നിവിൻ പോളിയെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്ത ചിത്രമാണ് ‘സർവം മായ’. മികച്ച പ്രേക്ഷക പ്രതികരണം നേടി തിയേറ്ററിൽ വിജയക്കുതിപ്പ് തുടരുകയാണ് ചിത്രം. മാത്രമല്ല, ചിത്രത്തിൽ ഡെലൂലു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച റിയ ഷിബുവും ഏറെ പ്രശംസ നേടുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകൻ അഖിൽ സത്യനും പിതാവ് സത്യൻ അന്തിക്കാടിനും നന്ദി അറിയിച്ച് പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് നടി റിയ ഷിബു.
‘പ്രിയപ്പെട്ട അഖിൽ ചേട്ടനും സത്യൻ സാറിനും, എനിക്ക് എന്നിലുള്ള വിശ്വാസത്തേക്കാൾ കൂടുതൽ നിങ്ങൾ രണ്ടുപേരും എന്നെ വിശ്വസിച്ചു. അതുകൊണ്ട് മാത്രമാണ് ഡെലൂലു എല്ലാവരുടെയും മനസിൽ നിറഞ്ഞിരിക്കുന്നത്. ഇതിന് ഞാൻ എന്നും നിങ്ങളോട് കടപ്പെട്ടിരിക്കും. സ്വന്തം കുട്ടിയെപ്പോലെ എന്നെ നോക്കിയതിന് ഒരുപാട് നന്ദി. അന്തിക്കാട് ‘യൂണിവേഴ്‌സി’നൊപ്പം പ്രവർത്തിക്കുന്നത് കുടുംബത്തിനൊപ്പം സമയം ചെലവിടുന്നതുപോലെയാണ്’- റിയ കുറിച്ചു.