നടൻ ടിനി ടോമിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് നടി അൻസിബ ഹസൻ. സംഘടനയിൽ നിന്ന് തനിക്ക് നീതി ലഭിക്കാത്ത സാഹചര്യത്തിലാണ് താൻ നേരിട്ട അനീതികൾ മാധ്യമങ്ങളോട് തുറന്നു പറയാൻ തയാറായതെന്ന് അൻസിബ ഹസ്സൻ പറഞ്ഞു. അതേസമയം തൃപ്പൂണിത്തുറ വനിതാ പൊലീസ് സ്‌റ്റേഷനിൽ വച്ച് തനിക്ക് നേരിടേണ്ടിവന്നത് കൊടിയ പീഡനമാണെന്നും അൻസിബ ഹസൻ കൂട്ടിച്ചേർത്തു.
പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അൻസിബ ഹസൻ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. തൃപ്പൂണിത്തുറ വനിതാ പൊലീസ് സ്‌റ്റേഷനിൽ വച്ച് തനിക്ക് നേരിടേണ്ടി വന്നത് കടുത്ത മാനസിക പീഡനവും പക്ഷപാതപരമായ പെരുമാറ്റമാണെന്ന് അൻസിബ പറഞ്ഞു. ഇതിനെതിരെ ആഭ്യന്തര മന്ത്രിക്ക് ഔദ്യോഗികമായി പരാതി നൽകുമെന്നും അൻസിബ പറഞ്ഞു. വനിതാ സ്‌റ്റേഷനിലെ എസ്ഐ രേഷ്‌മ പരാതിക്കാരിയുമായി ഒത്തുകളിച്ച് തന്നെ മൂന്ന് മണിക്കൂറോളം മാനസികമായി പീഡിപ്പിച്ചെന്നും അൻസിബ വെളിപ്പെടുത്തി.
എസ്ഐയുടെ മുന്നിൽ വച്ച് പരാതിക്കാരി തന്നെ പരസ്യമായി തെറിവിളിച്ചിട്ടും പൊലീസ് ഉദ്യോഗസ്ഥ മൗനം പാലിച്ചെന്നും അൻസിബ പറഞ്ഞു. തന്നെ ഭീഷണിപ്പെടുത്തി നിർബന്ധപൂർവം മാപ്പപേക്ഷ എഴുതി വാങ്ങിയ ശേഷം, താൻ ഒപ്പിട്ട പേപ്പറിൽ എസ്ഐ സ്വന്തം ഇഷ്ടപ്രകാരം വരികൾ കൂട്ടിച്ചേർത്ത് രേഖകളിൽ തിരുത്തൽ വരുത്തിയതായും അൻസിബ പറയുന്നു. ഭാവിയിൽ തന്റെ വായടപ്പിക്കാൻ വേണ്ടിയുള്ള ആസൂത്രിത നീക്കമാണ് അവിടെ നടന്നതെന്നും അൻസിബ പറഞ്ഞു.
അതേസമയം ടിനി ടോമിനെതിരെയുള്ള തൻ്റെ ആരോപണങ്ങൾ നടി നീന കുറുപ്പ് ശരിവച്ചിട്ടും, ‘ഒരാളല്ലേ ഇത് കേട്ടിട്ടുള്ളൂ’ എന്ന രീതിയിൽ വിഷയത്തെ നിസ്സാരവൽക്കരിക്കുന്ന സമീപനമാണ് സംഘടനയുടെ പ്രസിഡൻ്റിൽ നിന്നും ഉണ്ടായത്. ഈ പ്രശ്‌നങ്ങളെല്ലാം മുൻപ് തന്നെ അസോസിയേഷനെ അറിയിച്ചിട്ടും മൗനം പാലിച്ച ഭാരവാഹികൾ, ഇപ്പോൾ മാധ്യമ സമ്മർദ്ദം കാരണം മാത്രമാണ് ചർച്ചകൾക്ക് തയ്യാറാകുന്നത്. ഈ സാഹചര്യത്തിൽ സംഘടനയുമായി യാതൊരുവിധ ഒത്തുതീർപ്പുകൾക്കുമില്ലെന്നും നിയമപോരാട്ടവുമായി ഉറച്ചു മുന്നോട്ട് പോകുമെന്നും അൻസിബ പറഞ്ഞു.