയാന്‍ തോന്നുന്നത് ‘കോണ്‍ഗ്രസ് വീണ്ടും കോണ്‍ഗ്രസായി’ എന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫെയ്‌സ്ബുക്ക് കുറിപ്പ്

മലയാള മനോരമയുടെ എഡിറ്റോറിയല്‍ ഡയറക്ടറായിരുന്ന പ്രമുഖ പത്രപ്രവര്‍ത്തകന്‍ തോമസ് ജേക്കബ്ബ് എഴുതുന്ന ‘കഥക്കൂട്ട്’ എന്ന പംക്തി മുടങ്ങാതെ വായിക്കാന്‍ ശ്രമിക്കാറുണ്ട്. അപാരമായ ഓര്‍മശക്തിയില്‍ കഥയും കൗതുകവും ചരിത്രവുമെല്ലാം ചാലിച്ചാണ് അദ്ദേഹം ഈ രസക്കൂട്ട് ഒരുക്കുന്നത്. അതുകൊണ്ടുതന്നെ അതില്‍ പരാമര്‍ശിക്കപ്പെടുന്ന പല ഓര്‍മകളും നമ്മുടെ മനസ്സിലും പതിയും. പത്രങ്ങളിലെ രസകരമായ തലക്കെട്ടുകളെക്കുറിച്ചുള്ള കുറിപ്പില്‍ തോമസ് ജേക്കബ്ബ് പങ്കുവെച്ച ഒരെണ്ണം ഓര്‍മവരുന്നു. കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ്പോര് ശമിച്ച ഒരുകാലം. ഏറെനാള്‍നീണ്ടു, ആ വെടിനിര്‍ത്തല്‍. പക്ഷേ, അതിനുശേഷം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നാലാംവാര്‍ഷികം ആഘോഷിക്കുന്നതിന്റെ തലേദിവസം വീണ്ടും നേതാക്കളുടെ പ്രസ്താവനായുദ്ധം തുടങ്ങി. അതേക്കുറിച്ചുള്ള വാര്‍ത്തയ്ക്ക് മനോരമ നല്‍കിയ തലക്കെട്ടിനെ തോമസ് ജേക്കബ്ബ് പരിചയപ്പെടുത്തുന്നു:’കോണ്‍ഗ്രസ് വീണ്ടും കോണ്‍ഗ്രസായി’.

രാജസ്ഥാനില്‍ തുടങ്ങി ഐ.ഐ.സി.സിപ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിലേക്ക് നീളുന്ന തര്‍ക്കങ്ങളും അതിന്റെ തുടര്‍ച്ചകളും കാണുമ്പോള്‍ ഞാനുള്‍പ്പെടെയുള്ള സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പറയാന്‍ തോന്നുന്നതും ഈ വാചകം തന്നെയാണ്. ‘കോണ്‍ഗ്രസ് വീണ്ടും കോണ്‍ഗ്രസായി’. ഒരു വശത്ത് രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര അണികളിലും സംഘടനയിലും നവോന്മേഷം ഉണ്ടാക്കി മുന്നേറുമ്പോഴാണ് അങ്ങ് വടക്ക് വീണ്ടും കസേരകളി. രാഹുലിന്റെ യാത്രയിലൂടെ ചുവടുകള്‍ ഒരുമിക്കുകയും രാജ്യം ഒന്നാകുകയും ചെയ്യുമ്പോള്‍ മറ്റൊന്ന് കൂടി സംഭവിക്കുന്നുണ്ട്. അത് കോണ്‍ഗ്രസ് എന്ന സംഘടനയിലേക്കുള്ള രാജ്യത്തിന്റെ പ്രതീക്ഷയര്‍പ്പിക്കലാണ്. രാഹുല്‍ഗാന്ധി നടന്നുപോകുന്നവഴിയില്‍ നിറയുന്നത് ഇന്ത്യയെന്ന രാജ്യത്തിന്റെ വഴിക്കണ്ണുകളാണ്. അദ്ദേഹത്തിന് പിന്നില്‍ വിയര്‍പ്പൊഴുക്കി,വെയിലേറ്റ് നടക്കുന്നത് ഈ നാട്ടിലെ സാധാരണക്കാരാണ്. പ്രസ്ഥാനത്തിന്റെ നഷ്ടപ്പെട്ടുപോയ ശക്തിയുടെയും പ്രതാപത്തിന്റെയും വീണ്ടെടുപ്പുകൂടിയാണ് രാഹുല്‍ സാധ്യമാക്കുന്നത്.

അങ്ങനെ പരിവര്‍ത്തനത്തിന്റെ പാതയിലൂടെ ഒരാള്‍ രാജ്യത്തിന്റെ ഒരറ്റത്തുനിന്ന് മറ്റേയറ്റത്തേക്ക് പദയാത്ര നടത്തുമ്പോള്‍ കേവലമായ അധികാരത്തര്‍ക്കത്തിന്റെ പേരിലുള്ള വടക്കേയിന്ത്യന്‍സര്‍ക്കസ് കോണ്‍ഗ്രസിന് ഒട്ടും ഭൂഷണമല്ല. ‘കോണ്‍ഗ്രസ് വീണ്ടും കോണ്‍ഗ്രസായി’ എന്ന നിരാശ പ്രവര്‍ത്തകരിലുണ്ടാക്കുന്ന തളര്‍ച്ച ചെറുതുമല്ല. ദേശീയനേതൃത്വത്തിന്റെ ഇടപെടല്‍ ഫലംകാണാതെ നീളുമ്പോള്‍ അതിന്റെ ആഘാതം നാള്‍ക്കുനാള്‍ കൂടുന്നു. ഭാരത് ജോഡോ യാത്ര കാശ്മീരില്‍ സമാപിക്കുമ്പോള്‍ ഇന്ത്യ മുഴുവന്‍ കോണ്‍ഗ്രസ് എന്നവികാരത്തിന് കീഴേ ഒരിക്കല്‍ക്കൂടി അണിനിരക്കണമെന്ന കോടിക്കണക്കായ അണികളുടെ ആഗ്രഹത്തിന് വേണം ഹൈക്കമാന്‍ഡ് പ്രഥമപരിഗണ നല്‍കാന്‍. ഇത്തരം പ്രതിസന്ധികള്‍ പലതുനേരിട്ട പാര്‍ട്ടി നേതൃത്വം അതിനനുസരിച്ചുള്ള തീരുമാനം ഉടന്‍ കൈക്കൊള്ളുമെന്നുതന്നെ പ്രതീക്ഷിക്കാം.

Latest Stories

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ