ബിഗ് M's ഒന്നിച്ച ചിത്രം! സിനിമാ പ്രേമികൾ കാത്തിരുന്ന 'പാട്രിയറ്റ്' നാളെ തീയേറ്ററുകളിലേക്ക്..

നീണ്ട പതിനെട്ട് വർഷങ്ങൾക്ക് ശേഷം താരരാജാക്കന്മാരായ മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം നാളെ തീയേറ്ററുകളിൽ എത്താൻ പോവുകയാണ്… മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ‘പാട്രിയറ്റ്’ ആണ് സിനിമാപ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ആ ചിത്രം. മെയ് ഒന്നിന് അതായത് നാളെ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യാനൊരുങ്ങുകയാണ്.

ഏപ്രിൽ 23 നായിരുന്നു ആദ്യം ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. അന്ന് റിലീസ് തീയതി അറിയിച്ചുള്ള പോസ്റ്റർ ഏറെ ശ്രദ്ധയും ചെയ്തിരുന്നു. മോഴ്സ് കോഡിലായിരുന്നു തീയതി ആദ്യം പോസ്റ്ററിലൂടെ അറിയിച്ചിരുന്നത്. ചിത്രത്തിന്റെ ടീസറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് മെയ് 1ലേക്ക് റിലീസ് മാറ്റുകയായിരുന്നു. നാളെ വരാനിരിക്കുന്ന വലിയ ചിത്രങ്ങളിലൊന്നാണ് പാട്രിയറ്റ്. കിടിലൻ ആക്ഷൻ രംഗങ്ങൾ തന്നെയായിരിക്കും ചിത്രത്തിന്റെ ആകർഷണം. ഏറ്റവും മികച്ച സാങ്കേതികപ്രവർത്തകരാണ് ഈ സിനിമയ്ക്കായി ഒന്നിക്കുന്നത്.

മലയാളത്തിൽ ഇന്നേവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. വിവിധ രാജ്യങ്ങളിലെ പത്തിലധികം ഷെഡ്യൂളുകളിലായി ഒരു വർഷത്തിലധികം നീണ്ട ചിത്രീകരണത്തിനൊടുവിലാണ് ‘പാട്രിയറ്റ്’ ഈ വർഷമാദ്യം പൂർത്തിയായത്. ഇന്ത്യ, ശ്രീലങ്ക, യു.കെ, അസർബെയ്ജാൻ, യുഎഇ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിലായിരുന്നു ഷൂട്ടിങ്. ഇന്ത്യയിലെ വൻനഗരങ്ങളായ ഡൽഹി, മുംബൈ, ഹൈദ്രാബാദ്, കൊച്ചി എന്നിവിടങ്ങളാണ് ഈ സിനിമയ്ക്ക് ലൊക്കേഷനായത്. 2024 നവംബർ മാസത്തിൽ ശ്രീലങ്കയിലാണ് ചിത്രീകരണത്തിന് തുടക്കം കുറിച്ചത്.

ഏപ്രിൽ 28-ന് കേരളത്തിൽ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച ചിത്രത്തിൻറെ ടിക്കറ്റുകൾ റെക്കോർഡ് വേഗത്തിൽ വിറ്റഴിച്ചിരുന്നു. കേരളത്തിൽ ബുക്കിംഗ് തുടങ്ങി ആദ്യ 10 മിനിറ്റിനുള്ളിൽ തന്നെ പ്രമുഖ ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ബുക്ക് മൈ ഷോയിലൂടെ 10,000-ത്തിലധികം ടിക്കറ്റുകളാണ് വിറ്റു പോയത്. മണിക്കൂറിൽ 12000 ടിക്കറ്റുകളാണ് ബിഎംഎസ് വഴി വിറ്റു പോയിരുന്നത്. വെറും 42 മിനിറ്റുകൾ കൊണ്ട് 50 ലക്ഷം എന്ന സംഖ്യ പിന്നിട്ട പാട്രിയറ്റ് ആദ്യ 45 മിനിറ്റുകൾക്ക് ശേഷം അമ്പരപ്പിക്കുന്ന ബുക്കിംഗ് റെക്കോർഡുകളിലേക്ക് കുതിക്കുകയും ചെയ്തിരുന്നു. ഗൾഫ് നാടുകളിലും ചിത്രത്തിന് വമ്പൻ വരവേൽപ്പാണ് ലഭിക്കുന്നത്.

ഡോ. ഡാനിയൽ ജെയിംസ് ആയി മമ്മൂട്ടിയും കേണൽ റഹീം നായിക് ആയി മോഹൻലാലും ചിത്രത്തിൽ എത്തുന്നു. രാജ്യസ്നേഹത്തിന്റെ കഥയാണ് ‘പാട്രിയറ്റ്’ പറയുന്നത്. ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ സ്പൈ ത്രില്ലറുകളിലൊന്നാകും ചിത്രം. മമ്മൂട്ടി, മോഹൻലാൽ, എന്നിവർക്കൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര, ദർശന രാജേന്ദ്രൻ, രേവതി, സരിൻ ഷിഹാബ് രാജീവ് മേനോൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ട്വന്റി-20ക്ക് ശേഷം മലയാളത്തിലെ പ്രമുഖതാരങ്ങളെല്ലാം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 2013ൽ പുറത്തിറങ്ങിയ ‘കടൽ കടന്ന് ഒരു മാത്തുക്കുട്ടി’ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി സ്‌ക്രീനിൽ ഒന്നിച്ചത്. അതിഥിവേഷത്തിലാണ് മോഹൻലാൽ എത്തിയത്.

ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ്. ടേക്ക് ഓഫ്, സീ യൂ സൂൺ, മാലിക് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ദേയനാണ് മഹേഷ് നാരായണൻ. സുഷിൻ ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിന് മനുഷ് നന്ദൻ ആണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. സംവിധായകൻ മഹേഷ് നാരായണനും രാഹുൽ രാധാകൃഷ്‌ണനും ചേർന്നാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിക്കുന്നത്. ആൻ്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആൻ്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ് ചിത്രത്തിന്റെ ഓവർസീസ് പാർട്‌ണർ.

Latest Stories

വിവാഹ ഘോഷയാത്രയ്ക്കിടെയുള്ള ഡിജെ സംഗീതം കേട്ട് 140 കോഴികൾ ചത്തു; മരണകാരണം ഹൃദയാഘാതം; ഡിജെക്കെതിരെ കേസെടുത്ത് പൊലീസ്

ഇടതുപക്ഷം ഒരുപാട് സഹായങ്ങള്‍ ചെയ്തു, ചെറിയ ഭൂരിപക്ഷത്തില്‍ എങ്കിലും പിണറായി വീണ്ടും വരുമെന്നാണ് കണക്ക് കൂട്ടലെന്ന് വെള്ളാപ്പള്ളി; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എല്ലായ്‌പ്പോഴും ശരിയല്ല

ചൂടിന്റെ റിപ്പബ്ലിക്ക്: ഡൽഹിയിൽ നിന്ന് കേരളം വരെ കത്തുന്ന തൊഴിലാളികളുടെ ശരീരങ്ങൾ

'എന്റെ തല, എന്റെ ഫിഗര്‍'; പാസ്‌പോര്‍ട്ടില്‍ വരെ സ്വന്തം പടമൊട്ടിക്കാന്‍ ഡൊണാള്‍ഡ് ട്രംപ്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത; സംസ്ഥാനത്ത് വേനല്‍മഴ തുടരും, ഇന്നും നാളേയും വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അതിജീവിതയുടെ മേല്‍ ഗര്‍ഭധാരണം അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല; ബലാത്സംഗത്തെ തുടര്‍ന്നുള്ള ഗര്‍ഭം തുടരാന്‍ നിര്‍ബന്ധിക്കുന്നത് ക്രൂരതയെന്ന് സുപ്രീം കോടതി; ഗര്‍ഭച്ഛിദ്രത്തിന് സമയപരിധി നിശ്ചയിക്കരുത്, 15 വയസുകാരിക്ക് ഗര്‍ഭം നീക്കാന്‍ അനുമതി

ബേപ്പൂരിൽ തോറ്റാൽ മൊട്ടയടിച്ച് കാതിൽ കമ്മലിട്ട് മാനാഞ്ചിറ വഴി നടക്കും, റിയാസ് വെല്ലുവിളിക്ക് തയ്യാറുണ്ടോ?: പി. വി അൻവർ

കാസര്‍കോട് പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു

ഗുജറാത്ത് ലോക്കൽ പോളുകളിൽ കോൺഗ്രസ് ഉയിർത്തെഴുന്നേൽപ്പ്: വോട്ട്ഷെയർ ഉയർത്തി പ്രധാന പ്രതിപക്ഷ പദവി തിരിച്ചുപിടിച്ചു

പ്രധാന എക്‌സിറ്റ് പോളുകളിലെല്ലാം കേരളത്തില്‍ യുഡിഎഫ് വിജയ പ്രവചനം; മനോരമ സീ വോട്ടര്‍ എക്‌സിറ്റ് പോളിലും യുഡിഎഫ് തരംഗം